ഫത്തേപ്പൂര്‍: മകരസംക്രാന്തി ഘോഷയാത്രയ്ക്കിടെ ഫത്തേപ്പൂര്‍ ജില്ലയിലെ ജാഹനബാദ് നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കേറ്റതായും ഒരു സ്ത്രീയ്ക്ക് കാഴ്ച നഷ്ടപ്പെട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
വി.എച്ച്.പി പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയും കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും പങ്കെടുക്കേണ്ടിയിരുന്ന “ഹിന്ദു സംഗം” പരിപാടിയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവരും പരിപാടിയ്ക്കായെത്തുന്നതിനു ഒരു മണിക്കൂര്‍ മുമ്പാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
വാളും കാവിക്കൊടിയുമായി ഒരു സംഘം ഹിന്ദുസംഘടകള്‍ ഘോഷയാത്ര നടത്തുകയും പരിപാടിയില്‍ പങ്കാളികളാവാന്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
ഘോഷയാത്രയ്ക്കിടെ ഡി.ജെ സിസ്റ്റത്തിലൂടെ പ്ലേ ചെയ്തുകൊണ്ടിരുന്ന സംഗീതത്തിനെതിരെ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ചിലയാളുകള്‍ രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷങ്ങള്‍ക്കു കാരണമാകുകയുമായിരുന്നു. ഘോഷയാത്രയില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചതും പ്രകോപനത്തിന് ഇടയാക്കിയെന്ന് പോലീസ് പറയുന്നു.
സംഘര്‍ഷത്തില്‍ ചിലകടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ഐ.ജി എ സതീഷ് ഗണേഷ് അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിച്ചതായി ഫത്തേപ്പൂര്‍ എസ്.പി രാജീവ് മല്‍ഹോത്ര അറിയിച്ചു.
പോലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം പെട്ടെന്നു തന്നെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചു. കാസി തോല പ്രദേശത്തും സമാനമായ രീതിയില്‍ സംഘര്‍ഷം ഉടലെടുത്തതായി ഫത്തേപ്പൂര്‍ സിറ്റി സര്‍ക്കില്‍ ഓഫീസര്‍ അറിയിച്ചു. ഘോഷയാത്രയ്ക്കുനേരെ ചിലയുവാക്കള്‍ കല്ലെറിഞ്ഞ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയായിരുന്നു.
