കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ മുസ്ലിം വിഭാഗത്തെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ യൂട്യൂബറുടെ വീഡിയോയില്‍ കമന്റ് പങ്കുവെച്ചതില്‍ വിശദീകരണവുമായി ദിയ കൃഷ്ണ.
ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലിങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമുള്ള നോര്‍ത്ത് ഇന്ത്യന്‍ ഇന്‍ഫ്ളുവന്‍സറുടെ വീഡിയോയില്‍ ‘സാഡ് റിയാലിറ്റി’ എന്ന കമന്റ് പങ്കുവെച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിസാണ് ദിയ കൃഷ്ണ വിശദീകരണവുമായി രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ദിയ തന്റെ ഭാഗം ന്യായീകരിക്കുന്നത്. കേരളത്തിലെ മുസ്ലിങ്ങളോട് വിരോധമില്ലെന്നും, അവര്‍ കേരളം വിടണമെന്ന് ഒരിക്കലും പറയില്ലെന്നും അവര്‍ പറഞ്ഞു.
View this post on Instagram
എന്നാല്‍ കേരളത്തിലെ ഒരു കഫേയില്‍ ജിന്നയുടെ ഫോട്ടോ വെച്ചതിനാലാണ് അത്തരത്തില്‍ കമന്റ് പങ്കുവെച്ചത് എന്നാണ് അവര്‍ നല്കുന്ന വിശദീകരണം.
ഗാന്ധിജിയുടെയോ നെഹ്റുവിന്റെയോ ചിത്രം വയ്ക്കുന്നത് മനസിലാക്കാം, എന്നാല്‍ കേരളത്തിലെ ഒരു കഫേയില്‍ ജിന്നയുടെ ചിത്രം എന്തിനാണ് വെച്ചിരിക്കുന്നത് എന്നതിലുള്ള വിഷമമാണ് താന്‍ പങ്കുവെച്ചത്.
വിഡിയോയുടെ രണ്ടാം പകുതിയില്‍ കൊച്ചിയെക്കുറിച്ചും മറ്റ് മതവിഭാഗങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നത് ശ്രദ്ധിക്കാതെയും വിഡിയോ മുഴുവന്‍ കാണാതെയുമാണ് ആദ്യ ഭാഗം മാത്രം കണ്ട് കമന്റിട്ടത്. വിഡിയോ മുഴുവന്‍ കാണാതെ കമന്റിട്ടതില്‍ മാപ്പ് ചോദിക്കുന്നുവെന്നും ദിയ കൃഷ്ണ പറഞ്ഞു.
തനിക്ക് ഒരു വിഭാഗത്തോടും വിദ്വേഷമില്ല. സ്വന്തം കുടുംബത്തിലും അടുത്ത സുഹൃത്തുക്കളിലും മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുണ്ട്. താന്‍ സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന ആളാണ്, എന്നാല്‍ മറ്റ് മതങ്ങളെയോ മനുഷ്യരെയോ വെറുക്കുന്നില്ല.
മാധ്യമങ്ങള്‍ ഇതിന്റെ യഥാര്‍ത്ഥ വശം അന്വേഷിക്കാതെ വാര്‍ത്ത വളച്ചൊടിച്ചതിനെത്തുടര്ന്ന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും അവര്‍ പറഞ്ഞു.
താന്‍ ചെയ്ത നല്ല കാര്യങ്ങളൊന്നും വാര്‍ത്തയാക്കാത്ത മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന നെഗറ്റീവ് വാര്‍ത്തകള്‍ ആഘോഷിക്കുകയാണ്. വര്‍ക്കലയിലെ കഫേയില്‍ ജിന്നയുടെ ചിത്രം വെച്ചതിനോടാണ് താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ദിയ കൂട്ടിച്ചേര്‍ത്തു.
ഫോര്‍ട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-റിക്ഷാ ഡ്രൈവര്‍മാരും മുസ്ലിങ്ങളാണെന്നുള്ള ആരോപണവും നോര്‍ത്ത് ഇന്ത്യന്‍ ഇന്‍ഫ്ളുവന്‍സറിന്റെ വീഡിയോയിലുണ്ടായിരുന്നു.
ഈ പ്രദേശം പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും ഈ ഇന്‍ഫ്ലൂവന്‍സര്‍ ആവശ്യപ്പെടുന്നതായും വീഡിയോയില്‍ കേള്‍ക്കാം. ഈ വിഡിയോയ്ക്ക് കീഴിലായിരുന്നു ദിയയുടെ കമന്റ്.
Content Highlight: Support for North Indian influencer’s hate-filled video; Diya Krishna offers an explanation
