താരകുടുംബത്തില്‍ നിന്ന് കടന്നുവന്ന നടന്മാരിലൊരാളാണ് കാര്‍ത്തി. പഴയകാല നടന്‍ ശിവകുമാറിന്റെ മകനും സൂര്യയുടെ അനിയനുമായ കാര്‍ത്തി ആദ്യചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. പരുത്തിവീരനിലൂടെ അഭിനയജീവിതം ആരംഭിച്ച കാര്‍ത്തി വളരെവേഗത്തില്‍ തമിഴകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

സഹോദരന്‍ സൂര്യക്ക് ഇടക്കാലത്ത് ബോക്‌സ് ഓഫീസില്‍ അടിതെറ്റിയപ്പോഴും മികച്ച സിനിമകളുമായി കാര്‍ത്തി കളംനിറഞ്ഞിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി ഗംഭീര സിനിമകള്‍ ചെയ്ത കാര്‍ത്തിയുടെ സ്‌ക്രിപ്റ്റ് സെലക്ഷനെ പലരും അഭിനന്ദിക്കുകയും ചെയ്തു. മണിരത്‌നത്തിന്റെ മാഗ്നം ഓപ്പസ് പൊന്നിയിന്‍ സെല്‍വനില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന വേഷമായിരുന്നു കാര്‍ത്തിക്ക്.

എന്നാല്‍ ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ താരത്തിന് അത്ര നല്ല സമയമല്ല. സമീപകാലത്ത് കാര്‍ത്തി നായകനായ പല സിനിമകളും ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സര്‍ദാര്‍ 2 ബജറ്റിന്റെ പകുതി പോലും നേടാതെയാണ് കളംവിടുന്നത്. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ആകെ 25 കോടിയാണ് ഇതുവരെ നേടിയത്.

തമിഴ്‌നാട്ടില്‍ വെറും 10.4 കോടിയാണ് സര്‍ദാര്‍ 2ന് സ്വന്തമാക്കാനായത്. ബജറ്റിന്റെ പത്തിലൊന്ന് പോലും നേടാനാകാത്ത പരിതാപകരമായ അവസ്ഥയാണ് കാര്‍ത്തിയുടേതെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ ചിത്രമായ വാ വാത്തിയാറും തമിഴ്‌നാട്ടില്‍ 10 കോടിക്കടുത്ത് മാത്രമാണ് നേടിയത്. ഇത്രയും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നത് ആരാധകര്‍ക്കും നിരാശ സമ്മാനിച്ചിട്ടുണ്ട്.

സര്‍ദാര്‍ 2ന് ശേഷം കാര്‍ത്തി നായകനാകുന്ന മാര്‍ഷലിന്റെ ഷൂട്ടും ഇഴഞ്ഞ് നീങ്ങുകയാണ്. കരിയറിലെ ഏറ്റവും വലിയ വിജയമാകുമെന്ന് കരുതിയ കൈതി 2ന്റെ ഷൂട്ട് ആരംഭിക്കാത്തതും ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. അല്ലു അര്‍ജുനുമൊത്തുള്ള പ്രൊജക്ട് കാരണമാണ് ലോകേഷ് കൈതി 2 വൈകിക്കുന്നത്.

കാര്‍ത്തിയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ സര്‍ദാറിന്റെ തുടര്‍ച്ച പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. നല്ല ആശയമായിരുന്നിട്ടും യാതൊരു ഇമോഷണല്‍ കണക്ഷനുമില്ലാതെ ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന് തിരിച്ചടിയായത്. സഹേദരന്‍ സൂര്യ ഫ്‌ളോപ്പ് സ്ട്രീക്കില്‍ നിന്ന് തിരിച്ചുവന്നതുപോലെ കാര്‍ത്തിയും തിരിച്ചുവരുമെന്നാണ് കരുതുന്നത്.

Content Highlight: Karthi’s Sardar 2 collected just 10 crore from Tamilnadu