ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതകരിച്ചിരിക്കുകയാണ് സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി. രഞ്ജി ട്രോഫി മത്സരത്തിനിടയില്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിയുന്നത്ര കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തന്റെ കളി മെച്ചപ്പെടുത്താനും കഴിവുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സീസണ്‍ മുഴുവന്‍ കളിക്കുന്നത് തനിക്ക് വളരെ പ്രധാനമാണെന്നും ഭാവിയില്‍ വരുന്ന ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറെടുക്കാന്‍ അത് തന്നെ സഹായിക്കുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എപ്പോഴും പോസിറ്റീവായ മനോഭാവത്തോടെയാണ് മുന്നോട്ടുപോകുന്നത്. കളിക്കുന്ന ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. കഴിയുന്നത്ര കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ശാരീരികമായ താളം നിലനിര്‍ത്താനും എന്റെ കളി മെച്ചപ്പെടുത്താനും കഴിവുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കാനും സഹായിക്കും. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിലാണ്. കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് എന്റെ പരമാവധി നല്‍കുക എന്നതിലുപരി എനിക്ക് മറ്റെന്താണ് ചെയ്യാനാകുക?

ഞാന്‍ എന്റെ കളിയില്‍ മാത്രമാണ് പൂര്‍ണമായും ശ്രദ്ധിക്കുന്നത്. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് സമയം കളയാറില്ല.
സോഷ്യല്‍ മീഡിയയില്‍ നിന്ന് ഞാന്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. അതില്‍ അധികസമയം ചെലവഴിച്ച് സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പകരം, മൈതാനത്ത് കൂടുതല്‍ സമയം ചെലവഴിക്കാനും പരിശീലന സെഷനുകളില്‍ കഠിനാധ്വാനം ചെയ്യാനും ഈ സീസണില്‍ കഴിയുന്നത്ര മത്സരങ്ങള്‍ കളിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഞാന്‍ എന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമിക്കുന്നുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുമുണ്ട്. അതിനപ്പുറം എന്ത് സംഭവിക്കണം, എന്ത് സംഭവിക്കരുത് എന്നതെല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഇപ്പോള്‍ ആഭ്യന്തര സീസണ്‍ മുഴുവന്‍ കളിക്കുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. എന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനും കളി കൂടുതല്‍ മികവുറ്റതാക്കാനും ഭാവിയില്‍ വരുന്ന ഏത് വെല്ലുവിളിയെയും നേരിടാന്‍ തയ്യാറെടുക്കാനും അത് എന്നെ സഹായിക്കും,’ ഷമി എ.എന്‍.ഐയോട് പറഞ്ഞു.
നിലവില്‍ 2026-27 രഞ്ജി ട്രോഫി സീസണില്‍ അഞ്ച് വിക്കറ്റാണ് ഷമി നേടിയത്. രഞ്ജി ട്രോഫി സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 16 വിക്കറ്റും വിജയ് ഹസാരെ ട്രോഫിയിലെ അഞ്ച് മത്സരത്തില്‍ നിന്ന് 11 വിക്കറ്റും കഴിഞ്ഞ സീസണില്‍ വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി 2023ലെ ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഷമി നടത്തിയതും. ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ഏഴ് വിക്കറ്റുകള്‍ താരം നേടിയിരുന്നു.
ന്യൂസിലാന്‍ഡിലെ ടി-20 പരമ്പരയ്ക്കായി സെലക്ടര്‍മാര്‍ അടുത്തിടെ പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ തെരഞ്ഞെടുത്തെങ്കിലും ഷമിക്ക് അവസരം ലഭിക്കാതെ പോയതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്.
Content Highlight: Mohammed Shami Talking About His Comeback In Indian Team
