കൊച്ചി: കൊച്ചിയെയും വര്‍ക്കലയെയും ലക്ഷ്യമിട്ട് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത് സിങ്ങിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

വര്‍ക്കലയെയും ഫോര്‍ട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി വര്‍ഗീയ സംശയവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കേണ്ടതാണ്. അത് സമൂഹത്തില്‍ ഭിന്നതയും വര്‍ഗീയ വിദ്വേഷവും പടര്‍ത്താനുള്ള ഉപാധിയാകരുതെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

കഴിഞ്ഞദിവസം ഇയാള്‍ക്കെതിരെ ഫോര്‍ട്ട്‌കൊച്ചി പൊലീസ് കേസെടുത്തിരുന്നു. കൊച്ചി അമരാവതി സ്വദേശിയായ ജൂഡ് വിപിന്റെ പരാതിയിന്മേലാണ് കേസ്.

സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുക, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ആരോപണങ്ങള്‍ ചുമത്തി ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 353(2), 192 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫോര്‍ട്ട് കൊച്ചി സബ് ഇന്‍സ്പെക്ടര്‍ അജ്മല്‍ ഹുസൈന്‍ കെ.എമ്മിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. ഇതിനുമുമ്പ്, വ്യാജ പ്രചാരണം നടത്തി മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം യൂത്ത് ലീഗും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

 

Content Highlight: Freedom of expression should not become a tool to spread discord and communal hatred in society: Ramesh Chennithala