തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകടക്കേസിലെ നിയമനടപടികളില്‍ ആരുടെയും സ്വാധീനത്തിന് വഴങ്ങില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അമിതവേഗതയില്‍ വാഹനമോടിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നത് കൊലപാതകമാണെന്നും പ്രതികള്‍ എത്ര ഉന്നതരായാലും നിയമത്തിന് വിധേയമായി നടപടികള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടക്കേസില്‍ പ്രതിയായ 17-കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

‘നിരപരാധികളായി റോഡിലൂടെ നടന്നുപോകുന്ന ആളുകളെ വണ്ടിയിടിച്ച് കൊല്ലുക എന്നത് വാസ്തവത്തില്‍ കൊലപാതകമാണ്. അതിന് ആരുടെയും സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കാം. എത്ര ഉന്നതരാണെങ്കിലും ഇത്തരം നടപടികള്‍ നിയമത്തിന് വിധേയമായി മുന്നോട്ടുപോകും. പ്രതികളെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവരില്ല’ ചെന്നിത്തല പറഞ്ഞു.

അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേശ്വറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നിര്‍ദേശമുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചത്. അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത 17-കാരനെ ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായിരുന്നു.

17-കാരന്റെ പിതാവും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായ വ്യക്തി അപകടത്തിന് പിന്നാലെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തങ്ങളെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും അദ്ദേഹത്തിനെതിരെയും കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കാറോടിച്ച 17-കാരനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പകരം മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റം ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസ് പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 106(1) വകുപ്പ് പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബി.എന്‍.എസ് 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തുന്നതും പരിഗണനയിലുണ്ട്.

കാറിന്റെ ഉടമയായ പിതാവിനെതിരെയും മോട്ടോര്‍ വാഹന നിയമപ്രകാരവും ബി.എന്‍.എസ് പ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി എ.ഡി.ജി.പിയുടെ ഓഫീസ് അറിയിച്ചു.