കൊല്‍ക്കത്ത: പുതിയതായി പുറത്തിറങ്ങാനൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം രാമായണ വെസ്റ്റ് ബംഗാളില്‍ നികുതി രഹിതമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നടന്ന ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കവെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ രണ്‍ബീര്‍ കപൂര്‍, യാഷ് എന്നിവരോടൊപ്പമായിരുന്നു സുവേന്ദു പരിപാടിയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പുരാണങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം വര്‍ധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാമയണം സിനിമ നികുതി രഹിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദി കേരള സ്റ്റോറി, ദി കശ്മീര്‍ ഫയല്‍സ്, ദി ബംഗാള്‍ ഫയല്‍സ് തുടങ്ങിയ സിനിമകള്‍ക്കെല്ലാം നികുതിയിളവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വരും നാളുകളില്‍ ശ്രീകൃഷ്ണനേയും അര്‍ജുനനേയും മഹാഭാരതത്തെയും കുറിച്ചുള്ള സിനിമകള്‍ നമ്മള്‍ കാണും,’ ബി.ജെ.പി നേതാവ് പറഞ്ഞു.

നിര്‍മാതാവ് നമിത് മല്‍ഹോത്ര രാമായണ സിനിമാറ്റിക് യൂണിവേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സുവേന്ദുവിന്റെ പരാമര്‍ശം. ഹനുമാനെ കേന്ദ്ര കഥാപാത്രമാക്കി സണ്ണി ഡിയോളിനെ നായകനാക്കി ഒരു സ്വതന്ത്ര്യ ചിത്രം ഉള്‍പ്പെടെ നിരവധി സ്പിന്‍ ഓഫ് ചിത്രങ്ങളാണ് ഈ യൂണിവേഴ്‌സില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ദസറ ആഘോഷത്തിനായി കൊല്‍ക്കത്തയിലേക്ക് തങ്ങളെ സ്വാഗതം ചെയ്തതിന് മുഖ്യമന്ത്രിക്കും ജനങ്ങള്‍ക്കും രണ്‍ബീര്‍ കപൂര്‍ നന്ദി പറഞ്ഞു. ‘കൊല്‍ക്കത്ത എന്ന ഈ പുണ്യ ഭൂമിയില്‍ വന്ന് നിങ്ങളോടൊപ്പം ദസറ ആഘോഷിക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും ഭാഗ്യവുമാണ് രണ്‍ബീര്‍ പറഞ്ഞു. രാവണനായി അഭിനയിക്കുന്ന യഷും ചടങ്ങില്‍ സംസാരിച്ചു. കൊല്‍ക്കത്തയുമായുള്ള തന്റെ പഴയ കാല ബന്ധവും അദ്ദേഹം ഓര്‍ത്തെടുത്തു.

Content Highlight: Glad to see an increase in the number of films based on Indian mythology; no tax on ‘Ramayana’: Suvendu Adhikari