അഞ്ച് മിനിറ്റ് മാത്രമുള്ള ഒരു വേഷം കൊണ്ട് ആരാധകര്‍ക്ക് ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ് സമ്മാനിച്ച മോഹന്‍ലാല്‍ കഥാപാത്രമാണ് ജയിലറിലെ മാത്യു. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനായ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥിവേഷം ഒരുപാട് ആഘോഷിക്കപ്പെട്ടു. രണ്ട് കിടിലന്‍ ഇന്‍ട്രോ സീനുകളാണ് ജയിലറില്‍ മോഹന്‍ലാലിന് ലഭിച്ചത്.

സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ അനിരുദ്ധിന്റെ ബി.ജി.എമ്മില്‍ മോഹന്‍ലാല്‍ നടന്നുവരുന്ന സീനിന് പ്രത്യക ഫാന്‍ബേസുണ്ട്. ജയിലറിന്റെ രണ്ടാം ഭാഗത്തിലും എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നതും മാത്യുവിന് വേണ്ടിയാണ്. രജിനി- മോഹന്‍ലാല്‍ ഒന്നിച്ചെത്തുന്ന ഫ്രെയിം ഇത്തവണയും തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പാണ്.

ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി ബി.ജി.എം ഒരുക്കിയതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ്. ഓരോ കഥാപാത്രങ്ങളെയും തെരഞ്ഞെടുത്ത ശേഷമാണ് അവര്‍ക്ക് വേണ്ടി ബി.ജി.എം ഒരുക്കിയതെന്ന് അനിരുദ്ധ് പറഞ്ഞു. സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനി.

‘ഇതില്‍ ഇംപോര്‍ട്ടന്റായ രണ്ട് ഗസ്റ്റ് റോളുകളുണ്ട്. അവര്‍ രണ്ട് പേരും വേറെ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകളാണ്. അതിനനുസരിച്ച് സ്‌പെഷ്യലായിട്ട് ബി.ജി.എം സെറ്റ് ചെയ്യണം. ശിവരാജ് കുമാര്‍ സാര്‍ മംഗളൂരു ബേസ് ചെയ്ത കഥാപാത്രമായതുകൊണ്ട് നമ്മുടെ നാടിന്റെ സ്റ്റൈലിന് ചേരുന്ന തരത്തില്‍ റൂട്ടഡായി ഒരു പരിപാടി പിടിച്ചു.

പക്ഷേ, ലാല്‍ സാറിന്റെ ക്യാരക്ടര്‍ ഡിഫറന്റാണ്. അദ്ദേഹം ബോംബൈയില്‍ ഗോള്‍ഡ് ബിസിനസൊക്കെ നടത്തുന്ന വേറെ ലെവല്‍ ഡോണാണ്. അപ്പോള്‍ അതിനനുസരിച്ച് പാബ്ലോയെപ്പോലെ സ്‌റ്റൈലിഷായിട്ടുള്ള ഒരു ബി.ജി.എം ഒരുക്കി. തിയേറ്ററില്‍ അത് വര്‍ക്കായി എന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷമായി,’ അനിരുദ്ധ് പറയുന്നു.

തമിഴിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ക്കുമെന്ന് ഉറപ്പുള്ള ചിത്രമാണ് ജയിലര്‍ 2. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലന്‍, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, ഹക്കിം ഷാ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ഇതിന് പുറമെ വിജയ് സേതുപതി, ഹൃതിക് റോഷന്‍ എന്നിവരുടെ അതിഥിവേഷവും ഹൈപ്പ് ഉയര്‍ത്തുന്നു. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Anirudh about the making of Mohanlal’s BGM in Jailer