തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സീസണുകളിലൊന്നാണ് ദീപാവലി. സൂപ്പര്‍താര സിനിമകള്‍ ബോക്‌സ് ഓഫീസ് മാര്‍ക്കറ്റ് ലക്ഷ്യമിട്ട് അവരുടെ ബിഗ് ബജറ്റ് സിനിമകള്‍ ദീപാവലി റിലീസായി പുറത്തിറക്കുമ്പോള്‍ ചെറിയ സിനിമകളെല്ലാം പിന്മാറുകയാണ് പതിവ്. എന്നാല്‍ 2019ലെ ദീപാവലിക്ക് സ്ഥിതി വ്യത്യസ്തമായിരുന്നു.
തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ ബിഗിലായിരുന്നു ആ വര്‍ഷത്തെ ദീപാവലി റിലീസില്‍ പ്രധാനി. തുടര്‍ച്ചയായി രണ്ട് ഹിറ്റുകള്‍ തനിക്ക് സമ്മാനിച്ച അറ്റ്‌ലീക്കൊപ്പം വിജയ് ഒരിക്കല്‍ കൂടി കൈകോര്‍ത്ത് ബിഗിലിന് വന്‍ ഹൈപ്പായിരുന്നു. എന്നാല്‍ ബിഗില്‍ പോലൊരു വമ്പന്‍ സിനിമയുടെ മറ്റൊരു ചിത്രവും അത്തവണ പ്രദര്‍ശനത്തിനെത്തിയിരുന്നു.

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയായിരുന്നു ദീപാവലിക്ക് ബിഗിലിനൊപ്പം ഏറ്റുമുട്ടിയത്. ഒരൊറ്റ സിനിമ മാത്രം സംവിധാനം ചെയ്ത് എക്‌സ്പീരിയന്‍സുള്ള ലോകേഷിന്റെ കൈതിക്ക് താരതമ്യേന സ്‌ക്രീനുകള്‍ കുറവായിരുന്നു. ബിഗിലിന് ടിക്കറ്റ് കിട്ടാത്തവര്‍ കൈതിക്ക് കയറി. എന്നാല്‍ അവരെ കാത്തിരുന്നത് അതുവരെ അനുഭവിക്കാത്ത ഒരു സിനിമാനുഭവമായിരുന്നു.
തമിഴ് സിനിമ കാലങ്ങളായി കണ്ടുശീലിച്ച ക്ലീഷേകളൊന്നും കൈതിയിലുണ്ടായിരുന്നില്ല. ഒരൊറ്റ രാത്രിയില്‍ നടക്കുന്ന കഥ. നായികയില്ല, പാട്ടുകളില്ല. എന്നിട്ടും ആദ്യത്തെ പത്ത് മിനിറ്റില്‍ സിനിമയിലേക്ക് പ്രേക്ഷകര്‍ ഇന്‍ ആയി. ഇന്റര്‍വെല്‍ പോലും ആവശ്യമില്ലെന്ന് തോന്നിപ്പിച്ച രണ്ടര മണിക്കൂറായിരുന്നു കൈതി സമ്മാനിച്ചത്. വിജയ്‌ക്കൊപ്പം ക്ലാഷ് വെച്ച് ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയ കൈതി തമിഴ് സിനിമയില്‍ ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

കാതടപ്പിക്കുന്ന ബി.ജി.എമ്മുകള്‍ക്ക് പകരം കേട്ടുമറന്ന വിന്റേജ് ഗാനങ്ങള്‍ പ്രധാനപ്പെട്ട സീനുകളില്‍ ഉപയോഗിച്ച് തുടങ്ങിയത് കൈതിയിലൂടെയായിരുന്നു. പിന്നീടിങ്ങോട്ട് ഭൂരിഭാഗം തമിഴ് സിനിമകളിലും വിന്റേജ് ഗാനങ്ങള്‍ കുത്തിക്കയറ്റുന്നത് സ്ഥിരം രീതിയായി മാറി. നൂറിലേറെ വില്ലന്മാരെ നേരിടാന്‍ മെഷീന്‍ ഗണ്ണുമായി നായകന്‍ എത്തുന്ന സീനും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ സൂപ്പര്‍താരങ്ങളും ഈ രീതി അനുകരിച്ച് പ്രേക്ഷകരില്‍ മടുപ്പുണ്ടാക്കി.
രണ്ടാം ഭാഗമുണ്ടാകുമെന്ന് പറഞ്ഞ് കൈതി അവസാനിച്ചിട്ട് ഇന്നേക്ക് ഏഴ് വര്‍ഷമായിരിക്കുകയാണ്. ഫസ്റ്റ് പാര്‍ട്ടിന്റെ സമയത്ത് കൊച്ചുകുട്ടിയായിരുന്ന ദില്ലിയുടെ മകള്‍ ഇന്ന് വളര്‍ന്ന് വലിയ കുട്ടിയായിരിക്കുകയാണ്. അടുത്തെങ്ങാനും കൈതിയുടെ രണ്ടാം ഭാഗം ആരംഭിക്കുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.
Content Highlight: Cinema pages celebrating seven years of Kaithi Movie
