[share]
[] ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച്, ഇന്‍വെസ്റ്റിഗേഷന്‍ വെബ്‌സൈറ്റായ കോബ്ര പോസ്റ്റിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. കോബ്ര പോസ്റ്റ് പുറത്ത് വിട്ട വിവരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും പിന്നില്‍ കോണ്‍ഗ്രസാണെന്നും ബി.ജെ.പി ആരോപിച്ചു.
രാമജന്മഭൂമി തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട 23 പ്രധാന വ്യക്തികളെ കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് നേരിട്ട് ഇന്റര്‍വ്യൂ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നാണ് കോബ്ര പോസ്റ്റ് അറിയിച്ചിരുന്നത്. ബാബ്‌റി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നെന്നും ആസൂത്രിതമായ ഈ ആക്രമണത്തെക്കുറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിയ്ക്ക് വെല്ലുവിളിയാണ്. കോണ്‍ഗ്രസ് ഇത് പ്രചരണമായുധമാക്കാനും ഇടയുള്ള സാഹചര്യത്തിലാണ് ബി.ജെ.പി ആരോപണവുമായി മുന്നോട്ട് വന്നത്.
