കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയതിന് പിന്നാലെ കല്യോട്ട് പരക്കെ ആക്രമണം. വിലാപയാത്ര കടന്നു പോയ വഴിയിലെ സി.പി.ഐ.എം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഇരുവരുടേയും മൃതദേഹം അല്‍പസമയത്തിനകം സംസ്‌ക്കരിക്കും. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്.


പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. വിലാപയാത്രയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും ടി. സിദ്ധിഖും അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചു.

പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ 10 കേന്ദ്രങ്ങളിലായി നൂറുകണക്കിന് പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അര്‍പ്പിച്ചു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. സി.പി.ഐ.എം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം.


ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ ശരത് ലാല്‍ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.