മലയാള സിനിമാ മേഖലയിലെ അറിയപ്പെടുന്ന കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമാണ് അജയന്‍ ചാലിശ്ശേരി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാംസംവിധായകനായി അരങ്ങേറ്റം കുറിച്ച അജയന്‍ ഒട്ടനവധി ചിത്രങ്ങളുടെ പിന്നണിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മഹേഷിന്റെ പ്രതികാരം, പറവ, ട്രാന്‍സ്, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്സിലെ ഗുണ കേവ്. Photo: X.com
2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സിലെ ഗുണ കേവ്സും അതിന്റെ പശ്ചാത്തലവും സെറ്റിട്ട അജയന്‍ ചാലിശ്ശേരിയുടെ വര്‍ക്കിന് വലിയ കൈയടിയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ അദ്ദേഹത്തിന്റെ വര്‍ക്കിന് വലിയ പങ്കുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും വലിയ കളക്ഷന്‍ നേടിയ ചിത്രം ആഗോളതലത്തില്‍ 240 കോടിയിലധികമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്.
യഥാര്‍ത്ഥ കഥയെ പശ്ചാത്തലമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച സര്‍വൈവര്‍ ത്രില്ലറുകളിലൊന്നായിരുന്നു. ഡെവിള്‍സ് കിച്ചണ്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുണ കേവ്‌സിന്റെ സെറ്റിനെ കുറിച്ച് അജയന്‍ ചാലിശ്ശേരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സെറ്റ് ആര്‍ട്ടിഫിഷ്യല്‍ ആയിക്കഴിഞ്ഞാല്‍ ചിത്രം കൈയില്‍ നിന്നും പോകുമെന്നുള്ളത് ഉറപ്പായിരുന്നു. കാരണം ആളുകള്‍ക്ക് അത് റിയലായി തോന്നണം. അത് നമ്മളുണ്ടാക്കിയതാണെന്ന് തോന്നാന്‍ പാടില്ലായിരുന്നു. അല്ലെങ്കില്‍ അതിന്റെ റിയാലിറ്റിയിലേ ആവില്ല ആ സിനിമ ഉണ്ടകുക. സിനിമയിലെ വീടിന്റെ ചുമരിലെ പ്ലൈവുഡ് കാണുന്നുണ്ടല്ലോ എന്ന് ചില സിനിമകള്‍ കണ്ട് ആള്‍ക്കാര്‍ എന്നോട് പറയാറുണ്ട്.

Photo: Jio Hotstar
ഇതെല്ലാം നോര്‍മല്‍ പ്രേക്ഷകര്‍ കണ്ടുപിടിച്ച് പറയുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു ദിവസം കൊണ്ടല്ല നമ്മളൊന്നും ഇതിലേക്ക് എത്തുന്നത്. കാര്‍പെന്റേഴ്‌സ്, പെയിന്റേഴ്‌സ്, തുടങ്ങി വലിയ ഒരു ടീമാണ് ഇതിന് പിന്നില്‍ വര്‍ക്ക് ചെയ്യുന്നത്. അവര്‍ പറഞ്ഞ സമയത്തിനുള്ളില്‍ മാക്‌സിമം ഒറിജിനാലിറ്റിയില്‍ ചെയ്ത് കൊടുക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം,’ ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ അജയന്‍ പറഞ്ഞു.
Content Highlight: Ajayan Challissery talks about Manjummel Boys set
