ശക്തമായ നിലപാട് കൊണ്ടും, അഭിനയ മികവ് കൊണ്ടും സിനിമ ഇന്‍ഡസ്ട്രിയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് പാര്‍വതി തിരുവോത്ത്. 2006 ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. എന്നാല്‍ 2015 ല്‍ പൃഥ്വിരാജ് നായകനായെത്തിയ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. പൃഥ്വിരാജ് നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ഐ നോബഡിയ്ക്ക് പിന്നാലെ അടുത്തിടെ തിയേറ്ററുകളിലെത്തിയ പാര്‍വതിയുടെ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍.

പാര്‍വതി തിരുവോത്ത്. Photo: Parvathy Thiruvoth/ Facebook.com

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് കഥാപാത്രമായിട്ടായിരുന്നു പാര്‍വതി വേഷമിട്ടത്. താരം ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, വിജയരാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അസീസ് നെടുമങ്ങാട് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നു. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന് മികച്ച കളക്ഷനാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ കരിയറിലെ അന്യഭാഷാ ചിത്രങ്ങളെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ അന്യഭാഷാ ചിത്രങ്ങള്‍ തന്നെ ഒരു കവചം പോലെ സംരക്ഷിച്ചിരുന്നു എന്ന് പറയുകയാണ് താരം.

‘ഞാന്‍ ഫിലിം സ്‌കൂളിലോ, ആക്ടിങ് സ്‌കൂളിലോ പോയിട്ടില്ല. ഓണ്‍ ദി ജോബാണ് ഞാന്‍ അഭിനയം പഠിച്ചത്. കരിയര്‍ തുടങ്ങി ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ എന്റെ ആദ്യത്തെ വര്‍ക്ക് ഷോപ്പിന് പോകുന്നത്. അവിടെ പോകുമ്പോള്‍ നമ്മള്‍ എത്ര പരാജയപ്പെട്ടാലും കുഴപ്പമില്ല. സെറ്റില്‍ അതൊരു സമ്മര്‍ദമാണ്. വര്‍ക്ക് ഷോപ്പില്‍ പരാജയപ്പെടുന്നതിന് അനുസരിച്ച് നമുക്ക് കൂടുതല്‍ പഠിക്കാം.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. Photo: X.com

അങ്ങനെയാണ് ഞാന്‍ അന്യഭാഷാ ചിത്രങ്ങളെയും കണ്ടിട്ടുള്ളത്. വേറെ ഭാഷകളില്‍ പോകുമ്പോള്‍ എനിക്ക് ആ ഭാഷ പഠിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ആ കഥാപാത്രം ചിന്തിക്കുന്ന ഭാഷ ഏതാണെന്ന് പഠിച്ചെടുക്കാന്‍ പറ്റിയാല്‍ കുറേക്കൂടെ ഇംപ്രൊവൈസ് ചെയ്യാന്‍ പറ്റും. ഭാഷ മാത്രം നോക്കിയിട്ടല്ല ചിത്രങ്ങള്‍ ചെയ്തിരുന്നത്. നല്ല വര്‍ക്ക് കിട്ടുമ്പോള്‍ എവിടെയാണെങ്കിലും പോയി ചെയ്യുക എന്നതായിരുന്നു. ഇവിടെ വര്‍ക്ക് കുറഞ്ഞ സമയത്ത് മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും കിട്ടുന്ന വര്‍ക്ക് എന്നെ ഒരു കവചം പോലെ കാത്തുസൂക്ഷിച്ചു എന്ന് തന്നെ പറയാം,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy thiruvoth talks about her experience from other language films