സൗത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സൂര്യ. 13 വര്‍ഷത്തോളം നീണ്ട തീയേറ്ററുകളിലെ പരാജയത്തിലൂടെ താരം വലിയ പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ കറുപ്പിലൂടെ താരം തിരിച്ചുവരവ് നടത്തിയിരുന്നു. 300 കോടിയിലധികം ബോക്സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയ ചിത്രത്തിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിന്റെ മറ്റൊരു ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സും 200 കോടിയിലധികം നേടി വലിയ വിജയം നേടിയിരുന്നു.
ഇപ്പോഴിതാ ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേദിയില്‍ വെച്ച് മലയാളി താരം ഫഹദ് ഫാസിലിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്കിലെ സീനിയര്‍ സംവിധായകന്‍ എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശശാങ്ക് യെലോട്ടി ആണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: District
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത് സൂര്യയായിരുന്നു. ഇവന്റില്‍ സംസാരിക്കവെ ഫഹദും താനും തമ്മില്‍ കരിയറിന്റെ ആരംഭത്തിലുള്ള സാമ്യതയെ കുറിച്ചും ഇതേക്കുറിച്ച് തങ്ങള്‍ സംസാരിച്ചതിനെ കുറിച്ചുമാണ് സൂര്യ സംസാരിച്ചത്.
‘ഫഹദുമായി ഞാന്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പാതിരാത്രിയും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇടയില്‍ ഒരുപാട് ഓര്‍മകളുണ്ട്. ഞങ്ങള്‍ രണ്ട് പേരും കരിയര്‍ ആരംഭിച്ചപ്പോള്‍ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തമ്മില്‍ എന്തെല്ലാം സാമ്യതകളുണ്ടെന്നും എല്ലാം സംസാരിച്ചിട്ടുണ്ട്. ഒരുപാട് തട്ടിതടഞ്ഞ് വീണാണ് ഞങ്ങള്‍ രണ്ട് പേരും എഴുന്നേറ്റ് നില്‍ക്കാന്‍ പഠിച്ചത്. ഇത്തരം വിഷയങ്ങളെല്ലാം ഫഹദുമായി ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്.

സൂര്യ. Photo: X.com
നിങ്ങളുടെ കാര്യങ്ങളെല്ലാം എന്നോട് പങ്കുവെച്ചതില്‍ ഒരുപാട് നന്ദിയുണ്ട്. നമ്മളെല്ലാവര്‍ക്കും മനസില്‍ ഒരു കണക്കുകൂട്ടലുണ്ടാകും ഏത് ടൈപ്പിലുള്ള ചിത്രങ്ങള്‍ ചെയ്താലാണ് ആളുകള്‍ക്ക് ഇഷ്ടപ്പെടുക എന്ന് നമുക്കെല്ലാവര്‍ക്കും ഒരു മുന്‍ധാരണയുണ്ടാകും. അത്തരത്തില്‍ അഭിനേതാക്കളെല്ലാം അവരുടെ ഇമേജ് നോക്കും. എന്നാല്‍ അങ്ങനെയൊന്നും ഫഹദിനില്ല. കഥാപാത്രം നല്ലതാണോ കഥ നല്ലതാണോ, കണ്ടന്റ് ഓഡിയന്‍സിന് കൊടുക്കാന്‍ സാധിക്കുമോ എന്നെല്ലാമാണ് ഫഹദ് നോക്കുക. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് നല്ല ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്,’ സൂര്യ പറഞ്ഞു.
Content Highlight: Actor Suriya talks about his friendship with Fahad Faazil
