ലാൽ സാറിന് മകളോടുള്ള സ്നേഹം കൊണ്ടാണ്, അല്ലാതെ അദ്ദേഹം ഒരു പരിപാടിക്കും ഇത്രയും തവണ വന്നിരിക്കാറില്ല: ജൂഡ് ആന്തണി
സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018 ലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി അദ്ദേഹം ഒരുക്കിയ തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാലിന് മകൾ വിസ്മയയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
തുടക്കം സിനിമയുടെ ഷൂട്ടിനിടയിൽ ലൊക്കേഷനിൽ വെച്ച് ഒരു അച്ഛൻ എന്ന നിലയിൽ വിസ്മയയോടുള്ള മോഹൻലാലിന്റെ സ്നേഹം നമുക്കെല്ലാം മനസിലാക്കാൻ സാധിക്കുന്നതായിരുന്നു എന്ന് ഓർത്തെടുക്കുകയാണ് ജൂഡ്.

ജൂഡ് ആന്തണി ജോസഫ്. Photo. Screen grab/ Youtube
‘തുടക്കം സിനിമയുടെ ഷൂട്ടിനിടയിൽ ഒരു അച്ഛൻ എന്ന നിലയിലുള്ള ഒരുപാട് മൊമെന്റ്‌സ് ലാലേട്ടന്റെ ഭാഗത്തുനിന്ന് കാണാൻ പറ്റിയിട്ടുണ്ട്. അദ്ദേഹം അത് പുറത്ത് പ്രകടിപ്പിക്കില്ല, പക്ഷെ കണ്ണിൽ കാണാം. അദ്ദേഹം ലൊക്കേഷനിലൊക്കെ വരുമ്പോൾ മായയ്ക്ക് അഭിനയിക്കാനുള്ള ടിപ്പ് ഒക്കെ പറഞ്ഞു കൊടുക്കും.
എന്നാലും ഞാൻ അഭിനയത്തിൽ വിസ്മയക്ക് ഓരോ സജഷൻസ് ഒക്കെ പറഞ്ഞു കൊടുക്കുമ്പോൾ ചേട്ടൻ ഇങ്ങനെ നോക്കിനിൽക്കും, അതായത് ഞാൻ എന്താണ് പറഞ്ഞുകൊടുക്കുന്നത് എന്ന് ശ്രദ്ധിക്കും. പിന്നെ മകൾ അവിടെ നിന്നും മാറുകയാണെങ്കിൽ അദ്ദേഹത്തിന്റെ ശ്രദ്ധ അങ്ങോട്ടൊക്കെ പോകും,’ ജൂഡ് ആന്തണി പറഞ്ഞു.
തനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ മോഹൻലാൽ ഏറെ ഇഷ്ടത്തോടെയായിരുന്നു മകളുടെ അഭിനയം കാണാൻ ലൊക്കേഷനിൽ വന്നുകൊണ്ടിരുന്നത് എന്നും ജൂഡ് പറയുന്നു.
‘ഞാൻ ഒരു അച്ഛനായതുകൊണ്ട് എനിക്കത് പെട്ടെന്ന് മനസിലാകും. അത്രയ്ക്കും സ്നേഹമുള്ള ഒരു അച്ഛനാണ് അദ്ദേഹം. അതല്ലെങ്കിൽ ഒരു പരിപാടിക്കും അദ്ദേഹം ഇത്രയും തവണ വന്നിരിക്കാറില്ല. ലാൽ സാറിന് മായയെ അത്രയും ഇഷ്ടമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ ലൊക്കേഷനിൽ അത്രയും താത്പര്യത്തോടെ വന്നിരുന്ന് മായയുടെ ആക്ടിങ് കണ്ടിരുന്നത്,’ ജൂഡ് പറഞ്ഞു.
സിനിമയുടെ ഫസ്റ്റ് കട്ട് കണ്ടതിനുശേഷം മോഹൻലാൽ മകളുടെ അഭിനയത്തിൽ വലിയ രീതിയിൽ സന്തോഷിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹം പറയാതെ തന്നെ മനസിലാക്കാൻ പറ്റുന്നതായിരുന്നു എന്നും ജൂഡ് ആന്തണി കൂട്ടിച്ചേർത്തു.
‘സിനിമയിൽ ലാൽസാറിന്റെ അവസാനത്തെ പോർഷൻ കഴിഞ്ഞ ദിവസം തിരിച്ചുപോകുന്ന സമയത്ത് എന്നോട് പറഞ്ഞു, എല്ലാം നന്നായിട്ട് വന്നിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടു എന്ന്. പിന്നെ പടം മൊത്തം കഴിഞ്ഞ് ഫസ്റ്റ് കട്ട് കണ്ടപ്പോഴും നല്ല അഭിപ്രായം പറഞ്ഞു.
അപ്പോഴൊക്കെ അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ സന്തോഷം കാണാമായിരുന്നു. നമ്മളോട് തുറന്നു പറഞ്ഞില്ലെങ്കിലും, അതായത് പടത്തിന്റെ ഫസ്റ്റ് കട്ട് കഴിഞ്ഞിട്ടല്ലേ ഉള്ളൂ, എങ്കിലും ഒരു അച്ഛൻ എന്ന രീതിയിൽ വലിയ സംതൃപ്തിയും സന്തോഷവുമൊക്കെ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

മോഹൻലാൽ. വിസ്മയ. Photo. Cinema Express
Content Highlight: Jude Anthany Joseph reflects on Mohanlal’s bond with his daughter, Vismaya