രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഉത്തര്‍ പ്രദേശ് സൂപ്പര്‍ താരം റിങ്കു സിങ്ങിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. 2026ലെ ടി-20 ലോകകപ്പിനുള്ള ടീമില്‍ ഉണ്ടായിരുന്നിട്ടും റിങ്കു സിങ്ങിനെ എന്തുകൊണ്ടാണ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.
നിസ്വാര്‍ത്ഥനായ കളിക്കാരനാണ് റിങ്കുവെന്നു ആരും താരത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന റിങ്കുവിനെ ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇവിടെ റിങ്കു സിങ്ങിന്റെ കാര്യം വളരെ രസകരമാണ്. 2026ലെ ടി-20 ലോകകപ്പിനുള്ള ടീമില്‍ അവന് ഉണ്ടായിരുന്നു എന്നത് ഓര്‍ക്കണം. ലഭിച്ച പരിമിതമായ അവസരങ്ങളില്‍ പോലും അവന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടീം അവനോട് എന്ത് ആവശ്യപ്പെട്ടാലും, അത് കൃത്യമായി നിറവേറ്റുന്ന താരമാണ് അവന്.

ഇന്ത്യൻ താരം റിങ്കു സിംഗ്
അഞ്ചാം നമ്പറിലായാലും ആറാം നമ്പറിലായാലും ഏഴാം നമ്പറിലായാലും, എപ്പോഴും ടീമിന്റെ ആവശ്യത്തിന് മുന്‍ഗണന നല്കുന്ന നിസ്വാര്‍ത്ഥനായ കളിക്കാരനാണ് റിങ്കു. എന്നിട്ടും എന്തുകൊണ്ടാണ് ആരും അവനെക്കുറിച്ച് സംസാരിക്കാത്തത്? എന്തുകൊണ്ടാണ് അവനെ ടി-20 ടീമില്‍ നിന്ന് ഒഴിവാക്കിയത്? അതിന് വ്യക്തമായ കാരണമൊന്നും പറഞ്ഞിട്ടില്ല, അവനോട് വിശദീകരണം നല്‍കിയതായും അറിയില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ അവന് അനായാസം സെഞ്ച്വറികള്‍ നേടിക്കൊണ്ടിരിക്കുകയാണ്. 60ന് മുകളിലുള്ള ബാറ്റിങ് ശരാശരിയും അവനുണ്ട്, അത് എക്കാലത്തെയും മികച്ച ശരാശരികളിലൊന്നാണ്.
ഇന്ത്യന്‍ ടീം മാനേജ്മെന്റ് റിങ്കുവിനെ ഒരു വൈറ്റ് ബോള്‍ ക്രിക്കറ്റ് താരമായി മാത്രമാണ് കാണുന്നതെന്ന് തോന്നുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ നല്കുന്നില്ലെങ്കില്, ടെസ്റ്റ് ക്രിക്കറ്റിലെങ്കിലും അവന് അവസരം നല്‍കിക്കൂടേ? ഒരു താരത്തിന്റെ കഴിവും പ്രകടനവും പരിഗണിക്കുമ്പോള്‍, റിങ്കുവിന് വേണ്ടത്ര പരിഗണന ലഭിക്കാത്തത് തീര്‍ച്ചയായും അനീതിയാണ്,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യൻ താരം റിങ്കു സിംഗ്
രഞ്ജി ട്രോഫിയില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായിമുന്നേറുകയാണ് ഇന്ത്യന്‍ സൂപ്പര്‍താരം റിങ്കു സിങ്. ഗോവക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഉത്തര്‍പ്രദേശ് താരം തിളങ്ങിയത്. സീസണില്‍ കഴിഞ്ഞ ആറ് ഇന്നിങ്സില്‍ നിന്ന് നാല് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ശക്തമായ മുന്നറിയിപ്പാണ് താരം നല്‍കിയത്.
ഗോവക്കെതിരായ മത്സരത്തില്‍ അഞ്ചാമനായി കളത്തില്‍ ഇറങ്ങിയത് റിങ്കു 186 പന്തില്‍ നിന്ന് രണ്ട് സിക്സും 11 ഫോറും ഉള്‍പ്പെടെ 118 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയ്ക്ക് ശേഷം ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു റിങ്കു. കഴിഞ്ഞ മത്സരത്തില്‍ ബീഹാറിനെതിരെ 168 പന്തില്‍ നിന്ന് 112 റണ്‍സും താരം നേടിയിരുന്നു. അതേസമയം ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന റിങ്കുവിനെ ഇന്ത്യ വരാനിരിക്കുന്ന പരമ്പരകളില്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.
Content Highlight: Aakash Chopra Supports Indian Player Rinku Singh
