‘സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുക തന്നെ ചെയ്യും’ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെ വേദിയിലിരുത്തി തമിഴ്‌നാട് ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചതാണിത്. ബി.ജെ.പി നേതാവിന്റെ ഈ പ്രഖ്യാപനം തമിഴ്‌നാട്ടിലിപ്പോള്‍ വലിയ ചര്‍ച്ചയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി നേതാവ് അരസകുമാര്‍ ആണ് സ്റ്റാലിനെ പുകഴ്ത്തിയത്. സ്റ്റാലിന് മുഖ്യമന്ത്രിയാവണമെങ്കില്‍ അത് ഏത് രാത്രി വേണമെങ്കിലും സംഭവിക്കാമായിരുന്നു. ഡി.എം.കെ എം.എല്‍.എ പെരിയണ്ണന്‍ അരസിന്റെ ബന്ധുവിന്റെ വിവാഹവേദിയില്‍ വെച്ചായിരുന്നു അരസകുമാറിന്റെ പുകഴ്ത്തല്‍.

എം.ജി.ആറിന് ശേഷം സ്റ്റാലിനെ പോലൊരു നേതാവിനെയാണ് താന്‍ കാത്തിരുന്നത്. എന്നാല്‍ സ്റ്റാലിന്‍ അതിന് മുതിര്‍ന്നിട്ടില്ല. കൃത്യമായ സമയം വരും. അപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹമെത്തും എന്നായിരുന്നു അരസകുമാര്‍ പറഞ്ഞത്.

അരസകുമാറിന്റെ വാക്കുകള്‍ വിവാദമായതിനെ തുടര്‍ന്ന് ബിജെ.പി കേന്ദ്രനേതൃത്വം അരസകുമാറില്‍ നിന്നും വിശദീകരണം തേടി. അടുത്ത മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അരസകുമാര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ശരിയായ സമയത്ത് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുമെന്ന് താന്‍ പറഞ്ഞതായും അരസകുമാര്‍ കേന്ദ്ര നേതൃത്വത്തോട് പറഞ്ഞു.

മുന്‍ ഡി.എം.കെ നേതാവാണ് അരസകുമാര്‍. അരസകുമാര്‍ പാര്‍ട്ടി വിട്ട് ഡി.എം.കെയില്‍ ചേരുമോ എന്ന ഭയം ബി.ജെ.പി നേതാക്കള്‍ക്കുണ്ട്. എന്നാല്‍ ഡി.എം.കെയില്‍ ചേരാന്‍ തനിക്കിപ്പോള്‍ താല്‍പര്യമില്ലെന്നാണ് അരസകുമാര്‍ പറയുന്നത്.