ന്യൂദല്‍ഹി: റോഡ് പരിശോധനയ്ക്കിടെ ദല്‍ഹി പൊതുമരാമത്ത് മന്ത്രി പര്‍വേശ് വര്‍മ യുവാവിന്റെ കരണത്തടിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. തിലക് മാര്‍ഗിലെ റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച തര്‍ക്കത്തിനിടെ ഫോണ്‍ പിടിച്ചുവാങ്ങി മന്ത്രി യുവാവിനെ തല്ലുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തിനെതിരെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ ബലപ്രയോഗം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പര്‍വേശ് വര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തിലക് നഗറില്‍ പ്രതിഷേധം നടത്തി.

‘തെരുവില്‍ വെച്ച് ചോദ്യം ചെയ്താല്‍ കരണത്തടി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്, പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചാല്‍ മൈക്ക് ഓഫ് ചെയ്യും. ഇവരിത് ചെയ്യുന്നത് തെരഞ്ഞെടുപ്പിലൂടെ ഇവരെ പുറത്താക്കാന്‍ പറ്റും എന്ന ഭയമില്ലാത്തത് കൊണ്ടാണ്.

വോട്ട് മോഷണത്തിലൂടെ ജയം മാത്രമല്ല, അഹങ്കാരവും അവര്‍ വാങ്ങുന്നു. തെരഞ്ഞെടുപ്പ് ജയത്തെ നിസാരമായി കാണുന്ന ഒരു സര്‍ക്കാരിന് ജനങ്ങളുടെ സമ്മതമല്ല വേണ്ടത്, മറിച്ച് അന്ധമായ ഭക്തിയാണ്,’ രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

‘മോദിജിയുടെ ഒരു മന്ത്രി റോഡ് നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഒരു യുവാവിനെ പരസ്യമായി തല്ലി. ഞാന്‍ നാളെ തിലക് നഗറില്‍ പോയി ഈ റോഡ് പരിശോധിക്കും’, അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

സംഭവത്തില്‍ പ്രതികരണവുമായി പര്‍വേശ് വര്‍മ രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ജര്‍ണൈല്‍ സിങിനോടൊപ്പമുണ്ടായിരുന്ന യുവാവ് തന്റെ കുടുംബത്തെ അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് താന്‍ പ്രതികരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ അക്രമത്തിനിരയായ യുവാവ് ഇത് നിഷേധിച്ച് രംഗത്തെത്തി. താന്‍ റോഡ് നിര്‍മാണത്തിന്റെ മോശം നിലവാരത്തെക്കുറിച്ച് മന്ത്രിയോട് ചോദിക്കുക മാത്രമായിരുന്നുവെന്നും വര്‍മയെയോ കുടുംബത്തെയോ താന്‍ അപമാനിച്ചതായി തെളിഞ്ഞാല്‍ പൊലീസിന് കീഴടങ്ങുമെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

റോഡിന്റെ ഒരു ഭാഗം ഉയര്‍ത്തിയും കീറിയുമാണ് മോശം അവസ്ഥ കാണിച്ചുകൊടുത്തതെന്നും നിര്‍മാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോപണങ്ങള്‍ അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ലെന്നും യുവാവ് പറഞ്ഞു.

Content Highlight: ‘Hooliganism won’t be tolerated; what is his crime?’: Rahul Gandhi, AAP rage over Parvesh Verma’s slapgate