34 വയസുള്ള രജനികാന്തിന്റെ അച്ഛനായി 30 വയസുകാരനായ ഞാന്‍ അഭിനയിച്ചു: സത്യരാജ്
malayalam movie
34 വയസുള്ള രജനികാന്തിന്റെ അച്ഛനായി 30 വയസുകാരനായ ഞാന്‍ അഭിനയിച്ചു: സത്യരാജ്
നന്ദന. ടി
Thursday, 13th August 2026, 3:21 pm

എസ്.എസ് രാജമൗലിയുടെ ബാഹുബലിയിലെ കട്ടപ്പയെന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അഭിനേതാവാണ് സത്യരാജ്. ഭാഷാഭേദമന്യേ ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളിലെയും ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തിലും തന്റെ മികവ് കാഴ്ചവെച്ചിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു 2010ല്‍ പുറത്തിറങ്ങിയ ആഗതന്‍ എന്ന ചിത്രത്തിലെ കഥാപാത്രം.

താരത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൃഷ്ണകുമാര്‍ രാംകുമാര്‍ സംവിധാനം ചെയ്ത ജി.ഡി.എന്‍. എഡിസണ്‍ ഓഫ് ഇന്ത്യ എന്ന വിശേഷണത്തിന് ഉടമയായ ജി.ഡി നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായാണ് സത്യരാജ് വേഷമിട്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

സത്യരാജ്. Photo. Screen grab/ Youtube

സിനിമയിൽ ഇത്രയും വർഷങ്ങളിൽ നിന്ന് ലഭിച്ച അനുഭവങ്ങളിൽ നിന്ന്, ഇന്ന് ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നതിൽ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ സത്യരാജ്.

‘ഇപ്പോൾ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കാറില്ല. പകരം ഞാൻ എന്റെ മുൻകാലങ്ങളിൽ ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങൾ കാരണം സിനിമയാണ് എനിക്ക് വേണ്ടി ചിന്തിക്കുന്നത്. ഒരു സിനിമയിൽ എന്റെ കഥാപാത്രം ശെരിയായില്ല എന്ന് പറഞ്ഞാൽ, ഞാൻ മുമ്പ് ചെയ്തുവെച്ച ഏതോ കഥാപാത്രങ്ങളുടെ റെഫറൻസ് അവർ മനസ്സിൽ വെച്ചിട്ടുണ്ടാകും. എന്റെ തുടക്കകാലങ്ങളിൽ ഒരുപാട് ഡയറക്ടർമാർ എന്നിലെ അഭിനേതാവിനെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്, നടൻ പറഞ്ഞു.

തന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലം മുതൽ തന്നെ പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്ന് പറയുകയാണ് സത്യരാജ്.

‘എന്റെ മുപ്പതാം വയസ്സിൽ ഞാൻ രജനികാന്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. അന്ന് രജനി സാറിന് 34 വയസ്സാണ് പ്രായം. അതുപോലെ മണിരത്നം സാറിന്റെ ആദ്യ തമിഴ് സിനിമയിൽ ഞാൻ 32-ാം വയസ്സിൽ അഭിനയിക്കുമ്പോൾ എനിക്ക് കൊച്ചുമകൾ ഒക്കെ ഉണ്ടായിരുന്നു. അതുപോലെ ഫാസിൽ സാറിന്റെ പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ പൂവിഴി വാസലിലെയിലും, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ഭരത് ഗോപി സാറിന്റെ കഥാപാത്രത്തിന്റെ റീമേക്കിലും ഞാൻ തന്നെയാണ് അഭിനയിച്ചത്. അക്കാലത്ത് നല്ല കഥാപാത്രങ്ങൾ അത്തരം മികച്ച സംവിധായകർ തന്നെ എനിക്ക് തന്നിട്ടുണ്ട്, അതിൽ എനിക്ക് എന്നും നന്ദിയുണ്ട്,’ സത്യരാജ് പറഞ്ഞു.

തന്റെ സിനിമകളിൽ കൊണ്ടുവരുന്ന അഭിനയശൈലിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു

‘എന്റേതായ രീതിയിലുള്ള അഭിനയശൈലികളൊക്കെ സ്വാഭാവികമായി വരുന്നതാണ്. ജീവിതത്തിൽ ഞാൻ കുറച്ച് പരിഹാസരൂപേണ സംസാരിക്കുന്ന ആളാണ്. ഞാൻ സംസാരിക്കുമ്പോൾ അതിൽ ആ ഒരു ഘടകം ഉണ്ടാകാറുണ്ട്. എന്നാൽ അത് ഞാൻ പരമാവധി കൺട്രോൾ ചെയ്ത് വളരെ നന്നായി പെരുമാറാൻ തന്നെയാണ് ശ്രമിക്കാറുള്ളത്,’ സത്യരാജ് പറഞ്ഞു.

സിനിമയിലെ കോമഡി അവതരണത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും സത്യരാജ് സംസാരിച്ചു

‘പണ്ട് സിനിമകളിൽ ഞാനും വടിവേലുവും ഒക്കെ ചെയ്തിരുന്ന കോമഡികൾ ഇന്നത്തേതിൽ നിന്നും വ്യത്യസ്തമാണ്. ഞാൻ ഈയടുത്ത് ചെയ്ത ലവ് ടുഡേ എന്ന സിനിമയിലായാലും, അതുപോലെ ജി.ഡി.എൻ എന്ന ചിത്രത്തിൽ ചെയ്ത കഥാപാത്രത്തിലായാലും വേറൊരു രീതിയിലാണ് കോമഡി കൈകാര്യം ചെയ്തിട്ടുള്ളത്. ഓരോ സിനിമയിലെയും കഥാപാത്രങ്ങളുടെ പരിധികൾ അനുസരിച്ചാണ് കോമഡി മൊമെന്റുകൾ രൂപപ്പെടുന്നത്,’ സത്യരാജ് കൂട്ടിച്ചേർത്തു.

സത്യരാജ്. Photo. Screen grab/ Youtube

 

Content Highlight: Sathyaraj talks about his acting styles and characters  in movies

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം