ഇതിലും ബ്രില്ല്യന്റ് ആയ കഥയായിരുന്നു അത്, ധ്യാന്‍ എഴുതിവെക്കാതെ കുറെ മറന്ന് പോകും; ലൗ ആക്ഷന്‍ ഡ്രാമയെ കുറിച്ച് അജു വര്‍ഗീസ്
Malayalam Cinema
ഇതിലും ബ്രില്ല്യന്റ് ആയ കഥയായിരുന്നു അത്, ധ്യാന്‍ എഴുതിവെക്കാതെ കുറെ മറന്ന് പോകും; ലൗ ആക്ഷന്‍ ഡ്രാമയെ കുറിച്ച് അജു വര്‍ഗീസ്
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 26th July 2026, 9:37 am

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ക്കിടയില്‍ സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചവരില്‍ ഒരാളായ അജു, ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയത്. ഹാസ്യ കഥാപാത്രങ്ങള്‍ക്ക് പുറമെ സീരിയസ് വേഷങ്ങളിലും അജു വേഷമിട്ടിരുന്നു.

ലൗ ആക്ഷന്‍ ഡ്രാമ.Photo: Facebook.com

അഭിനേതാവിന് പുറമെ അജു ആദ്യമായി നിര്‍മാണ പങ്കാളിയായ ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ. സംവിധായകനെന്ന നിലയില്‍ ധ്യാനിന്റെ അരങ്ങേറ്റ ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളി, അജു വര്‍ഗീസ്, നയന്‍താര തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആനീസ് കിച്ചന് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ലൗ ആക്ഷന്‍ ഡ്രാമ. Photo: IMDB

‘പ്രൊഡക്ഷനിലേക്ക് പ്ലാന്‍ ചെയ്ത് ഇറങ്ങിയതല്ല. ഒരിക്കല്‍ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ധ്യാന്‍ ഒരു ഷോര്‍ട് ഫിലിമിന്റെ കഥ പറഞ്ഞിരുന്നു. അത് വിനീത് പ്രൊഡ്യൂസ് ചെയ്ത് ധ്യന്‍ സംവിധാനം ചെയ്ത ഷോര്‍ട് ഫിലിമിന്റെ കഥയായിരുന്നു. കഥ നല്ല രസമുണ്ടെങ്കിലും അത് അത്രയും തല്ലിപ്പൊളിയായിട്ടാണ് ധ്യാന്‍ എടുത്തിരിക്കുന്നത്. നല്ല കഥയായത് കൊണ്ട് ഇതൊരു സിനിമയ്ക്കുള്ള കഥയുണ്ടെന്ന് ഞാന്‍ ധ്യാനിനോട് പറഞ്ഞു. അത് പിന്നീട് മാറി വന്നതാണ് ലൗ ആക്ഷന്‍ ഡ്രാമ.

ലൗ ആക്ഷന്‍ ഡ്രാമ. Photo: IMDB

ഇതിലും രസമുള്ള കഥയായിരുന്നു അന്ന് പറഞ്ഞിരുന്നത്. പക്ഷേ അവന്‍ അത് എഴുതിവെക്കാതെ മറന്ന് പോകും. ഫസ്റ്റ് ഹാഫില്‍ ഉള്ള പോലെ സെക്കന്‍ഡ് ഹാഫിലും ചിരിക്കാന്‍ ഒരുപാട് ഉണ്ടായിരുന്നു, പക്ഷേ എഴുതി വന്നപ്പോള്‍ കഥ മാറി. ഏതായാലും ഒരു റിസ്‌ക് എടുക്കുകയാണല്ലോ പുറത്ത് ഒരാളെ പെടുത്തേണ്ട എന്ന രീതിയിലാണ് ഞാനും പ്രൊഡക്ഷനിലേക്ക് വരുന്നത്. അങ്ങനെ ചിത്രം നീണ്ടുപോയപ്പോള്‍ ധ്യാന്‍ പറയുന്ന ഹ്യമര്‍ അവന് തന്നെ മടുത്തിട്ട് അവന്‍ അത് കട്ട് ചെയ്ത് കളയും. അവന് അത് മടുത്തെങ്കിലും കേള്‍ക്കുന്നവര്‍ക്ക് അതൊരു ഫ്രെഷ് കോമഡി ആയേനെ. അത്തരത്തില്‍ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese talks about Nivin Pauly Nayanthara Starrer  Love Action drama directed by Dhyan Sreenivasan

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.