ചെന്നൈ നടത്തിയ ഏറ്റവും വിജയകരമായ മികച്ച ഇടപാട്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് വസീം ജാഫര്‍
Cricket
ചെന്നൈ നടത്തിയ ഏറ്റവും വിജയകരമായ മികച്ച ഇടപാട്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് വസീം ജാഫര്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 6th May 2026, 3:08 pm

ഐ.പി.എല്ലില്‍ ദല്‍ഹിക്കെതിരായ വിജയത്തിന് പിന്നാലെ ചെന്നൈയുടെ സൂപ്പര്‍ താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജു അധികം തിടുക്കം കാണിച്ചില്ലെന്നും ബൗളര്‍മാരെ നന്നായി തെരഞ്ഞെടുക്കുകയും ആക്രമിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
ലുങ്കി എന്‍ഗിഡി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരെ സഞ്ജു അധികം റിസ്‌ക് എടുത്തില്ലെന്നും സി.എസ്.കെ നടത്തിയ ഏറ്റവും വിജയകരമായ മികച്ച ഇടപാടാണ് സഞ്ജുവിന്റേതെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘മധ്യ ഓവറുകളില്‍ സഞ്ജു വളരെ സുഖകരമായി കളിച്ചു. അദ്ദേഹം അധികം തിടുക്കം കാണിച്ചില്ല. തന്റെ ബൗളര്‍മാരെ നന്നായി തെരഞ്ഞെടുത്തു, ആക്രമിക്കാന്‍ ആവശ്യമായ ബൗളര്‍മാരെ ലക്ഷ്യം വെച്ചു.

അല്‍പ്പം ജാഗ്രതയോടെ കളിക്കേണ്ടിയിരുന്നവര്‍ക്കെതിരെ, അദ്ദേഹം അത് ചെയ്തു. ലുങ്കി എന്‍ഗിഡി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കെതിരെ, അദ്ദേഹം അധികം റിസ്‌ക് എടുത്തില്ല. പിന്നീട് നടരാജന്‍ കളത്തിലിറങ്ങിയപ്പോള്‍ വീണ്ടും ആക്രമിച്ചു കളിച്ചു.

അതിനാല്‍ അദ്ദേഹം തന്റെ ഇന്നിങ്‌സ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. വീണ്ടും, അവസാനം വരെ അദ്ദേഹം നിലകൊണ്ടു, സി.എസ്.കെയെ മത്സരം ജയിപ്പിക്കാന്‍ സഹായിച്ചു. സി.എസ്.കെ നടത്തിയ വലിയ ഇടപാട്, അവര്‍ നടത്തിയ വലിയ വാങ്ങല്‍, അത് വളരെ വിജയകരമായ ഒന്നായി മാറി,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ചെന്നൈ ദല്‍ഹിക്കെതിരെ വിജയിച്ചത്. പുറത്താവാതെ 52 പന്തില്‍ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറും ആറ് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.

നിലവില്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. ചെന്നൈക്ക് വേണ്ടി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്. 57.43 എന്ന മികച്ച ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്യുന്നത്. 167.50 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. തുടക്ക മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും വമ്പന്‍ മുന്നേറ്റമാണ് സഞ്ജു പിന്നീട് കാഴ്ചവെച്ചത്.

മത്സരത്തില്‍ സഞ്ജുവിന് പുറമെ കാര്‍ത്തിക് ശര്‍മ 31 പന്തില്‍ പുറത്താവാതെ 41 റണ്‍സും നേടി തിളങ്ങി. മത്സരം ഫിനിഷ് ചെയ്തതും താരമായിരുന്നു. നാല് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Wasim Jaffer Praises Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ