ഒടുവില്‍ അതും നേടി; മഞ്ഞക്കുപ്പായത്തില്‍ മിന്നി പുതു ചരിത്രമെഴുതി സഞ്ജു
Cricket
ഒടുവില്‍ അതും നേടി; മഞ്ഞക്കുപ്പായത്തില്‍ മിന്നി പുതു ചരിത്രമെഴുതി സഞ്ജു
Sudev A
Wednesday, 6th May 2026, 9:08 am

 

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു.

മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. ഈ സീസണിലെ തന്റെ മൂന്നാം പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്.

തന്റെ ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായാണ് സഞ്ജു ഒരു സീസണില്‍ മൂന്ന് തവണ പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേട്ടം സ്വന്തമാക്കുന്നത്. ഐ.പി.എല്ലില്‍ 2013ല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും കളിച്ചിട്ടും നേടാനാവാത്ത പ്ലയെര്‍ ഓഫ് ദി മാച്ച് നേട്ടമാണ് ചെന്നൈക്കൊപ്പം വെറും ഒറ്റ സീസണ്‍ കൊണ്ട് കൈപ്പിടിയിലാക്കിയിരിക്കുന്നത്.

ഈ സീസണില്‍ ദല്‍ഹിക്കെതിരെയുള്ള ആദ്യ മത്സരത്തിലാണ് സഞ്ജു ചെന്നൈക്കൊപ്പം തന്റെ ആദ്യ പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയത്. ദല്‍ഹിക്കെതിരെ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്. 56 പന്തില്‍ നാല് സിക്സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായും സഞ്ജു ഇതോടെ മാറിയിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു സഞ്ജുവിന്റെ രണ്ടാം പ്ലെയെര്‍ ഓഫ് ദി മാച്ച് നേട്ടം. ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി മുംബൈക്കെതിരെ നേടിയാണ് സഞ്ജു വീണ്ടും കളിയിലെ താരമായി മാറിയിരുന്നത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 101 റണ്‍സാണ് സഞ്ജു മുംബൈക്കെതിരെ നേടിയത്.

സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com

മെയ് 10ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി. സഞ്ജുവിന്റെ ഈ മിന്നും പ്രകടനം ഈ നിര്‍ണായക മത്സരത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Sanju Samson won three player of the match award in a single season first time in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.