ഉജ്ജൈന്‍: മധ്യപ്രദേശിലെ ഉജ്ജൈനിലെ ചരിത്ര പ്രസിദ്ധമായ ഷാഹി മസ്ജിദ് പൊളിച്ച് നീക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഒരുമിച്ച് കൂടി പ്രതിരോധിച്ച് വിശ്വാസികള്‍. 2028ല്‍ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്കായി സ്ഥലം വികസിപ്പിക്കുന്നതിന് പള്ളിയുടെ ഒരുഭാഗം പൊളിച്ച് മാറ്റാനായിരുന്നു ഭരണകൂടത്തിന്റെ നീക്കം.
ബൂള്‍ഡോസര്‍ വെച്ച് പൊളിച്ച് നീക്കാനുള്ള അധികൃതരുടെ നടപടിക്കെതിരെ നൂറ് കണക്കിന് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഒരുമിച്ച് കൂടി പ്രതിരോധം തീര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ പള്ളിക്കകത്തും പുറത്തുമായി തടിച്ചുകൂടി കുത്തിയിരുന്ന് പ്രാര്‍ഥനകളും പ്രതിഷേധവും നടത്തി.
അര്‍ധരാത്രിയോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പള്ളി പരിസരത്ത് വിന്യസിക്കുകയും ബാരിക്കേഡുകള്‍ തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പള്ളി കമ്മിറ്റി അംഗങ്ങളെയും താമസക്കാരെയും നിര്‍ദിഷ്ട പള്ളിപ്പൊളിക്കലുമായി സഹകരിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. ഛത്രി ചൗക്കില്‍ സ്ഥിതി ചെയ്യുന്ന ഗോപാല്‍ മന്ദിര്‍ പാതയില്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുന്നതിനായാണ് ഉജ്ജൈന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പള്ളിയുടെ ഒരു ഭാഗം പൊളിക്കാന്‍ നോട്ടീസ് നല്‍കിയത്.
കുംഭമേളയ്ക്കായി കോടിക്കണക്കിന് ഭക്തര്‍ എത്തുമെന്നും അതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ റോഡിന്റെ വീതി കൂട്ടുന്നത് അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ വാദം. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് പള്ളി പൊളിക്കാനുള്ള നീക്കമെന്നാണ് മുന്‍സിപാലിറ്റിയുടെ വാദം.
മുനിസിപ്പല്‍ കോര്‍പറേഷന്റെ നോട്ടീസിനെതിരെ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹരജി തള്ളിയിരുന്നു.
വിശാലമായ പൊതുതാത്പര്യവും സിംഹസ്ഥ കുംഭമേളയുടെ പ്രാധാന്യവും പരിഗണിച്ച് സ്വീകരിച്ച നടപടിയില്‍ ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് സന്ദീപ് എന്‍ ഭട്ടിന്റെ നിരീക്ഷണം. തുടര്‍ന്ന് ഈ വിധിക്കെതിരെ മസ്ജിദ് ട്രസ്റ്റ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
അപ്പീല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ച പശ്ചാത്തലത്തില്‍, തിങ്കളാഴ്ച (ഇന്ന്) കോടതിയില്‍ വാദം കേള്‍ക്കുന്നതിന് മുന്‍പ് ഭരണകൂടം പൊളിക്കല്‍ നടപടികളിലേക്ക് കടക്കരുതെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
എഡി 1390-ല്‍ നിര്‍മിച്ച ഷാഹി മസ്ജിദ് നഗരത്തിലെ തന്നെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങളില്‍ ഒന്നാണെന്ന് പള്ളിയിലെ ഇമാം മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. റോഡ് വികസനത്തോട് പൂര്‍ണമായി സഹകരിക്കാന്‍ പ്രദേശവാസികള്‍ തയാറാണെന്നും എന്നാല്‍, പുരാതന നിര്‍മിതിയായ മസ്ജിദിന്റെ ചെറിയൊരു ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍പ്പോലും 120 അടി ഉയരമുള്ള മിനാരവും പ്രധാന പ്രാര്‍ഥനാ ഹാളും അടങ്ങുന്ന മുഴുവന്‍ കെട്ടിടവും തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Content Highlight: Road widening for Kumbh Mela: Move to demolish Ujjain’s Shahi Masjid; hundreds of believers gather inside the mosque to protest.
