ജനങ്ങളുടെ പണം ഞാന്‍ കവര്‍ന്നെടുക്കില്ല, കഴിഞ്ഞ സര്‍ക്കാരുണ്ടാക്കിയത് വലിയ ബാധ്യത; ധവള പത്രം പുറത്തിറക്കുമെന്ന് വിജയ്
Daily News
ജനങ്ങളുടെ പണം ഞാന്‍ കവര്‍ന്നെടുക്കില്ല, കഴിഞ്ഞ സര്‍ക്കാരുണ്ടാക്കിയത് വലിയ ബാധ്യത; ധവള പത്രം പുറത്തിറക്കുമെന്ന് വിജയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2026, 12:26 pm

ചെന്നൈ: തന്നെ വിജയിപ്പിച്ച ജനത്തിന് നന്ദിയും കടപ്പാടും അറിയിച്ചും സ്ഥാനമൊഴിഞ്ഞ ഡി.എം.കെ. സര്‍ക്കാരിനെ വിമര്‍ശിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കാന്‍ ധവള പത്രം പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പുതിയ ഭരണത്തിനും പുതിയ തുടക്കത്തിനുമായി തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഒത്തൊരുമിക്കണമെന്ന് വിജയ് പറഞ്ഞു. മതനിരപേക്ഷ സാമൂഹ്യ നീതിയുടെ ഒരു പുതിയ യുഗം ഇപ്പോള്‍ തുടങ്ങുകയാണ്. ജനങ്ങളുടെ പണം ഞാന്‍ കവര്‍ന്നെടുക്കില്ല. തനിക്ക് അതിന്‌റെ ആവശ്യമില്ലെന്ന് ജനത്തിനറിയാം. ചെയ്യാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. തന്‌റെ കൂടെയുള്ളവര്‍ തെറ്റ് ചെയ്താലും അവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു.

ഖജനാവ് കാലിയാക്കിയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പോയത്. വലിയ ബാധ്യതയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവശേഷിപ്പിച്ചത്. സംസ്ഥാനത്തിന്‌റെ കടം 10 ലക്ഷം കോടി കടന്നു. തന്‌റെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രമേ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കൂ. അത് വിലയിരുത്തിയ ശേഷം ധവള പത്രം പുറത്തിറക്കും.

‘ഒരു സുതാര്യമായ സര്‍ക്കാരിനായാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ജനങ്ങളോട് യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തും. ശേഷം അവിടെ നിന്ന് തുടങ്ങും. അത് എന്‌റെ ആദ്യ ചുമതലയായ് ഞാന്‍ ഏറ്റെടുക്കും. ഒരേ ഒരു അധികാര കേന്ദ്രം മാത്രമേ തമിഴ്‌നാട്ടിലുണ്ടാവു. പല സ്ഥലത്തും പല അധികാരകേന്ദ്രങ്ങളുണ്ടാവുന്ന അവസ്ഥ ഇനി ഉണ്ടാവില്ല,’ വിജയ് പറഞ്ഞു.

താന്‍ രാജാവിന്‌റെ കുടുംബത്തില്‍ ജനിച്ചയാളല്ല. സിനിമയില്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെട്ട ഒരു സഹസംവിധായകന്‌റെ മകനായ എനിക്ക് ദാരിദ്ര്യവും വിശപ്പും എന്താണെന്ന് നന്നായി അറിയാം.

ഞാന്‍ നിങ്ങളുടെ കുടുംബത്തിലുള്ള ഒരാളാണ്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. അത് നിങ്ങളും എന്നെ അങ്ങനെ കാണുന്നത് കൊണ്ടാണ്. നിങ്ങള്‍ സിനിമയില്‍ എനിക്ക് വളരെ വലിയ ഒരു ഇടം നല്‍കി. നിങ്ങള്‍ നല്‍കിയതിനെല്ലാം തിരിച്ച് നല്‍കാനാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. നിങ്ങള്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിനായി പിന്തുണച്ച രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ക്ക് വിജയ് നന്ദി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി, വി.സി.കെ നേതാവ് തൊല്‍. തിരുമാവളവന്‍ മുസ്‌ലിം ലീഗ് നേതാവ് ഖാദര്‍ മൊയ്തീന്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് വിജയ് നന്ദി അറിയിച്ചത്.

Vijay Sworn in as Tamil Nadu CM : Speech in Oath Taking Ceremony