കോസ്റ്റിയൂം ഡിസൈനറായി സിനിമയിലെത്തി കോമഡി താരമായി സജീവമായ താരമാണ് ഇന്ദ്രന്‍സ്. എന്നാല്‍ തുടര്‍ച്ചയായ ഹാസ്യകഥാപാത്രങ്ങളില്‍ നിന്നും താരം ട്രാക്ക് മാറ്റിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചതാകട്ടെ വലിയ പൊട്ടന്‍ഷ്യലുള്ള ഒരു അഭിനേതാവിനെയായിരുന്നു. ഹോം എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ സ്വന്തമാക്കി ഇന്ദ്രന്‍സ് താനാരാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ മാസ് ആക്ഷന്‍ ചിത്രം കറുപ്പിലെ അഭിനയത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും ഇന്ദ്രന്‍സിന്റെ അഭിനയമികവ് ആസ്വദിക്കാനുള്ള അവസരം ലഭിച്ചിരുന്നു. സൂര്യയും ആര്‍.ജെ ബാലാജിയും അടക്കം ഇന്ദ്രന്‍സിനെ പ്രശംസിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഇന്ദ്രന്‍സ് നായകനായി ജൂണ്‍ 19ന് റിലീസിനൊരുങ്ങുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്.
തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ഇതിനോടകം പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം മധുബാല നായികയായെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് പുണ്യസ്ഥലമായ വാരണാസിയെ പശ്ചാത്തലമാക്കിയാണ്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ വാരണാസിയില്‍ ഒറ്റപ്പെട്ടുപോകുന്ന കഥാപാത്രമായി മധുബാലയും സഹായിക്കാനെത്തുന്ന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ നടക്കുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
ഇരുവര്‍ക്കും പുറമെ വിഷ്ണു അഗസ്ത്യ, അപര്‍ണ ബാലമുരളി, ജാഫര്‍ സാദിഖ്, തമ്പി രാമയ്യ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. നവാഗതയായ വര്‍ഷ വാസുദേവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മിക്കുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംംസാണ്.
Content Highlight: Trailer Of Chinna Chinna Aasai starring Indrans and Madhubala out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.