കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. ശ്രീറാമിനോട് അടുത്ത മാസം 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. നേരത്തെ മൂന്നു പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരായിരുന്നില്ല

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തവെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞ് ബഷീര്‍ വീട്ടിലേക്ക് തിരിച്ചുപോകവേയായിരുന്നു അപകടം.

വാഹനം അമിതവേഗതയിലായിരുന്നെന്നും ശ്രീറാം  മദ്യലഹരിയിലായിരുന്നുവെന്നുമായിരുന്നു തുടക്കത്തില്‍ പൊലീസ് വാദം. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നിരന്തരമായ ഇടപെടലുകള്‍ ശ്രീരാം വെങ്കിട്ടരാമന്‍ നടത്തി.

ലഹരിപരിശോധനയ്ക്ക് വിധേയനാകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി അഡ്മിറ്റാവുകയായിരുന്നു ഇദ്ദേഹം. വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. അതിന് ശേഷം അന്ന് നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും മറവിരോഗമാണെന്നും ശ്രീറാം മൊഴി നല്‍കിയിരുന്നു.

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: court  warns sriram venkitaraman on journalist death