എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി ചലച്ചിത്രമാണ് ‘മനോരഥങ്ങള്‍’. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ‘ഓളവും തീരവും’ സിനിമയാകുമ്പോള്‍ അതില്‍ നായകനാകുന്നത് മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന് പുറമെ ദുര്‍ഗ കൃഷ്ണയും സുരഭി ലക്ഷ്മിയും ഇതില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും പ്രിയദര്‍ശനെ കുറിച്ചും സംസാരിക്കുകയാണ് സുരഭി ലക്ഷ്മി. മനോരഥങ്ങളുടെ ഭാഗമായി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരഭി. ഓളവും തീരവും ഷൂട്ട് ചെയ്യുമ്പോള്‍ അതില്‍ മോഹന്‍ലാലിന് വെള്ളത്തിലേക്ക് ചാടുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നെന്നും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അത് ചെയ്തതെന്നും സുരഭി പറയുന്നു.

സംവിധായകന്‍ പ്രിയദര്‍ശന് സിനിമ ചെയ്യാന്‍ ആഗ്രഹം തോന്നിയത് ഓളവും തീരവും വായിച്ചതിന് ശേഷമാണെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. ഈ കാലഘട്ടത്തിലും ഒരു ഫുള്‍ ബ്ലാക്ക് ഏന്‍ഡ് വൈറ്റ് സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയത് തങ്ങളുടെ ഭാഗ്യമാണെന്നും സുരഭി ലക്ഷ്മി പറയുന്നു.

‘സിനിമയില്‍ അദ്ദേഹം വെള്ളത്തിലേക്ക് ചാടുന്ന സീനൊക്കെ ഉണ്ടായിരുന്നു. ലാല്‍ സാര്‍ ഡ്യൂപ്പില്ലാതെയാണ് ആ സീനൊക്കെ ചെയ്തിരുന്നത്. ലാല്‍ സാറിന്റെ വലിയ ആഗ്രഹമായിരുന്നു അത്. പ്രിയന്‍ സാറിന്റെ കാര്യം പറയുമ്പോള്‍, അദ്ദേഹത്തിന് സിനിമ ചെയ്യാന്‍ ആഗ്രഹം തോന്നിയത് ഈ ഓളവും തീരവും വായിച്ചതിന് ശേഷമാണ്.

എന്നെങ്കിലും ഇത് റീ ക്രിയേറ്റ് ചെയ്യണമെന്ന് പ്രിയന്‍ സാര്‍ ആഗ്രഹിച്ചിരുന്നു. പിന്നെ ഈ കാലഘട്ടത്തിലും ഒരു ഫുള്‍ ബ്ലാക്ക് ഏന്‍ഡ് വൈറ്റ് സിനിമയില്‍ അഭിനയിക്കാന്‍ പറ്റി എന്നതാണ് ഞങ്ങള്‍ക്ക് ലഭിച്ച ഭാഗ്യം. അത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്,’ സുരഭി ലക്ഷ്മി പറഞ്ഞു.

സീ5 ലൂടെയാണ് ‘മനോരഥങ്ങള്‍’ എന്ന ഈ ആന്തോളജി സീരീസ് റിലീസ് ചെയ്തത്. മോഹന്‍ലാലിനും സുരഭി ലക്ഷ്മിക്കും ദുര്‍ഗ കൃഷ്ണക്കും പുറമെ മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്‍, ആസിഫ് അലി, വിനീത് തുടങ്ങിയ വലിയ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

പ്രിയദര്‍ശന് പുറമെ മഹേഷ് നാരായണന്‍, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് ആന്തോളജി സീരീസ് ഒരുക്കുന്നത്. എം.ടി വാസുദേവന്‍നായരുടെ മകളും നര്‍ത്തകിയുമായ അശ്വതി നായരും സീരീസില്‍ സംവിധായകയാവുന്നുണ്ട്.


Content Highlight: Surabhi Lakshmi Talks About Olavum Theeravum And Mohanlal