രാഷ്ട്രീയ നിലപാടുകളുടെ പേരിലും എമ്പുരാന്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന്റെ പേരിലും ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വരുന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഈ സൈബര്‍ അറ്റാക്കിലും തളരാതെ മികച്ച ലൈനപ്പുമായി താരം മുന്നോട്ട് പോവുകയാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങുന്ന വാരണാസിയിലെ പ്രധാന വില്ലന്‍ കൂടിയാണ് പൃഥ്വി.

മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കഥാപാത്രമായാണ് പൃഥ്വി വേഷമിടുന്നത്. സലാറില്‍ പ്രഭാസിനൊപ്പം ശക്തമായ വേഷം കൈകാര്യം ചെയ്തതിന് ശേഷം പൃഥ്വി ഭാഗമാകുന്ന വമ്പന്‍ സിനിമ കൂടിയാണ് വാരണാസി. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന വാരണാസിയുടെ ഷൂട്ടിനിടയില്‍ നാല് സിനിമകള്‍ പൂര്‍ത്തിയാക്കിയ പൃഥ്വിയുടെ ലൈനപ്പ് ശക്തമാണ്.

വാരണാസിക്ക് ശേഷം മറ്റൊരു ബിഗ് ബജറ്റ് പ്രൊജക്ടും പൃഥ്വിയെ തേടിയെത്തിയിട്ടുണ്ട്. സുജീത് സംവിധാനം ചെയ്യുന്ന ബ്ലഡി റോമിയോയില്‍ പൃഥ്വിയും ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാഹോ, ഒ.ജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുജീത് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. ബ്ലഡി റോമിയോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം ആരംഭിക്കും.

ആക്ഷന്‍ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തില്‍ നായകനോളം പ്രാധാന്യമുള്ള കഥാപാത്രമാണ് പൃഥ്വിയുടേത്. ആദ്യമൊന്നും ബ്ലഡി റോമിയോയോട് വലിയ താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് പൃഥ്വിയില്ലാതെ ഈ സിനിമ ചെയ്യില്ലെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. നാനിയുടെ സഹോദരനായിരിക്കും പൃഥ്വിയുടെ കഥാപാത്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് തെലുങ്ക് സിനിമകളും ഒരു മലയാളസിനിമയുമാകും അടുത്തവര്‍ഷം പൃഥ്വിയുടേതായി പുറത്തിറങ്ങുക. ഏപ്രിലില്‍ വാരണാസിയാണ് 2027ലെ പൃഥ്വിയുടെ ആദ്യ റിലീസ്. ഇതിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം സമ്മര്‍ റിലീസായാകും ചിത്രം എത്തുക.

ഇതിന് ശേഷം ബ്ലഡി റോമിയോയിലേക്ക് പൃഥ്വി കടന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ നാനിയുടെ പാരഡൈസ് പരാജയമായിരിക്കുകയാണ്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാറി. പാരഡൈസിന്റെ ക്ഷീണം ബ്ലഡി റോമിയോയില്‍ നാനി തീര്‍ക്കുമെന്നും ആരാധകര്‍ കരുതുന്നുണ്ട്.

Content Highlight: Rumors that Prithviraj might play an important role in Nani’s next Telugu movie