drougt-support-from-bollywood

മുംബൈ:  കൊടും വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് 50 ലക്ഷത്തിന്റെ ധനസഹായവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബോളിവുഡ് താരങ്ങളായ നാന പടേകറും ആമിര്‍ ഖാനും നേരത്തെ കര്‍ഷകര്‍ക്ക് സാമ്പത്തക സഹായം നല്‍കിയിരുന്നു. ജലയുക്ത് ഷിവാര്‍ അഭിയാന്‍ എന്ന പദ്ധതി വഴിയാണ്  അക്ഷയ് കുമാര്‍ കര്‍ഷകര്‍ക്ക് സാമ്പത്തക സഹായം നല്‍കുന്നത്. ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ജലയുക്ത് ഷിവാര്‍ അഭിയാന്‍ വഴി നിരവധി തടാകങ്ങളും തോടുകളും നിര്‍മ്മിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ താല്‍, കൊറെഗണ്‍ എന്നീ രണ്ട് ഗ്രാമങ്ങളാണ് ആമിര്‍ ഖാന്‍ ദത്തെടുത്തിരിക്കുന്നത്.  അതോടൊപ്പം വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ ജലം സംരക്ഷിക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് കര്‍ഷകര്‍ക്ക് ക്ലാസുകളും ആമിര്‍ ഖാന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.

മഹാരാഷ്ട്രയിലെ കര്‍ഷര്‍ക്കായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനൊപ്പം സത്യമേവ ജയതേ വാട്ടര്‍ കപ്പ് എന്ന മത്സരപരിപാടിയും ആമീര്‍ ഖാന്‍ സംഘടിപ്പിക്കുന്നുണ്ട്. ജലത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് മത്സരം. ഏറ്റവും നന്നായി ജലസംരക്ഷണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഗ്രാമത്തിന് അമ്പത് ലക്ഷത്തിനടുത്ത് സമ്മാനതുകയും ലഭിക്കും.

ഏപ്രില്‍ 15 നും മെയ് 30 ഇടയിലായാണ് മത്സരം നടക്കുക. ദ പാനി ഫൗണ്ടേഷന്‍ എന്ന മറ്റൊരു സംഘടനക്കൊപ്പവും ആമീര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2001 ല്‍ ഗുജറാത്തില്‍ ഭൂമികുലുക്കമുണ്ടായപ്പോഴും ബാജു എന്ന ഗ്രാമവും അദ്ദേഹം ഏറ്റെടുത്തിരുന്നു.

മഹാരാഷ്ട്ര ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ജലക്ഷാമമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 43000 ഗ്രാമങ്ങളില്‍ 27723 ഗ്രാമങ്ങളിലും ജലക്ഷാമം നേരിടുന്നു. 75 ഡാമുകള്‍ ഉള്ളതില്‍ 54 ഉം വറ്റിവരണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വെറും 380 ക്യുബിക്ക് മീറ്റേഴ്‌സ് വെള്ളം മാത്രമാണ് ഉള്ളത്. ഈ ദുരിതം ഏറ്റവും ബാധിക്കുന്നത് കര്‍ഷകരെയും മറ്റ് സാധാരണക്കാരെയുമാണ്. ദ ഹിന്ദു ദിനപത്രം പുറത്തുവിടുന്ന കണക്കുപ്രകാരം 2590 കര്‍ഷകരാണ് 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തത്.