തിരുവനന്തപുരം: റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അതിക്രൂരമായ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഇതിനായി ആഭ്യന്തര വകുപ്പ് പ്രത്യേക ദൗത്യവുമായി മുന്നോട്ടുപോകുകയാണെന്നും ഐ.ജി അജിതാബീഗം ഐ.പി.എസ് ദൗത്യത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീകള്‍ ഒരുവിധ പീഡനങ്ങളോടും മൗനം പാലിക്കേണ്ടതില്ലെന്നും ഭയമില്ലാതെ തുറന്നുപറയണമെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ഭയവും ലഹരിയുടെ കെണിയില്‍ അകപ്പെട്ടവരുടെ നിസ്സഹായതയും ക്രമസമാധാന പ്രശ്നങ്ങള്‍ മാത്രമല്ലെന്നും ഗുരുതരമായ മാനസിക പ്രതിസന്ധികള്‍ കൂടിയാണെന്നും ചെന്നിത്തല കുറിച്ചു.

ഭരണകൂടത്തിന്റെ കര്‍ശനമായ നിയമനടപടികള്‍ക്കൊപ്പം ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാനുള്ള മനോഭാവവും സമൂഹത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകള്‍ ഉള്ളിലൊതുക്കരുത്. ഭയമില്ലാതെ തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് ധൈര്യമുണ്ടാകണമെന്നും കര്‍ശനമായ നിയമനടപടിയും സുരക്ഷിതമായ പരിരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ലഹരിക്കെതിരായ നടപടികളില്‍ വില്‍പ്പനക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ലഹരിയുടെ കെണിയില്‍ അകപ്പെട്ടവരെ കൈവിടില്ലെന്നും ചെന്നിത്തല പറഞ്ഞു. ലഹരി ഉപയോഗത്തെ രോഗാവസ്ഥയായി തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസിക പ്രയാസങ്ങള്‍ ഒരു തരത്തിലുള്ള കുറവല്ലെന്നും സഹായം തേടുന്നത് ദൗര്‍ബല്യമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തങ്ങളുടെ അരികിലുള്ളവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയണമെന്നും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘പറയാന്‍ മടിക്കരുത്, കേള്‍ക്കാന്‍ ആളുണ്ട്’ എന്ന സന്ദേശത്തോടെയാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചത്.