മലയാളി താരങ്ങള്‍ തമിഴില്‍ തിളങ്ങുന്നത് പുതിയ കാര്യമല്ല. 1980കളില്‍ ആരംഭിച്ച് ഇന്നും ഈ ട്രെന്‍ഡ് തുടരുകയാണ്. ജെന്‍ സീ താരങ്ങളും ഇപ്പോള്‍ തമിഴില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തു. പ്രേമലുവിലൂടെ സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായി മാറിയ മമിതയും, ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായ വിത് ലവിലൂടെ അനശ്വരയും കോളിവുഡില്‍ തിളങ്ങുകയാണ്.

മറ്റൊരു മലയാളി താരമായ അനിഷ്മ അനില്‍കുമാറും തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. അനിഷ്മയുടെ ഏറ്റവും പുതിയ ചിത്രമായ യൂത്ത് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. കെന്‍ കരുണാസ് സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ യൂത്ത് വന്‍ വിജയമായി മാറിക്കഴിഞ്ഞു. തമിഴില്‍ അനിഷ്മയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഹിറ്റാണ് യൂത്ത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ സിറൈയിലൂടെയായിരുന്നു അനിഷ്മ തമിഴിലേക്ക് ചുവടുവെച്ചത്. നവാഗതനായ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കലൈയരസി എന്ന കഥാപാത്രം ഒ.ടി.ടിയില്‍ വലിയ ഫാന്‍ബേസ് സ്വന്തമാക്കി.

ഇപ്പോഴിതാ യൂത്തില്‍ കനകവല്ലി എന്ന കഥാപാത്രമായും ഗംഭീര പ്രകടനമാണ് അനിഷ്മ കാഴ്ചവെച്ചത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തമാശരൂപത്തില്‍ അവതരിപ്പിച്ച ചിത്രമാണ് യൂത്ത്. റിലീസിന് മുമ്പ് കെന്നും അനിഷ്മയും ഒന്നിച്ചുള്ള ‘മുട്ട കലക്കി’ എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മൂന്ന് മാസത്തിനിടെ രണ്ട് സൂപ്പര്‍ഹിറ്റുകളുടെ ഭാഗമായതോടെ അനിഷ്മ സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. വലിയ സ്റ്റാര്‍ കാസ്‌റ്റോ അധികം ഹൈപ്പോ ഇല്ലാതെ വന്ന് ഗംഭീര വിജയമായവയാണ് സിറൈയും യൂത്തും. പ്രേക്ഷകര്‍ക്ക് വളരെ വേഗത്തില്‍ കണക്ടാകുന്ന കഥാപാത്രങ്ങളാണ് അനിഷ്മ രണ്ട് ചിത്രത്തിലും അവതരിപ്പിച്ചത്. ഇനിയങ്ങോട്ടും മികച്ച സിനിമകളുടെ ഭാഗമായി അനിഷ്മ കോളിവുഡില്‍ തന്റേതായ സ്ഥാനം നേടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത പൂവനിലൂടെയാണ് അനിഷ്മ സിനിമാലോകത്തേക്ക് കടന്നുവന്നത്. നസ്‌ലെനെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഐ ആം കാതലനില്‍ അനിഷ്മയയായിരുന്നു നായിക. ബേസില്‍ ജോസഫിന്റെ മരണമാസിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ അനിഷ്മയുടെ കരിയര്‍ മാറിമറിയുകയായിരുന്നു. തമിഴില്‍ 2003-2010 കാലഘട്ടത്തിലുണ്ടായിരുന്ന അസിന്‍- നയന്‍താര- മീര ജാസ്മിന്‍ യുഗത്തിന് ശേഷം ഇപ്പോഴിതാ മമിത- അനശ്വര-അനിഷ്മ യുഗത്തിന് തുടക്കമായിരിക്കുകയാണ്.

Content Highlight: Anishma Anilkumar made her second superhit within three months gap

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ