കേരളത്തില്‍ സി.ജെ.പി സഖ്യം; ബി.ജെ.പിക്ക് നല്‍കുന്ന വോട്ട് എല്‍.ഡി.എഫിന് നല്‍കുന്നതിന് തുല്യം: ഖാര്‍ഗെ
Kerala News
കേരളത്തില്‍ സി.ജെ.പി സഖ്യം; ബി.ജെ.പിക്ക് നല്‍കുന്ന വോട്ട് എല്‍.ഡി.എഫിന് നല്‍കുന്നതിന് തുല്യം: ഖാര്‍ഗെ
ആദര്‍ശ് എം.കെ.
Wednesday, 25th March 2026, 9:39 pm

കോഴിക്കോട്: കേരളത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയുമായി സി.ജെ.പി സഖ്യമാണെന്നും, ബി.ജെ.പി മത്സരിക്കുന്നത് എല്‍.ഡി.എഫിന്റെ വിജയത്തിന് വേണ്ടിയാണെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് മഹാറാലിയില്‍ സംസാരിക്കവെയായിരുന്നു എല്‍.ഡി.എഫിനെതിരെ ഖാര്‍ഗെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ബി.ജെ.പിക്ക് നല്‍കുന്ന വോട്ട് എല്‍.ഡി.എഫിന് നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിക്ക് കേരളത്തെ മനസിലായിട്ടില്ല. അവര്‍ കേരളത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെപ്പോലെയാണ്.
മതേതരമെന്ന് അവകാശപ്പെടുന്ന സി.പി.ഐ.എം എങ്ങനെയാണ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ അജണ്ടയ്‌ക്കൊപ്പമാണ് ഇപ്പോള്‍ സി.പി.ഐ.എം സഞ്ചരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍, ദൈവത്തെ പോലും വെറുതെ വിടാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്ന് ശബരിമല വിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് കുറ്റപ്പെടുത്തി.

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഖാര്‍ഗെ ആരോപിച്ചു.

യു.ഡി.എഫിനെ തിരികെ കൊണ്ടുവരണമെന്നും കേരളത്തെ രക്ഷിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ അറിച്ചിരുന്നെങ്കിലും അസൗകര്യം മൂലം എത്തിച്ചേര്‍ന്നിരുന്നില്ല. ഓണ്‍ലൈനായി അദ്ദേഹം റാലിയെ അഭിസംബോധന ചെയ്തു.

 

Content Highlight: Congress president Mallikarjun Kharge says that the CJP is in alliance with the Left and the BJP in Kerala.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.