മലയാള സിനിമയിലെ തന്റെ പ്രിയതാരത്തെ കുറിച്ചും ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ചും തുറന്നുപറയുകയാണ് നടിയും നര്‍ത്തകിയുമായ ശോഭന.

പ്രിയപ്പെട്ട അഭിനേതാവ് ആരാണെന്ന ചോദ്യത്തിന് ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്നായിരുന്നു ശോഭനയുടെ മറുപടി. നല്ല, ശക്തമായ കുറേ കഥാപാത്രങ്ങള്‍ മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു.

‘ പ്രിയപ്പെട്ട ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെയാണ്. നല്ല, ശക്തമായ കുറേ കഥാപാത്രങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്,’ ശോഭന പറഞ്ഞു.

അതുപോലെ സിനിമയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് രേവതിയാണെന്നും ശോഭന പറയുന്നു. രേവതിയുമായി ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും താരം പറയുന്നു.

‘ എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്. രേവതിയുമായി ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്,’ ശോഭന പറയുന്നു.

സിനിമയിലെ തന്റെ പഴയകാല സുഹൃത്തുക്കളെ പറ്റിയും നടിമാര്‍ തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന മത്സരങ്ങളെപ്പറ്റിയുമൊക്കെ ശോഭന ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്.

ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്.

ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസില്‍ നായികയായ താരമാണ് ശോഭന. തന്റെ വ്യക്തിത്വം രൂപം കൊണ്ടത് പോലും സിനിമാ മേഖലയിലൂടെയാണെന്ന് ശോഭന പറയുന്നു.

‘സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു.

സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്.

ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള്‍ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു, ശോഭന പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Shobhana About Manju Warrier