വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ് ലിയുടെയും കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്സിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 108 പന്ത് നേരിട്ട് 12 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സാണ് ഗ്രീവ്സ് സ്വന്തമാക്കിയത്.
സെഞ്ച്വറിക്ക് പുറമെ ജോണ്‍ കാംബെല്ലിനെ ഒപ്പം കൂട്ടി ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗ്രീവ്സിന് സാധിച്ചിരുന്നു. 135 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 60 പന്തില്‍ 62 റണ്‍സായിരുന്നു കാംബെല്ലിന്റെ സമ്പാദ്യം.
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ആമിര്‍ ജാംഗുവും തിളങ്ങി. 43 പന്ത് നേരിട്ട് പുറത്താകാതെ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295ലെത്തി. ഒരുവേള 350ലെത്തുമെന്ന് പ്രതീക്ഷിച്ച സ്‌കോറാണ് ചില താരങ്ങളുടെ മെല്ലെപ്പോക്കില്‍ 295ലൊതുങ്ങിയത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോ-ഗില്‍ സഖ്യം പടുത്തുയര്‍ത്തിയത്.
രോഹിത് ശര്‍മയെ മടക്കി അല്‍സാരി ജോസഫാണ് കൂട്ടുകെട്ട് പൊളിച്ചത്. 35 പന്തില്‍ 32 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
വണ്‍ ഡൗണായി വിരാട് കോഹ്‌ലിയെത്തിയതോടെ ഇന്ത്യ വീണ്ടും മൊമെന്റം തിരിച്ചുപിടിച്ചു. രണ്ടാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കിങ്ങും പ്രിന്‍സും ഇന്ത്യയെ വിജയ തീരത്തേക്കടുപ്പിച്ചത്.
ഈ കൂട്ടുകെട്ടിനിടെ ഇരുവരും കരിയറിലെ പ്രധാന നാഴികക്കല്ലുകള്‍ താണ്ടുകയും ചെയ്തു. വിരാട് ഏകദിനത്തില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍ ഓപ്പണറെന്ന നിലയില്‍ 3,000 റണ്‍സെന്ന നേട്ടം ഗില്ലും പിന്നിട്ടു.
ടീം സ്‌കോര്‍ 225ല്‍ നില്‍ക്കവെ ഗില്ലിനെ മടക്കി റോസ്റ്റണ്‍ ചെയ്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്. 108 പന്തില്‍ 110 റണ്‍സുമായാണ് ഗില്‍ കളം വിട്ടത്.
ഗില്‍ പുറത്തായെങ്കിലും വിരാട് തന്റെ മാസ്റ്റര്‍ ക്ലാസ് പുറത്തെടുത്തുകൊണ്ടിരുന്നു. നാലാമനായി കളത്തിലിറങ്ങിയ ഋതുരാജ് ഗെയ്ക്വാദിനെ ഒരറ്റത്ത് നിര്‍ത്തി വിരാട് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി.
കരിയരിലെ മറ്റൊരു ഏകദിന സെഞ്ച്വറി കൂടി പൂര്‍ത്തിയാക്കിയാണ് വിരാട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ഒടുവില്‍ 50 പന്ത് ശേഷിക്കെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
88 പന്തില്‍ പുറത്താകാതെ 139 റണ്‍സാണ് വിരാട് അടിച്ചെടുത്തത്. പത്ത് ഫോറും ഒമ്പത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സെപ്റ്റംബര്‍ 30നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗുവാഹത്തിയാണ് വേദി.
Content Highlight: IND vs WI: India defeated West Indies in series opener
