ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വമ്പന്‍ വിജയമാണ് നേടിയത്. എന്നിരുന്നാലും ഒരു മോശം റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹൈദരാബാദ്.
2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ടുകളയുന്ന ടീമായിരിക്കുകയാണ് ഉദയസൂര്യന്‍മാര്‍. സീസണില്‍ ഇതുവരെ 17 ക്യാച്ചുകളാണ് ഹൈദരാബാദ് കൈവിട്ടത്. മാത്രമല്ല ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ടീം ദല്‍ഹി ക്യാപിറ്റല്‍സാണ്. 16 ക്യാച്ചുകളാണ് ദല്‍ഹി വിട്ടുകളഞ്ഞത്.
പഞ്ചാബ് 15 ക്യാച്ചുകളാണ് സീസണില്‍ കൈവിട്ടത്. പഞ്ചാബ് താരം ശശാങ്ക് സിങ്ങാണ് ടീമിനായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത്. അഞ്ച് ക്യാച്ചുകളാണ് താരം ഇതുവരെ നഷ്ടപ്പെടുത്തിയത്. ഹൈദരാബാദിനെതിരെയും ശശാങ്ക് സിങ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെട്ടിരുന്നു.
What’s happening out there? 😲
🎥 Cooper Connolly, Shashank Singh and Lockie Ferguson drop crucial chances 🫣
അതേസമയം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഹൈദരാബാദ് വീഴ്ത്തിയത്. ഉദയസൂര്യന്മാര്‍ ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കൂപ്പര്‍ കനോലിയായിരുന്നു. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ശിവാംഗ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഈഷന്‍ മലിംഗ, സാക്കിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Sunrisers Hyderabad In Unwanted Record After Win Against Panjab Kings