ജനപ്രിയ ഭക്തിഗാന ആലാപനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ തരംഗമായി മാറിയ കൂട്ടായ്മയാണ് നന്ദഗോവിന്ദം ഭജൻസ്. പരമ്പരാഗത ക്ഷേത്രച്ചടങ്ങുകൾക്കും ചട്ടക്കൂടുകൾക്കും അപ്പുറത്തേക്ക് ഭക്തിയെ ജനകീയ സംഗീതമായി ചെറുപ്പക്കാരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കാൻ ഇവർക്ക് സാധിച്ചു. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളും സംഘപരിവാർ അനുകൂല ഓൺലൈൻ ചാനലുകളും നന്ദഗോവിന്ദം ഭജൻസിനെ വിടാതെ പിന്തുടർന്ന് ആക്രമിക്കുകയാണ്.ഒരു ക്ഷേത്രോത്സവ വേദിയിൽ ക്രിസ്തീയ ഭക്തിഗാനം പാടിയതുമായി ബന്ധപ്പെട്ടു തുടങ്ങിയ സൈബർ വിചാരണകൾ, ഇപ്പോൾ കാനഡ ടൂറിലെ സംഘാടകരുമായുള്ള തർക്കങ്ങളിലേക്ക് എത്തിനിൽക്കുമ്പോൾ പ്രകടമാകുന്നത് കലയെയും കലാകാരന്മാരെയും സ്വന്തം സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്ക് വഴങ്ങാൻ നിർബന്ധിക്കുന്ന സദാചാര-രാഷ്ട്രീയ കടന്നാക്രമണങ്ങളുടെ വ്യക്തമായ ചിത്രമാണ്.

 

1. ക്രിസ്തീയ ഭക്തിഗാന വിവാദവും സംഘപരിവാർ വിദ്വേഷ പ്രചാരണങ്ങളും

വേടൻ ഉൾപ്പെടെയുള്ള ജനകീയ പ്രതിരോധങ്ങളും സമാന്തര സംസ്കാരങ്ങളും പുതിയ തലമുറയെ സ്വാധീനിച്ച കാലഘട്ടത്തിൽ, യുവാക്കളെ തിരികെ ഹൈന്ദവതയിലേക്ക് ആകർഷിക്കാൻ മറുവശത്ത് ഹിന്ദുത്വവാദികൾ തന്നെ ഉയർത്തിക്കാട്ടിയ കൂട്ടായ്മയായിരുന്നു നന്ദഗോവിന്ദം ഭജൻസ്. എന്നാൽ, കോട്ടയത്ത് നടന്ന ഒരു ക്ഷേത്ര പരിപാടിയോടെ ഈ സമവാക്യങ്ങൾ ആകെ മാറിമറിഞ്ഞു.

താൻ പഠിച്ചത് ഒരു ക്രൈസ്തവ വിദ്യാലയത്തിലാണെന്നും, അന്ന് പാട്ട് കേൾക്കാൻ തന്റെ അധ്യാപികമാരായ ക്രൈസ്തവ വിശ്വാസികൾ ആ വേദിയിൽ എത്തിയിരുന്നുവെന്നും പ്രധാന ഗായകനായ നവീൻ മോഹൻ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ക്ഷേത്രത്തിലെ ആ പരിപാടിയുടെ വാഹന പാർക്കിങ്ങിനായി തുറന്നുകൊടുത്തത് തൊട്ടടുത്തുള്ള പള്ളിയുടെ സ്ഥലമായിരുന്നു. എല്ലാ മതവിഭാഗങ്ങളും ഒത്തുചേർന്ന അത്തരം ഒരു സൗഹൃദ അന്തരീക്ഷത്തിലാണ്, തന്റെ വ്യക്തിപരമായ താല്പര്യവും നന്ദിയും അറിയിച്ചുകൊണ്ട് മോഹൻ സിതാരയുടെ സംഗീതത്തിൽ കെ.ജെ. യേശുദാസ് ആലപിച്ച പ്രശസ്തമായ ഈ പരദേവനാ ഹോ… എന്ന ഗാനം നവീൻ ക്ഷേത്രവേദിയിൽ ആലപിക്കുന്നത്.

എന്നാൽ, ഈ സൗഹാർദ്ദപരമായ ആലാപനം വലതുപക്ഷ ഹിന്ദുത്വ പ്രൊഫൈലുകളെ വല്ലാതെ പ്രകോപിപ്പിച്ചു.

ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം പാടിയെന്ന് ആക്രോശിച്ചുകൊണ്ട് ‘നന്ദഗോവിന്ദം’ എന്ന പേരിനെപ്പോലും അങ്ങേയറ്റം വികൃതമാക്കി ‘നന്ദ കുന്തിരിക്കം ഭജൻസ്’ എന്ന് വിളിച്ച് വലിയ തോതിലുള്ള അധിക്ഷേപങ്ങളാണ് ഇവർക്കെതിരെ അഴിച്ചുവിട്ടത്. ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷയായിരുന്ന കെ.പി. ശശികല “ചിക്കൻ മസാല സാമ്പാറിലും പായസത്തിലും ഇടാൻ പറ്റുമോ” എന്ന ഹീനമായ വാക്കുകൾ ഉപയോഗിച്ചാണ് അന്ന് ഇവരെ പൊതുമധ്യത്തിൽ അപമാനിച്ചത്.

പരമപവിത്രമായ ക്ഷേത്രമുറ്റത്ത് അന്യമത ഗാനം പാടി ആചാരങ്ങളെ അവഹേളിച്ചു എന്നാരോപിച്ച് നവീൻ ഉൾപ്പെടെയുള്ള കലാകാരന്മാർക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് അന്ന് അരങ്ങേറിയത്.
എന്നാൽ ഈ കടുത്ത സൈബർ വേട്ടയാടലുകൾക്ക് മുന്നിൽ പതറാതെ, സംഗീതത്തിന് അതിർവരമ്പുകൾ നിശ്ചയിക്കാൻ ആർക്കും അവകാശമില്ലെന്ന ഉറച്ച മാനവിക നിലപാടാണ് നന്ദഗോവിന്ദം ഭജൻസ് സ്വീകരിച്ചത്. തങ്ങളുടെ സംഘത്തിൽ ഹിന്ദുക്കൾ മാത്രമല്ല ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട് എന്നും, ഏത് രാഷ്ട്രീയത്തിലുള്ളവരും ഈശ്വരവിശ്വാസമില്ലാത്ത നിരീശ്വരവാദികൾ പോലും തങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്ന അവർ പറഞ്ഞു. സമൂഹത്തിൽ ഏറ്റവും വലിയ പ്രശ്നം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള അടിയും വഴക്കുകളുമാണെന്നും, എന്നാൽ തങ്ങൾ മുന്നോട്ട് വെക്കുന്നത് പോസിറ്റിവിറ്റിയും ഐക്യവുമാണെന്നും നന്ദഗോവിന്ദം ഭജൻസ് മറുപടി നൽകി. തങ്ങൾ ഏതെങ്കിലും പ്രത്യേക വർഗീയ സംഘടനകളുടെയോ സങ്കുചിത രാഷ്ട്രീയത്തിന്റെയോ ചട്ടുകങ്ങളാവാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഇവരെ പൂർണ്ണമായും ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.

 

2. കാനഡ പര്യടനവും പുതിയ വിവാദങ്ങളും

നന്ദഗോവിന്ദം ഭജൻസിനെതിരെ മറുനാടൻ മലയാളിയും ഇന്ത്യ ലൈവും ഉന്നയിച്ച വാദങ്ങൾ പ്രധാനമായും കാനഡയിലെ പ്രാദേശിക സംഘാടകരായ ‘നമഹ’യുടെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
മറുനാടൻ മലയാളിയിൽ ഷാജൻ സ്കറിയ വിശദീകരിച്ചത് മുൻപ് ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയതിന്റെ പേരിൽ തീവ്ര ഹിന്ദുത്വവാദികൾ ഈ സംഘത്തെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ താൻ അവരെ പിന്തുണച്ചിരുന്നു എന്നാണ്. എന്നാൽ കാനഡയിൽ ഇവർ കാണിച്ചത് തികഞ്ഞ സാമ്പത്തിക വഞ്ചനയും ആർത്തിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. ത്രിവേണി ഫിനാൻസുമായി കരാറുണ്ടാക്കി എഡ്മണ്ടനിലെ പരിപാടി നമഹ ഏറ്റെടുത്തത് കാൽഗരിയിലെ മലയാളികളെക്കൂടി പ്രതീക്ഷിച്ചാണ്. എന്നാൽ ആ പരിപാടി കഴിഞ്ഞ ഉടൻ തന്നെ സംഘാംഗമായ പ്രവീൺ ആനന്ദ് കാൽഗരിയിൽ മറ്റൊരു സമാന്തര ഷോ പ്രഖ്യാപിച്ചു. എഡ്മണ്ടനിൽ ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് എത്തിയ കാൽഗരിക്കാർ വഞ്ചിക്കപ്പെടാൻ ഇത് കാരണമായി. കാൽഗരി ഷോ റദ്ദാക്കിയെന്ന് മുൻപ് ഉറപ്പ് നൽകിയ ശേഷം രഹസ്യമായി ഹാൾ ബുക്ക് ചെയ്ത് പരിപാടി നടത്തിയത് വിസ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും, കാനഡ ഇമിഗ്രേഷൻ വകുപ്പിന് നൽകിയ പരാതി ഇവരുടെ ഭാവി വിദേശയാത്രകളെ പ്രതികൂലമായി ബാധിക്കുമെന്നും ഷാജൻ സ്കറിയ ആരോപിക്കുന്നു.

ഇന്ത്യ ലൈവിൽ വാടയാർ സുനിൽ കൂടുതൽ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നന്ദഗോവിന്ദം ഭജൻസ് ഹിന്ദുക്കളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരു സംഘമാണെന്നും, കാനഡയിലെ ഹിന്ദു സംഘടനയായ നമഹയെ ഇവർ പറ്റിച്ചെന്നും അദ്ദേഹം പറയുന്നു. വിസ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി പരിപാടി നടത്തി പണം പിരിച്ചതിനും കള്ളപ്പണം വെളുപ്പിക്കൽ സംശയിച്ചതിനും നമഹ കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കാനഡയിലെ ഒരു എം.പിയുടെ സ്വാധീനം ഉപയോഗിച്ച് ഇവർക്ക് വിസ സംഘടിപ്പിച്ചു നൽകിയത് നമഹയാണെന്നും ആ സംഘടനയുടെ നെഞ്ചത്താണ് ഇവർ കുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതുകൂടാതെ ഇവരുടെ ഭക്ഷണശീലങ്ങളെയും സ്വഭാവരീതികളെയും വ്യക്തിപരമായി കടന്നാക്രമിക്കുന്ന പരാമർശങ്ങളും സുനിൽ നടത്തി. ഭക്തിഗാനം പാടുന്ന ഇവർ സ്റ്റേജിൽ കയറുന്നതിന് മുൻപ് നോൺവെജ് ആവശ്യപ്പെടാറുണ്ടെന്നും, ചിക്കൻ ബിരിയാണി വരുത്തിച്ച ശേഷം അത് കഴിക്കാതെ പ്രശ്നമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംഘാടകർ സ്നേഹത്തോടെ നൽകിയ പൊന്നാട സ്റ്റേജിൽ വലിച്ചെറിഞ്ഞെന്നും, വിൻസോറിൽ വെച്ച് നൽകിയ കരകൗശല മെമന്റോ ഹോട്ടലിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു പോയെന്നും ആരോപിച്ചു. പ്രധാന ഗായകനായ നവീൻ മോഹൻ എഡ്മണ്ടനിൽ തന്റെ ബന്ധുവിന് ടിക്കറ്റില്ലാതെ പ്രവേശനം നൽകണമെന്നും പാടാൻ അവസരം നൽകണമെന്നും പറഞ്ഞ് ബഹളമുണ്ടാക്കിയെന്നും പരിപാടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുനിൽ ആരോപിച്ചു. മുൻപ് ബാംഗ്ലൂർ പാലസ് ഗ്രൗണ്ടിൽ ടെക്നിക്കൽ പ്രശ്നത്തിന്റെ പേരിൽ സംഘാടകരെ പരസ്യമായി അപമാനിച്ചതും, ക്രിസ്തീയ ഗാന വിവാദത്തിൽ വിമർശിച്ച ഹൈന്ദവ വിശ്വാസികളോട് അഹങ്കാരത്തോടെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതും ചൂണ്ടിക്കാട്ടി ഇവർ കപട ഭക്തി കാണിക്കുന്ന കച്ചവടക്കാരാണെന്നാണ് ഇന്ത്യ ലൈവിന്റെ വാദം.

3. വസ്തുതകളും നന്ദഗോവിന്ദം ഭജൻസിന്റെ പ്രതികരണവും

കാനഡയിലെ എഡ്മണ്ടൻ പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ് സംഘം വിശദമായ വീഡിയോ പ്രതികരണം പുറത്തുവിട്ടു. കാനഡയിൽ നിന്ന് 16 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ശേഷം സിംഗപ്പൂരിൽ എത്തിയ ഉടൻ തന്നെയായിരുന്നു സംഘത്തിന്റെ പ്രതികരണം. മുൻപും തങ്ങൾക്കെതിരെ നിരന്തരം വ്യക്തിഹത്യകളും വ്യാജ ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും സ്വന്തം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചതെന്നും, എന്നാൽ പുതിയ സാഹചര്യത്തിൽ തങ്ങളെ സ്നേഹിക്കുന്ന ആളുകൾക്ക് മുന്നിൽ വസ്തുതകൾ ബോധ്യപ്പെടുത്തേണ്ടത് കടമയാണെന്നും സംഘം വ്യക്തമാക്കി.

ത്രിവേണി ഫൈൻ ആർട്സുമായി ചേർന്ന് ഏഴ് പരിപാടികളാണ് കാനഡയിൽ ഔദ്യോഗികമായി നിശ്ചയിച്ചിരുന്നതെന്നും, കൂടാതെ സംഘാംഗമായ പ്രവീൺ താമസിക്കുന്ന സ്ഥലമായതുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്പര്യപ്രകാരം കാൽഗരിയിൽ ഒരു പരിപാടി കൂടി അധികമായി നിശ്ചയിക്കുകയായിരുന്നുവെന്നും അവർ വിശദീകരിച്ചു. ഈ കാൽഗരി ഷോ പ്രവീണിന്റെ വ്യക്തിഗത പേജിൽ പ്രഖ്യാപിച്ച ഉടൻ തന്നെ എഡ്മണ്ടനിലെ സംഘാടകരായ ‘നമഹ’ ത്രിവേണി ഫൈൻ ആർട്സുമായി ബന്ധപ്പെട്ട് വിയോജിപ്പ് അറിയിക്കുകയാണുണ്ടായത്. തുടർന്ന് എഡ്മണ്ടനിലെ ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുതീർന്ന ശേഷം മാത്രമേ കാൽഗരി പരിപാടി പരസ്യപ്പെടുത്താവൂ എന്ന് അവർ ആവശ്യപ്പെടുകയും, സൗഹൃദം നിലനിർത്താൻ വേണ്ടി ആ പോസ്റ്റ് താൽക്കാലികമായി പിൻവലിക്കുകയുമായിരുന്നു. എഡ്മണ്ടനിലെ ടിക്കറ്റ് വിറ്റഴിഞ്ഞ ശേഷം വീണ്ടും ബന്ധപ്പെട്ടപ്പോൾ, സെപ്റ്റംബർ 26-ലെ പരിപാടി കഴിഞ്ഞ ശേഷം വേദിയിൽ വെച്ചുതന്നെ കാൽഗരി ഷോ അനൗൺസ് ചെയ്യാമെന്നാണ് നമഹ ഭാരവാഹികൾ വാക്കാൽ പറഞ്ഞത്. എന്നാൽ വേദി ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കാത്തതിനാൽ പരിപാടി പൂർത്തിയായ ശേഷമാണ് പ്രവീണിന്റെ പേജിലൂടെ വീണ്ടും അനൗൺസ് ചെയ്തത്.

എഡ്മണ്ടനും കാൽഗരിയും തമ്മിൽ 300 കിലോമീറ്ററിലധികം ദൂരമുണ്ടെന്നും അടുത്തടുത്ത നഗരങ്ങളല്ലെന്നും അവർ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കുന്നതുവരെ കാൽഗരി പരിപാടിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നു എന്ന നമഹയുടെ വാദം തികച്ചും കളവാണെന്നും, അന്ന് രാവിലെ നമഹ സെക്രട്ടറി അജയുമൊത്ത് കാറിൽ യാത്ര ചെയ്യുമ്പോൾ പോലും കാൽഗരിയിലെ കാര്യങ്ങൾ സംസാരിക്കുകയും അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്തിരുന്നതായും സംഘം വ്യക്തമാക്കി. ത്രിവേണി ഫൈൻ ആർട്സും നമഹയും തമ്മിലുണ്ടാക്കിയ കരാർ രേഖകൾ പുറത്തുവിട്ടുകൊണ്ട്, എഡ്മണ്ടൻ നഗരത്തിൽ പരിപാടി സംഘടിപ്പിക്കാനുള്ള അവകാശം മാത്രമാണ് നമഹയ്ക്കുള്ളതെന്നും മറ്റൊരു നഗരത്തിലെ പരിപാടിയെ തടയാൻ അവർക്ക് യാതൊരു നിയമപരമായ അവകാശവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

പരിപാടി നടന്ന എഡ്മണ്ടനിൽ സംഘാടകർ തികച്ചും പ്രതികൂലമായ അന്തരീക്ഷമാണ് ഉണ്ടാക്കിയതെന്നും നന്ദഗോവിന്ദം സംഘം ആരോപിച്ചു. സാധാരണയായി രണ്ടു മണിക്കൂർ സൗണ്ട് ചെക്കിങ് ആവശ്യമുള്ളിടത്ത് ഒരു മണിക്കൂർ പോലും അനുവദിച്ചില്ല. ഇതേക്കുറിച്ച് സെക്രട്ടറിയോട് സംസാരിച്ചപ്പോൾ ‘വേണമെങ്കിൽ ചെയ്തിട്ട് പോയാൽ മതി’ എന്ന നിഷേധാത്മകമായ സമീപനമാണ് ലഭിച്ചത്. പ്രധാന ഗായകനായ നവീന്റെ ബന്ധുക്കൾക്ക് വേണ്ടി മുൻകൂട്ടി വാഗ്ദാനം ചെയ്ത രണ്ട് ടിക്കറ്റുകൾ പോലും പിന്നീട് നിഷേധിക്കുകയും അവർക്ക് വേദിയിൽ പ്രവേശനം നൽകാതിരിക്കുകയും ചെയ്തു. മാത്രമല്ല, കാനഡയിലെ മറ്റ് വേദികളിലെല്ലാം പ്രേക്ഷകരുമായി സംവദിക്കാനും ഫോട്ടോയെടുക്കാനും അവസരം നൽകിയപ്പോൾ, എഡ്മണ്ടനിൽ മാത്രമാണ് ആസ്വാദകരെ ഒപ്പം നിന്ന് ഒരു സെൽഫി പോലും എടുക്കാൻ അനുവദിക്കാതെ ഹാളിൽ നിന്ന് ഉടൻ ഇറക്കിവിട്ടത്.

ഇത്തരം തിക്താനുഭവങ്ങൾ ഉണ്ടായെങ്കിലും പ്രേക്ഷകരെ മുൻനിർത്തി ഏറ്റവും മികച്ച രീതിയിൽ തന്നെ വേദിയിൽ പെർഫോം ചെയ്യുകയും ആദരവുകൾ പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്ത ശേഷമാണ് അവിടെനിന്ന് മടങ്ങിയത് എന്ന് അവർ പറഞ്ഞു.

തങ്ങൾക്കെതിരെ പ്രചരിക്കുന്ന ഇമിഗ്രേഷൻ ലംഘനങ്ങളും കള്ളപ്പണ ആരോപണങ്ങളും പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി. കാനഡയിലെ ടൂർ സ്പോൺസർ ചെയ്ത കുമാർ വർമ്മ തന്നെ വ്യക്തമാക്കിയതുപോലെ, സെപ്റ്റംബർ 29-ന് രാജ്യം വിടണമെന്നായിരുന്നു ഇമിഗ്രേഷൻ നിർദ്ദേശം. കൃത്യമായി ആ തീയതിയിൽ തന്നെ സംഘം കാനഡ വിട്ട് സിംഗപ്പൂരിലേക്ക് പോയി. നന്ദഗോവിന്ദം ഭജൻസ് കാനഡയിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് കൃത്യമായി ടാക്സ് ഫയൽ ചെയ്യുന്ന സ്ഥാപനമാണ്. സിറ്റി ഓഫ് കാൽഗരിയുടെ യൂണിവേഴ്സിറ്റി പ്ലാറ്റ്‌ഫോം വഴിയാണ് ടാക്സും പ്ലാറ്റ്‌ഫോം ഫീസും ഉൾപ്പെടുത്തി സുതാര്യമായി കാൽഗരിയിലെ ടിക്കറ്റുകൾ വിറ്റഴിച്ചത്.

എന്നാൽ എഡ്മണ്ടനിൽ നമഹ ചെയ്തത് പണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വാങ്ങിയ ശേഷം ടിക്കറ്റുകൾ അയച്ചുകൊടുക്കുകയായിരുന്നുവെന്നും, ഇത് സിറ്റി അധികൃതർ അറിയരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടുവെന്നും സംഘം ആരോപിച്ചു. 450 മുതൽ 600 പേർ പങ്കെടുത്ത ആ പരിപാടിക്ക് നമഹ 100 ഡോളറിലധികം അമിത നിരക്ക് ഈടാക്കുകയും സ്പോൺസർഷിപ്പ് വഴി വൻ തുക സമാഹരിക്കുകയും ചെയ്തു. ഇതിന്റെ വളരെ ചെറിയൊരു വിഹിതം മാത്രമാണ് കലാകാരന്മാർക്ക് നൽകിയത്. ഇത്തരത്തിൽ അമിത ലാഭം ഉണ്ടാക്കാനാണ് കാൽഗരിയിലെ ആസ്വാദകരെക്കൂടി നമഹ പിടിച്ചുനിർത്താൻ ശ്രമിച്ചതെന്നും, എന്നാൽ സാധാരണക്കാർക്ക് പങ്കെടുക്കാൻ കഴിയുന്ന തുച്ഛമായ നിരക്കിൽ കാൽഗരിയിൽ പരിപാടി വെച്ചപ്പോൾ തങ്ങൾക്കെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അവർ പറഞ്ഞു.

കാനഡ പര്യടനത്തിനിടെ ടൊറന്റോ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഫണ്ട് ശേഖരണത്തിനായി തുച്ഛമായ തുക മാത്രം ഈടാക്കി പരിപാടി ഏറ്റവും വലിയ വിജയം നേടിക്കൊടുത്തത് ക്ഷേത്ര ഭാരവാഹികൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വസ്തുതകൾ മറച്ചുവെച്ച് ഓൺലൈൻ മാധ്യമങ്ങൾക്ക് വ്യാജ വാർത്തകൾ നൽകി തങ്ങളെ വേട്ടയാടാൻ ശ്രമിക്കുന്നവർക്കെതിരെ കാനഡയിലെയും ആൽബർട്ടയിലെയും ചാരിറ്റി അസോസിയേഷനുകൾക്ക് ഔദ്യോഗികമായി പരാതി നൽകിയതായും, എത്ര വിദ്വേഷ പ്രചാരണങ്ങൾ നടത്തിയാലും തങ്ങളുടെ സംഗീത യാത്രയുമായി മുന്നോട്ട് പോകുമെന്നും നന്ദഗോവിന്ദം ഭജൻസ് വ്യക്തമാക്കി.

 

4. സംഘപരിവാർ മാധ്യമങ്ങളുടെ വിചാരണാരീതി

ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ ആഭ്യന്തര സംഘാടന തർക്കത്തെ ‘ഹിന്ദു വിരുദ്ധ നീക്കം’, ‘വിശ്വാസ വഞ്ചന’, ‘കള്ളപ്പണ ഇടപാട്’ എന്നിങ്ങനെ വർഗീയവൽക്കരിച്ച് അവതരിപ്പിക്കുന്നതാണ് ഇവിടെ കാണുന്നത്.
സംഗീതത്തെയും കലയെയും തങ്ങളുടെ മതരാഷ്ട്രീയ ചട്ടക്കൂടിലേക്ക് ഒതുക്കാൻ വിസമ്മതിക്കുന്ന ആരെയും വ്യക്തിഹത്യയിലൂടെയും അപവാദ പ്രചാരണങ്ങളിലൂടെയും തകർക്കുക എന്നത് ഇത്തരം തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ സ്ഥിരം ശൈലിയാണ്.

അവർ തങ്ങളുടെ പ്രത്യയശാസ്ത്ര അടിമകളല്ലെന്ന് വ്യക്തമായതോടെ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയാണ് നന്ദഗോവിന്ദം ഭജൻസിനെതിരായ ഈ വേട്ടയാടലിലൂടെ വീണ്ടും വെളിപ്പെടുന്നത്.

Content Highlight:From Christian devotional songs to a Canada tour: Why is ‘Nandagovindam Bhajans’ facing attacks?