ബിഗ് ബജറ്റ് സിനിമകളെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് 2026ല്‍ കാണാന്‍ സാധിക്കുന്നത്. വലിയ ഹൈപ്പിലെത്തുന്ന സിനിമകള്‍ പലതും ബജറ്റ് പോലും തിരിച്ചുകിട്ടാതെ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുകയാണ്. ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് തെലുങ്ക് ചിത്രം പാരഡൈസ്. നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയിരുന്നു.

എന്നാല്‍ പെയ്ഡ് പ്രീമിയറിന് പിന്നാലെ വന്‍ നെഗറ്റീവ് റെസ്‌പോണ്‍സാണ് പാരഡൈസിന് ലഭിക്കുന്നത്. കെ.ജി.എഫ്, ഛത്രപതി പോലുള്ള മാസ് സിനിമകളുടെ അതേ ടെംപ്ലേറ്റില്‍ കഥ പറഞ്ഞ പാരഡൈസ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ്. മാസ് ഹീറോയിലേക്കുള്ള നാനിയുടെ ചുവടുവെപ്പ് പാളിയെന്ന് തന്നെ പറയാം.

മോശം തിരക്കഥക്ക് പുറമെ മോശം ക്യാരക്ടറൈസേഷനുമാണ് പാരഡൈസിലുള്ളത്. അതില്‍ എടുത്തുപറയേണ്ട കഥാപാത്രസൃഷ്ടിയാണ് നായികയായ കയദു ലോഹറിന്റേത്. സുബ്ബലക്ഷ്മി എന്ന കഥാപാത്രമായാണ് കയദു വേഷമിട്ടത്. സമീപകാലത്ത് തെലുങ്കിലെ മോശം നായികമാരില്‍ ഒരാളായി സുബ്ബലക്ഷ്മിയെ കണക്കാക്കാം.

സിനിമാനടിയാകാന്‍ വേണ്ടി ബോംബൈയില്‍ പോയി, ഒന്നുമാകാനാകാതെ തിരിച്ച് നാട്ടിലെത്തുന്ന കഥാപാത്രമാണ് സുബ്ബു. നാട്ടിലെത്തിയപ്പോള്‍ നായിക അറിയുന്നത് തന്റെ അച്ഛന്‍ മരിച്ച വാര്‍ത്തയാണ്. അച്ഛന്‍ വരുത്തിവെച്ച കടം കാരണം സ്വത്തുക്കളെല്ലാം കൈവിട്ടുപോകുന്ന അവസ്ഥ വരുമ്പോള്‍ അത് വീട്ടാന്‍ സുബ്ബു നേരിട്ട് ഇറങ്ങുന്നിടത്ത് കഥ മറ്റൊരു രീതിയിലേക്ക് പോകുന്നു.

അമ്മയുടെ സഹായത്തോടെ താന്‍ ഒറ്റക്കുള്ള എക്‌സ്‌പോസിങ് രംഗങ്ങള്‍ ഷൂട്ട് ചെയ്ത് അത് തങ്ങളുടെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയാണ് സുബ്ബലക്ഷ്മി. ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഓണ്‍ലി ഫാന്‍സിന്റെ മറ്റൊരു രൂപമായി ഇതിനെ കണക്കാക്കാം. അല്പവസ്ത്രം ധരിച്ചെത്തുന്ന നായികയെ കാണാന്‍ അന്നാട്ടിലെ ആളുകള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറുകയാണ്.

അങ്ങനെ കിട്ടുന്ന പൈസ കൊണ്ട് നായിക അച്ഛന്റെ കടം വീട്ടുകയും അത് കണ്ട് അമ്മ സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. അടുത്തകാലത്തൊന്നും ഇത്ര മോശം കഥാപാത്രസൃഷ്ടി കണ്ടിട്ടില്ല. സംവിധായകന് എങ്ങനെയാണ് ഇതൊക്കെ എഴുതാന്‍ സാധിച്ചതെന്ന് ഒരുപാട് ചിന്തിച്ചു. തെലുങ്കിലെ മുന്‍നിര സംവിധായകനായ സുകുമാറിന്റെ സഹായിയായിരുന്നു ശ്രീകാന്ത് ഒഡേല.

നായകന് ഉമ്മ വെക്കണമെങ്കില്‍ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ട, വില്ലന്റെ കൂടെ പോകാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് ഒരുരാത്രി കൂടെ കിടക്കാമോ എന്ന് നായകനോട് ചോദിച്ച പുഷ്പയുടെ ശ്രീവല്ലിയെ സൃഷ്ടിച്ച സംവിധായകനാണ് സുകുമാര്‍. ആ സ്‌കൂളില്‍ നിന്ന് വരുന്ന സംവിധായകന്‍ ഇത്രയെങ്കിലും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

സുകുമാറിന്റെ മറ്റൊരു ശിഷ്യനായ ബുച്ചി ബാബു സനയുടെ പെദ്ദിയും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ജാന്‍വി കപൂര്‍ അവതരിപ്പിച്ച ആച്ചിയമ്മ കുറച്ചുകാലം ട്രോള്‍ പേജുകളില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം സംവിധായകര്‍ ഉള്ളിടത്തോളം കാലം നായികയുടെ മേനിയഴക് വെച്ച് മാത്രം സിനിമ മാര്‍ക്കറ്റ് ചെയ്യുന്ന വൃത്തികെട്ട ചിന്തയില്‍ നിന്ന് തെലുങ്ക് സിനിമ അടുത്ത കാലത്തൊന്നും പുറത്തുകടക്കില്ലെന്ന് ഉറപ്പാണ്.

Content Highlight: Kayadu Lohar’s character in Paradise movie