ഇന്ത്യ-ന്യൂസിലാൻഡ് ഓൾ ഫോർമാറ്റ് പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാൻഡിലെത്തി കളിക്കുക. ഒക്ടോബർ 22നാണ് ടി-20 പരമ്പരക്ക് തുടക്കമാവുന്നത്.
ആദ്യ ടി-20 മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ.
വൈഭവ് അവസരത്തിന് വേണ്ടി ഇനിയും കാത്തിരിക്കണമെന്നാണ് അയ്യർ പറഞ്ഞത്. സഞ്ജു സാംസണും അഭിഷേക് ശർമയും ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നതിനാൽ വൈഭവിന് ടീമിൽ ഇപ്പോൾ ഇടം നേടാൻ സാധിക്കില്ലെന്നും അയ്യർ വ്യക്തമാക്കി. ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
‘അവനെ പോലെ കഴിവുള്ള ഒരു താരം ഡ്രസിങ് റൂമിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. അവൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. ടീമിൽ അവസരം ലഭിക്കാനായി ഇനിയും കാത്തിരിക്കണം. ഇപ്പോൾ ടീമിൽ നേരിട്ട് ഇടം നേടാൻ സാധിക്കില്ല. കാരണം നമ്മുടെ ഓപ്പണർമാർ സ്ഥിരതയോടെ റൺസ് നേടുന്നുണ്ട്. അവർ നമുക്ക് ലോകകപ്പ് നേടി തന്നിട്ടുമുണ്ട്. വിദേശത്ത് വരുമ്പോൾ ഇവിടെയുള്ള സാഹചര്യങ്ങളിൽ എങ്ങനെയാണ് കളിക്കേണ്ടത് എന്നതിനെക്കുറിച്ച് അവന് മനസിലാക്കാൻ സാധിക്കും. അതിനാൽ അടുത്ത തവണ ഇത്തരം സാഹചര്യങ്ങളിൽ കളിക്കാനെത്തുമ്പോൾ അവൻ കൂടുതൽ നന്നായി തയ്യാറെടുത്തിട്ടുണ്ടാവും,’ ശ്രേയസ് അയ്യർ പറഞ്ഞു.
ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയ വൈഭവ് ജൂലൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിലെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് കൈപ്പിടിയിലാക്കിയതും 15കാരൻ ആയിരുന്നു.
സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് അർധ സെഞ്ച്വറി അടക്കം 151 റൺസാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പിറന്നത്. എന്നാൽ പിന്നീട് താരത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല. വിൻഡീസിനെതിരായ പരമ്പരയിൽ സ്ക്വാഡിലുണ്ടായിരുന്നെങ്കിലും താരത്തിന് കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. നിലവിലെ ടോപ് ഓർഡർ ബാറ്റർമാർ മികച്ച പ്രകടനം നടത്തുന്നതിനാൽ വൈഭവ് ഇനിയും കാത്തിരിക്കേണ്ടി വരും.

അതേസമയം വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് ശ്രേയസ് അയ്യരും സംഘവും കിവീസ് പരമ്പരക്ക് ഒരുങ്ങുന്നത്. ബെംഗളൂരുവിൽ നടന്ന അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് പരമ്പര സമനിലയിൽ അവസാനിച്ചത്. ന്യൂസിലാൻഡിൽ ശ്രേയസ് അയ്യരും സംഘവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടി-20 സ്ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Content Highlight: Shreyas Iyer talks about the possibility of Vaibhav Suryavanshi playing in the Indian playing eleven
