ഇന്‍സ്റ്റഗ്രാമിലെ തമിഴ് പേജുകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് മൊത രാത്രി. നവാഗതനായ രാജ കറുപ്പസാമി സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നാണ്. തിരുനെല്‍വേലിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും അതിന് ശേഷമുള്ള സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ. പേര് സൂചിപ്പിക്കുന്നത് പോലെ ഫസ്റ്റ് നൈറ്റാണ് സിനിമയുടെ പ്രധാന വിഷയം.

കോമഡിക്ക് പ്രധാന്യം നല്‍കി ഒരുക്കിയ സിനിമയാണെങ്കിലും പാട്രിയാര്‍ക്കി, സ്ത്രീ സമത്വം തുടങ്ങി ശക്തമായ വിഷയങ്ങളെ ഗംഭീരമായി അവതരിപ്പിക്കാന്‍ രാജാ കറുപ്പസാമിക്ക് സാധിച്ചു. റിഷികാന്ത് നായകനായ ചിത്രത്തില്‍ മലയാളിയായ അനിഷ്മ അനില്‍കുമാറാണ് നായിക. സോഷ്യല്‍ മീഡിയ മുഴുവന്‍ അനിഷ്മ അവതരിപ്പിച്ച മുത്തുസെല്‍വിയുടെ സീനുകളാണ് വൈറല്‍.

ഇഷ്ടമല്ലാതെ ചെയ്യുന്ന കല്യാണവും അതിന്റെ നിരാശയും ആദ്യാവസാനം അനിഷ്മയില്‍ ഭദ്രമായിരുന്നു. കഥാപാത്രത്തിന്റെ മീറ്റര്‍ അണുവിട മാറാതെ കാത്തുസൂക്ഷിച്ചതില്‍ പ്രത്യേക കൈയടി താരം അര്‍ഹിക്കുന്നുണ്ട്. തിരുനെല്‍വേലി സ്ലാങ്ങിലുള്ള ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ട ഒന്നാണ്. കോമഡിയും ഇമോഷനുമെല്ലാം ചേര്‍ന്ന മുത്തുസെല്‍വി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്. മൊത രാത്രി ഹിറ്റായതോടെ ഒരു അപൂര്‍വ നേട്ടവും അനിഷ്മയെ തേടിയെത്തിയിരിക്കുകയാണ്.

തമിഴില്‍ ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയിരിക്കുകയാണ് താരം. കഴിഞ്ഞവര്‍ഷത്തെ ഗംഭീര സിനിമകളിലൊന്നായ സിറൈയിലൂടെയായിരുന്നു അനിഷ്മയുടെ തമിഴ് അരങ്ങേറ്റം. ആദ്യസിനിമയില്‍ തന്നെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ച താരം പ്രേക്ഷകമനസില്‍ ഇടംപിടിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ യൂത്തിലും അനിഷ്മയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ മൊത രാത്രിയിലും കൈയടി നേടിയതോടെ തമിഴില്‍ ഹാട്രിക് ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഓരോ സിനിമയും ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന അനിഷ്മ തമിഴ് ഇന്‍ഡസ്ട്രിയില്‍ ഒരു കലക്ക് കലക്കുമെന്ന് ഉറപ്പാണ്. അനശ്വര രാജന്‍, മമിത ബൈജു എന്നിവരെ നായികമാരായി പരിചയപ്പെടുത്തിയ ഗിരീഷ് എ.ഡിയാണ് അനിഷ്മയെയും ആദ്യമായി നായികയാക്കിയത്.

ഐ ആം കാതലനിലെ നായികാവേഷം ഒരുപാട് ചര്‍ച്ചയായിരുന്നു. ബേസില്‍ നായകനായ മരണമാസിലെ വേഷവും എടുത്തുപറയേണ്ടതാണ്. പിന്നാലെ തമിഴില്‍ ബാക്ക് ടു ബാക്ക് പ്രൊജക്ടുകള്‍ അനിഷ്മയെ തേടിയെത്തി. ഗിരീഷ് എ.ഡി സ്‌കൂളില്‍ നിന്ന് വന്ന് അന്യഭാഷയില്‍ സ്വന്തമായൊരു സ്ഥാനം നേടിയ നടിമാരുടെ ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രി കൂടിയാണ് അനിഷ്മ.

Content Highlight: Anishma Anilkumar’s performance in Modha Rathri discussing after OTT release