കൊച്ചി: വിനായകന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊട്ടപ്പന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ട് സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി. ഉടന്‍ വരുന്നു എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

വിനായകന്‍ പുറത്തു വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. വിനായകന്റെ അഭിനയ മികവ് തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഏറെ നിരൂപകശ്രദ്ധ നേടിയ കിസ്മത്തിന്റെ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി.


വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.

ഫ്രാന്‍സിസ് നെറോണയുടെ തൊട്ടപ്പന്‍ എന്ന കഥയ്ക്ക് പി.എസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.