എപ്പോഴൊക്കെയാണ് മോദിയ്‌ക്കെതിരെ വധഭീഷണികള്‍ ഉണ്ടാവുന്നത്? എന്താണ് ഇതിനു പിന്നില്‍
Opinion
എപ്പോഴൊക്കെയാണ് മോദിയ്‌ക്കെതിരെ വധഭീഷണികള്‍ ഉണ്ടാവുന്നത്? എന്താണ് ഇതിനു പിന്നില്‍
ജിന്‍സി ടി എം
Monday, 3rd September 2018, 2:28 pm

ആഗസ്റ്റ് 28ന് പൂനെ പൊലീസ് അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റു ചെയ്തിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, എഴുത്തുകാരായ ഗൗതം നവലാഖ, വരവര റാവു അഭിഭാഷകരായ അരുണ്‍ ഫെറിയാറ, വെര്‍ണന്‍ ഗോന്‍സാല്‍വെസ് എന്നിവരെ. കൂടാതെ മറ്റനവധി പേരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഈവര്‍ഷം ജനുവരിയില്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്, സര്‍ക്കാറിനെ താഴെയിറക്കാന്‍ “ഫാസിസ്റ്റ് വിരുദ്ധ” പദ്ധതിയിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടു എന്നിവയടക്കം ഈ അറസ്റ്റിനെ ന്യായീകരിക്കാന്‍ പൊലീസ് പലവാദങ്ങളും നിരത്തിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2014ലെ പൊതുതെരഞ്ഞെടുപ്പു പ്രചരണ വേളയില്‍, പ്രധാനമന്ത്രിയായിരിക്കെ എല്ലാം പലതവണ മോദിയെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരികയും മോദി അത്തരം ശ്രമങ്ങളെ “അതിജീവിക്കുകയും” ചെയ്തിരുന്നു.

ഈ വര്‍ഷം ജൂണിലും വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പൊലീസ് നടപടിയുണ്ടാവുകയും ഭീമ കോറേഗാവ് സംഭവത്തില്‍ പൂനെ പൊലീസ് “അര്‍ബന്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍” എന്നാരോപിച്ച് അഞ്ചുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിലായ അഞ്ചുപേരില്‍ ഒരാളായ റാണ വില്‍സണിന്റെ വീട്ടില്‍ നിന്നും രണ്ടുദിവസത്തിനുശേഷം പൊലീസ് ഒരു കത്ത് പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു. “രാജീവ് ഗാന്ധി മോഡലില്‍” മോദിയെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന് അതില്‍ സൂചിപ്പിച്ചിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.

Also Read:കസ്തൂരി രംഗന്‍ കരട് വിഞ്ജാപനത്തിന് അംഗീകാരം ; കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതിയില്ല

പുതിയ അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 31ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മഹാരാഷ്ട്ര പൊലീസിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പരം ബീര്‍ സിങ് അവകാശപ്പെട്ടത് ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഈ കത്തുള്‍പ്പെടെ “ആയിരക്കണക്കിന്” രേഖകള്‍ തെളിവായുണ്ടെന്നാണ്.

എന്നാല്‍ ആഗസ്റ്റില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാക്കുന്ന എന്ത് തെളിവാണുള്ളതെന്ന് പൊലീസ് വിശദീകരിച്ചിരുന്നില്ല. നരേന്ദ്രമോദിയെ കൊല്ലാനുള്ള ഗൂഢാലോചന പദ്ധതിയുടെ സാഹചര്യങ്ങള്‍ പരിശോധിക്കുന്നത് ഉദ്വേഗദ്യോഗതമാണ്. കൊലപാതക പദ്ധതി തയ്യാറാക്കിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പശ്ചാത്തലം, അക്കാര്യം വെളിവാക്കുന്ന സമയത്തെ രാഷ്ട്രീയ സാഹചര്യം, ആ വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ എല്ലാം.

ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ഈ കൊലപാതക ഗൂഢാലോചനകള്‍ മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ ഇതിനകം തന്നെ തള്ളിയിട്ടുണ്ട്. മോദിയുടെ ജീവന് ഭീഷണിയെന്നത് “കെട്ടിച്ചമച്ച കഥ”യെന്നാണ് രാഷ്ട്രീയ ജനതാ ദള്‍ പറഞ്ഞത്. “ഈ കെട്ടിച്ചമച്ച കത്ത് ജനങ്ങളുടെ സിമ്പതി ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്നു” എന്നാണ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ പറഞ്ഞത്. “മോദിയുടെ പഴയ തന്ത്രം” എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് ഈ റിപ്പോര്‍ട്ടുകളെ തള്ളിയത്.

കൊലപാതക ഗൂഢാലോചനയും അത് പ്രതിപക്ഷ പാര്‍ട്ടികളിലുണ്ടാക്കിയ പ്രതികരണവും മോദിയെ കൊലചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്ന മറ്റു സാഹചര്യങ്ങളും അതിന്റെ പശ്ചാത്തലവും പുനപരിശോധിക്കുന്നത് നന്നായിരിക്കും. മോദിയെ കൊല്ലാന്‍ പദ്ധതിയെന്ന വാര്‍ത്തകള്‍ വന്ന എട്ട് സാഹചര്യങ്ങളാണ് താഴെ പരിശോധിക്കുന്നത്.

ഇസ്രത്ത് ജഹാന്‍ (2004)

2004 ജൂണ്‍ 15ന് അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്ത് ഗുജറാത്ത് പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസര്‍മാര്‍ നാലുപേരെ കൊന്നു. മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയേയും. ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകര്‍ എന്നു സംശയിക്കുന്നവര്‍ എന്നു പറഞ്ഞായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍, ജാവേദ് ഖുലാം ഷെയ്ക്ക്, അംജദ് അലി റാണ, സീഷണ്‍ ജോഹര്‍ എന്നിവര്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ കൊല്ലാനുള്ള ഉദ്യമത്തിലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപസമയത്ത് മോദി കര്‍ശനമായ നടപടി കൈക്കൊണ്ടില്ലെന്ന ബോധ്യത്തിലാണ് ഇവര്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയെന്നായിരുന്നു പൊലീസ് വാദം.

2009 സെപ്റ്റംബറില്‍ അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്.പി തമാങ് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് ഈ നാലുപേരെയും മുംബൈയില്‍ നിന്നും പിടികൂടി 2004 ജൂണ്‍ 12ന് അഹമ്മദാബാദിലെത്തിച്ച് ജൂണ്‍ 14ന് രാത്രി കൊലചെയ്യുകയായിരുന്നു എന്നാണ് 243 പേജുള്ള റിപ്പോര്‍ട്ടില്‍ തമാങ് പറയുന്നത്. ഇവര്‍ക്കെതിരെ വ്യാജതെളിവുണ്ടാക്കാന്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവര്‍ക്കു സമീപം സ്ഥാപിക്കുകയായിരുന്നെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 സെപ്റ്റംബറില്‍ ഏഴിന് പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഏറ്റുമുട്ടല്‍ കൊലപാതകം ആരോപിച്ച് സി.ബി.ഐ അഹമ്മദാബാദിലെ മിര്‍സാപൂര്‍ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയമായ അനുമതിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സി.ബി.ഐ കുറ്റപത്രത്തിലുണ്ടായിരുന്നുവെന്നാണ് 2008 മുതല്‍ ഇസ്രത്ത് ജഹാന്റെ കുടുംബത്തെ പ്രതിനിധീകരിച്ച വൃന്ദ ഗ്രോവര്‍ 2016 ഫെബ്രുവരിയില്‍ കാരവനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

Also Read: പിക്ച്ചര്‍ അഭി ഭി ബാക്കി ഹൈന്‍, മിത്രോം!- അശ്വിനി സേനന്റെ ലേഖനം വായിക്കാം

“ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും അറിവോടുകൂടിയായിരുന്നു അത്. എന്നാല്‍ ആ തെളിവുകള്‍ സി.ബി.ഐ ഒരിക്കലും പിന്തുടര്‍ന്നില്ല” എന്നായിരുന്നു അവര്‍ ആരോപിച്ചത്.

2002ലെ ഗുജറാത്ത് കലാപശേഷം മോദിയെ മാറ്റാന്‍ കഴിയാത്തതാണ് അതിനു പിന്നാലെയുണ്ടായ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് 2004 ജൂണ്‍ 13ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് സീ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ ഏറ്റുമുട്ടലിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ മനോജ് മിത്ത, മോദി ആന്റ് ഗോദ്ര: ദ ഫിക്ഷന്‍ ഓഫ് ഫാക്ട് ഫൈന്റിങ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഇപ്രകാരമാണ് – ” ഈ പ്രതിസന്ധി ഘട്ടത്തില്‍ വാജ്‌പേയിയുടെ പുതിയ ആക്രമണത്തില്‍ നിന്നും മോദിയെ രക്ഷിക്കുകയെന്നതായിരുന്നു പ്രധാനം: മോദിയെ കൊല്ലാനുള്ള ഉദ്യമത്തിലായിരുന്നുവെന്ന ആരോപിച്ച് ഇസ്രത്ത് ജഹാനെന്ന മുംബൈയില്‍ നിന്നുള്ള 19കാരിയായ വിദ്യാര്‍ഥിയും മറ്റ് മൂന്നുപേരുമായുള്ള ഗുജറാത്ത് പൊലീസിന്റെ സെന്‍സേഷണലായ ഏറ്റുമുട്ടല്‍” ” അത് മോദിയ്ക്കുവേണ്ടി മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത ഒന്നായിരുന്നു. അദ്ദേഹത്തിന്റെ “കൊലയാളികളാവാന്‍ പോകുന്നവര്‍” ജൂണ്‍ 15ന് ഗാന്ധി നഗറിന് സമീപത്തുവെച്ച് കൊല്ലപ്പെടുന്നു, അതും മോദിയ്‌ക്കെതിരായ വാജ്‌പേയിയുടെ രൂക്ഷവിമര്‍ശനം വന്ന് വെറും രണ്ടുദിവസത്തിനകം”.

2013 സെപ്റ്റംബര്‍ ഒന്നിന് പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസറായ ഡി.ജി വന്‍സാര നല്‍കിയ, ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച, രാജിക്കത്തില്‍ പറയുന്നത് ” ഞങ്ങളുടെ ചെയ്തികളെ വളരെ അടുത്തുനിന്നു നിയന്ത്രിക്കുകയും ഗൈഡ് ചെയ്യുകയും ചെയ്യുന്ന ഈ സര്‍ക്കാറിന്റെ നയങ്ങള്‍ ഫീല്‍ഡ് ഓഫീസര്‍ എന്ന നിലയില്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തത്.”

ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഓഫീസര്‍മാരില്‍ ഒരാളാണ് വന്‍സാര. ഈവര്‍ഷം ആഗസ്റ്റ് ആദ്യം കേസ് പരിഗണിക്കുന്ന സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള വന്‍സാരയുടെയും ഏറ്റമുട്ടല്‍ കേസില്‍ ആരോപണവിധേയനായ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ എന്‍.എ അമിന്റെയും ഹര്‍ജി തള്ളിയിരുന്നു. സി.ബി.ഐ കോടതിയില്‍ കേസ് ഇപ്പോഴും തുടരുകയാണ്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് (2005)

ഗുണ്ടാനേതാവ് എന്നാരോപിക്കപ്പെടുന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബിയും സഞ്ചരിക്കുന്ന ബസ് 2005 നവംബര്‍ 22ന് ഗുജറാത്ത് പൊലീസും രാജസ്ഥാന്‍ പൊലീസും ഹൈദരാബാദില്‍ തടയുകയും ഇവരെ പിടികൂടി അഹമ്മദാബാദിനു സമീപത്തുള്ള ഫാം ഹൗസില്‍ കൊണ്ടുവരികയും ചെയ്തു. സി.ബി.ഐ കുറ്റപത്രപ്രകാരം നാലുദിവസത്തിനുശേഷം ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനെ വെടിവെച്ചു വീഴ്ത്തി. രണ്ടുദിവസത്തിനുശേഷം കൗസര്‍ബിയേയും സൊഹ്‌റാബുദ്ദീന്റെ സഹായിയായ തുളസീറാം പ്രജാപതിയേയും പൊലീസ് ഇതുവരെ വെടിവെച്ചുകൊന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സൊഹ്‌റാബുദ്ദീനും മോദിയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്ന ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനായിരുന്നുവെന്നാണ് ഗുജറാത്ത് പൊലീസ് പിന്നീട് അവകാശപ്പെട്ടത്. എന്നാല്‍ സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടുകയും 2010 ജനുവരിയില്‍ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു. ആ വര്‍ഷം ജൂലൈയില്‍ അന്വേഷണ ഏജന്‍സി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയും മറ്റുള്ളവര്‍ക്കൊപ്പം പൊലീസ് ഓഫീസര്‍മാരായ ഡി.ജി വന്‍സാര, എന്‍.കെ അമിന്‍, രാജ്കുമാര്‍ പാണ്ഡ്യന്‍, അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ എന്നിവരെ പ്രതിചേര്‍ക്കുകയും ചെയ്തു. ഈ നാലുപേര്‍ക്കൊപ്പം ഈകേസില്‍ ആരോപണ വിധേയരായ നിരവധി പേരെ പിന്നീട് കുറ്റവിമുക്തരാക്കി.

ഗുജറാത്തിലെയും രാജസ്ഥാനിലെയും പൊലീസ് ഓഫീസര്‍മാര്‍ ” മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി അഹമ്മദാബാദില്‍ സൊഹ്‌റാബുദ്ദീന്റെ ഏറ്റുമുട്ടല്‍ കൊലപാതകം നടപ്പിലാക്കുകയായിരുന്നു” എവ്‌നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. “ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊല്ലാനായാണ് സൊഹ്‌റാബുദ്ദീന്‍ അഹമ്മദാബാദിലേക്ക് വന്നതെന്ന് വരുത്തി തീര്‍ത്തു” എന്നും കുറ്റപത്രത്തില്‍ പറയുന്നു.

സൊഹ്‌റാബുദ്ദീന്‍, കൗസര്‍ബി, തുളസീ റാം പ്രജാപതി എന്നിവരുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തിനു പിന്നിലെ ലക്ഷ്യത്തെ സംബന്ധിച്ച് അതിനുശേഷം പല വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. കുറ്റപത്രപ്രകാരം “സൊഹ്‌റാബുദ്ദീനെ ഇല്ലാതാക്കിയത് ആരോപണ വിധേയര്‍ ബിസിനസുകാരിലും മറ്റും ഭീതി സൃഷ്ടിക്കാനായി ഭീഷണിയായി ഉപയോഗിച്ചു.”

2003ല്‍ അഹമ്മദാബാദില്‍ കൊല്ലപ്പെട്ട മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകവുമായി സൊഹ്‌റാബുദ്ദീനുള്ള ബന്ധത്തെക്കുറിച്ച് രാജിക്കത്ത് സമര്‍പ്പിച്ചശേഷമുള്ള സി.ബി.ഐ അന്വേഷണത്തില്‍ വന്‍സാര പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

സൊഹ്‌റാബുദ്ദീന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസും മുംബൈയിലെ സി.ബി.ഐ കോടതിയില്‍ ഇപ്പോഴും തുടരുകയാണ്. ഈ വര്‍ഷം ആഗസ്റ്റ് ആദ്യം ഈ കേസിലെ 65 സാക്ഷികള്‍ കൂറുമാറിയിരുന്നു.

പൊതുതെരഞ്ഞെടുപ്പ് പ്രചരണം (2013)

2013 ഒക്ടോബര്‍ 27 പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദിയുടെ പ്രചരണ റാലിയ്ക്ക് തൊട്ടുമുമ്പ് പാട്‌നയിലെ ഗാന്ധി മൈതാനത്തും റെയില്‍വേ സ്റ്റേഷനിലും സ്‌ഫോടന പരമ്പരകള്‍ നടന്നു. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 89ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ പ്രദേശത്തുനിന്നും പൊട്ടാത്ത രണ്ട് ഐ.ഇ.ഡികള്‍ ബോംബ് സ്‌ക്വാഡ് കണ്ടെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി 2014 ഏപ്രിലില്‍ കുറ്റപത്രവും 2014 ആഗസ്റ്റില്‍ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. നിരോധിത സംഘടനയായ സിമിയാണ് ഈ ആക്രമണം നടത്തിയെന്നായിരുന്നു കുറ്റപത്രത്തില്‍ ആരോപിച്ചത്.

അനുബന്ധകുറ്റപത്രത്തില്‍ പറഞ്ഞത് “ഗോദ്രയ്ക്കുശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങള്‍ക്ക് ഉത്തരവാദി ശ്രീ നരേന്ദ്രമോദിയെന്ന ധാരണ പ്രതികള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച ഇവര്‍ വെടിക്കോപ്പുകള്‍കൊണ്ട് അദ്ദേഹത്തെ ആക്രമിക്കുകയെന്നത് സാധ്യമല്ലെന്ന നിഗമനത്തിലെത്തി. പകരം ശ്രീ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ ഐ.ഇ.ഡി സ്‌ഫോടനം നടത്തി സാധാരണക്കാരായ നിരവധി പേരെ കൊലചെയ്യുകയും ആള്‍ക്കൂട്ടം പരിഭ്രാന്തരായി ഓടുന്നതിനിടയില്‍ വളരെ അടുത്തുനിന്നും നരേന്ദ്രമോദിയെ വെടിവെച്ചു വീഴ്ത്താമെന്ന് പദ്ധതിയിടുകയും ചെയ്തു.”

2017 ഒക്ടോബറില്‍ ഈ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളെ ശിക്ഷിക്കുകയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷത്തേക്ക് റിമാന്റ് ഹോമില്‍ അയക്കുകയും ചെയ്തു. എന്‍.ഐ.എക്കോടതിയില്‍ ഈ കേസ് ഇപ്പോഴും തുടരുകയാണ്.

വാട്‌സ്ആപ്പ് വധഭീഷണി (2015)

2015 മെയ്യില്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മോദി ഒരു റാലി അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യു.പി പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ജില്ലാ ഭരണകൂടത്തിനും ഒരു വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതായി റാലിയുടെ തലേദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാധ്യമറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സന്ദേശം അയച്ചത് രാം വീര്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെയും അദ്ദേഹതതിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. മറ്റുപല സാഹചര്യങ്ങളിലും രാംവീര്‍ സമാനമായ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് കുമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടു വന്നിരുന്നു. “ഐ.പി.സിയുടെ അനുയോജ്യ സെക്ഷന്‍ പ്രകാരം അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും” എന്നും പറഞ്ഞിരുന്നു.

ഈ വാട്‌സ്ആപ്പ് സന്ദേശവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ വന്നത് പി.ടി.ഐ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ അതിനുശേഷം രാംവീറിനെ അറസ്റ്റു ചെയ്‌തോ മോദിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തിയതിന് ശിക്ഷിച്ചോ എന്നതു സംബന്ധിച്ച് യാതൊരു റിപ്പോര്‍ട്ടുകളും ഇതിനുശേഷം വന്നതായി കണ്ടില്ല.

നോട്ട്നിരോധന സമയത്ത് (2016)

മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച് പത്തു ദിവസം കഴിഞ്ഞ് നവംബര്‍ 19ന് മോദിക്ക് വധഭീഷണി വന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ദല്‍ഹി പൊലീസിനായിരുന്നു ഫോണ്‍വിളി വന്നിരുന്നത്. സിം ഉടമയെ പൊലീസ് കണ്ടെത്തിയെങ്കിലും തന്റെ പേരിലുള്ള സിംകാര്‍ഡ് ബന്ധുവാണ് ഉപയോഗിക്കുന്നതെന്ന് പറയുകയായിരുന്നു. ബന്ധുവിനെ ചോദ്യം ചെയ്തപ്പോള്‍ അത്യവശ്യമായി ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരപരിചിതന്‍ ഫോണ്‍ വാങ്ങിയിരുന്നെന്നാണ് അയാള്‍ പൊലീസിനോട് പറഞ്ഞത്.

മോദിയ്ക്കെതിരായ വധഭീഷണി മറ്റു ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ തുടര്‍ന്നെന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ ഒരു മാധ്യമങ്ങളും തയ്യാറായില്ല. സ്പെഷ്യല്‍ സെല്ലും ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

യു.പി തെരഞ്ഞെടുപ്പ് റാലി – 2017

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കിഴക്കന്‍ യു.പിയിലെ മാവുവില്‍ പ്രചരണത്തിനെത്തുന്ന മോദിയ്ക്കെതിരെ വധഭീഷണി പൊലീസിന് ലഭിച്ചെന്ന് എ.എസ്.പി ആര്‍.കെ സിങ് പറഞ്ഞിരുന്നു. ഹരേന്‍ പാണ്ഡ്യ കൊലപാതക കേസിലെ പ്രതിയായ റസൂല്‍ പാട്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് സിങ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോദിയുടെ വാഹനവ്യൂഹത്തിന് നേരെ റോക്കറ്റ് ലോഞ്ചര്‍ ആക്രമണം നടത്താനും പദ്ധതി ഉണ്ടായിരുന്നതായി സിങ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ജില്ലയിലെ മോദിയുടെ റാലി സമാധാനപരമായി തന്നെയാണ് നടന്നത്. മാവു പൊലീസിന് വ്യാജസന്ദേശം അയച്ചതിന് ഫെബ്രുവരി 27ന് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതായി പിന്നീട് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐ.എസ്.ഐ.എസ് വധഭീഷണി (2018 മെയ്)

കര്‍ണാടക തെരഞ്ഞെടുപ്പിനു രണ്ടുദിവസം മുമ്പ് മെയ് 10ന് മോദിയെ കൊല്ലാന്‍ ഇസ്‌ലാമിക തീവ്രവാദികളുടെ പദ്ധതിയുണ്ടെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു. പിറ്റേദിവസം സീ ന്യൂസ് സമാനമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സക്വാഡ് ആഗ്ലേശ്വര്‍ നഗരത്തിലെ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രം പരാമര്‍ശിച്ചായിരുന്നു ഇരു റിപ്പോര്‍ട്ടുകളും. പ്രധാനമന്ത്രിയെ കൊല്ലാന്‍ ഇറാഖിലെയും സിറിയയേയും ഇസ്‌ലാമിക് സ്റ്റേറ്റ് പദ്ധതിയുണ്ടെന്നായിരുന്നു കുറ്റപത്രത്തിലെ ആരോപണം.

ഇരു റിപ്പോര്‍ട്ടുകളും ഒരു വാട്‌സ്ആപ്പ് സന്ദേശത്തിലെ ഒറ്റവാചകമായിരുന്നു പരാമര്‍ശിച്ചത്, “യാ, സ്‌നൈപ്പര്‍ റൈഫിളുപയോഗിച്ച് നമുക്ക് മോദിയെ പുറത്താക്കാം” എന്നായിരുന്നു ആ സന്ദേശം. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും സഖ്യമുണ്ടാക്കിയ ഭരിച്ചതോടെ ബി.ജെ.പിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടെങ്കിലും മോദി ഇസ്‌ലാമിസ്റ്റുകളുടെ ഭീഷണിയെ അതിജീവിച്ചു.

ഭീമ കൊറേഗാവ് അറസ്റ്റുകള്‍ (2018)

ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂണില്‍ അറസ്റ്റിലായ അഞ്ചുപേരില്‍ ഒരാളായ റോണ വില്‍സണിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്ന കത്തില്‍ പറയുന്നത് ” മറ്റൊരു രാജീവ് ഗാന്ധി ടൈറ്റ് സംഭവത്തെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.” ഈ കത്തിലെ പല ഭാഗങ്ങളിലും അതിന്റെ വസ്തുനിഷ്ഠത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരാനിടക്കായിരുന്നു. എല്ലാറ്റിലുമുപരിയായി കമ്മ്യൂണിസ്റ്റുകാരുടെ അഭിവാദ്യ വാക്കായ “ലാല്‍ സലാം” എന്നതിന്റെ യാന്ത്രികമായ തര്‍ജ്ജമയായ “റെയ്ഡ് സല്യൂട്ട്” എന്ന വാക്കില്‍ കത്ത് തുടങ്ങുന്നു എന്ന കാര്യം വരെ.

ഈ വര്‍ഷം ഏപ്രിലില്‍ വില്‍സണിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് ഈ കത്ത് പിടിച്ചെടുത്തതെന്നാണ് ആരോപിക്കുന്നതെന്നാണ് അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ന്യൂസ് ലോണ്‍ട്രി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പുതന്നെ ഈ കത്ത് മാധ്യമങ്ങള്‍ക്കു മുമ്പില്‍ റിലീസ് ചെയ്തിരുന്നുവെന്ന കാര്യം അതിശയത്തോടെ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാര്യം കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അറസ്റ്റിലായവരെ റിമാന്‍ഡില്‍ ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷയില്‍ ഈ കൊലപാതക ഗൂഢാലോചന ആരോപണം സംബന്ധിച്ച കാര്യം സൂചിപ്പിച്ചിട്ടില്ലയെന്ന വസ്തുത അറിയുമ്പോഴാണ്.

അതിലും പ്രധാനമായി മാവോയിസ്റ്റ് ഏജന്‍സികളെ പരിചയമുള്ള ഏത് സുരക്ഷാ ഏജന്‍സികള്‍ക്കും അറിയുന്ന ഒരു കാര്യമാണ് അതൊരു അമച്വര്‍ സംഘടനയല്ല എന്നതും അവര്‍ അവരുടെ കത്തുകളില്‍ പേരുകളോ പദ്ധതി വിശദാംശമോ ഒരിക്കലും പരാമര്‍ശിക്കാറില്ലയെന്നതും. എന്നാല്‍ പൊലീസ് ഉയര്‍ത്തിക്കാട്ടിയ കത്തില്‍ ചിലരുടെ പേരുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടുകയും അവരൊക്കെയാണ് പിന്നീട് അറസ്റ്റിലാവുന്നതും- അതില്‍ “അരുണും വെര്‍ണനും മറ്റുള്ളവരും” എന്ന് പരാമര്‍ശിക്കുന്നു. അരുണ്‍ ഫെറൈറ, വെര്‍ണന്‍ ഗോല്‍സാല്‍വസ് മറ്റു മൂന്നുപേരും ആഗസ്റ്റില്‍ അറസ്റ്റിലായിട്ടുമുണ്ട്.

ഗൂഢാലോചനകരെന്ന് ആരോപിക്കുന്ന ഇവര്‍ എന്തുകൊണ്ട് പ്രധാനമന്ത്രിയെ കൊല്ലാനുള്ള പദ്ധതി മറച്ചുവെക്കാനുള്ള ഒരു ശ്രമവും നടത്താത്തത്. മോദിയ്‌ക്കെതിരെ മുന്‍കാലത്തുണ്ടായ ഇത്തരം ഗൂഢാലോചനകള്‍ വ്യാജഭീഷണികളായോ, മാധ്യമങ്ങള്‍ക്കുള്ള സന്ദേശമായോ പൊലീസ് കെട്ടിമച്ച കേസുകളായോ അവസാനിക്കുന്നത് വലിയ അത്ഭുതമല്ല.

തുഷാര്‍ ധാര: കാരവനില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുന്നു. നേരത്തെ ബ്ലൂംബര്‍ഗ് ന്യൂസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ഫസ്റ്റ്‌പോസ്റ്റ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.