വനിതാ ദിനത്തില്‍ അനാര്‍ക്കലി മരക്കാര്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘ജാക്കി വെപ്പ് ജോക്കല്ല’ എന്ന പ്ലക്കാര്‍ഡ് പിടിച്ച് കെ.എസ്.ആര്‍.ടി.സി. ബസില്‍ നില്‍ക്കുന്ന ചിത്രമാണ് അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ല. അതിക്രമികളെയും അതിക്രമങ്ങളെയും നിസ്സാരമാക്കി കാണുന്നതിനെതിരെ ഇനി വേണം പ്രതികരണം,’ എന്നാണ് ചിത്രത്തിനൊപ്പം അനാര്‍ക്കലി കുറിച്ചത്.
അനാര്‍ക്കലിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റില്‍ വന്നത്. ‘അടുത്തിടെ ഇറങ്ങിയ ഒരു സിനിമയില്‍ ഇതിനെ തമാശ രീതിയിലോ മോശമായ രീതിയിലോ സംഭാഷണത്തിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പറയുന്നില്ലെങ്കിലും അതൊരു ഡബിള്‍ മീനിങ് തന്നെ ആയിട്ടാണ് അനുഭവപ്പെടുന്നത്,’ എന്നാണ് രാഖില്‍ കൃഷ്ണ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച കമന്റ്.
അതേസമയം പോസ്റ്റിനെ പരിഹസിച്ചുള്ള വിദ്വേഷ കമന്റുകളും ചിലര്‍ പങ്കുവെച്ചിരുന്നു. ഇത് കാണുമ്പോഴാണ് അതൊരു ജോക്കായി തോന്നിയതെന്നാണ് റാസ് എന്ന പ്രൊഫൈല്‍ കമന്റ് ചെയ്തത്.

