2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ’എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.
ഇതിനുപുറമെ ദുൽഖർ ചിത്രമായ ഐ ആം ഗെയിം, യുവ സംവിധായകൻ ഷഹദ് റഹ്മാൻ സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും വിനയ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

വിനയ് ഫോർട്ട്. Photo. X.com

ബിജു മേനോൻ, ഗണപതി, ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ ഷീല തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് ആണ് തിയേറ്ററുകളിൽ എത്തുന്ന വിനയിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്പെയിസിന് നൽകിയ അഭിമുഖത്തിൽ അഭിനയരംഗത്തേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടൻ.

ഒരു ഇരുപതു വർഷം മുമ്പ് താൻ സിനിമയിൽ അഭിനയിക്കും എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ലായിരുന്നു എന്ന് പറയുകയാണ് വിനയ്. പണ്ട് അഭിനയം പഠിക്കാനായി ഫിലിം സ്കൂളിൽ ചേർന്നതെല്ലാം ആരും അറിയാതെയായിരുന്നു എന്നും വിനയ് തുറന്നുപറഞ്ഞു. എന്നാൽ സിനിമയിൽ എത്തും എന്ന വിശ്വാസം ഉണ്ടായിരുന്നത് തനിക്കും അമ്മയ്ക്കും മാത്രമായിരുന്നു എന്നും നടൻ കൂട്ടിച്ചേർത്തു.

‘ഞാൻ ഇപ്പോൾ സിനിമയിൽ എത്തിയിട്ട് കുറച്ചു വർഷങ്ങളായി. ഒരു ഇരുപതു വർഷം മുൻപൊക്കെ ഞാൻ സിനിമയിൽ അഭിനയിക്കും എന്നൊക്കെ പറഞ്ഞാൽ എന്നെ കളിയാക്കി ഓടിക്കുമായിരുന്നു. അന്ന് ഞാൻ ഫിലിം സ്കൂളിലൊക്കെ അപ്ലൈ ചെയ്യുമ്പോൾ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. കാരണം നീ എന്തിനാ ഫിലിം സ്കൂളിലൊക്കെ പോവുന്നത്  എന്ന് ചോദിച്ച് ആളുകൾ എന്നെ ട്രോളി ഇല്ലാതാക്കി കളയുമായിരുന്നു.

ചെറുപ്പത്തിൽ ഞാൻ നാടകമൊക്കെ കളിക്കുമായിരുന്നു. പക്ഷെ സിനിമ എന്ന് പറയുന്നത് നമ്മൾക്ക് ഒക്കെ അപ്രാപ്യമായ മറ്റൊരു ലോകമാണെന്നാണ് ചുറ്റുമുള്ള ആളുകൾ നമ്മളോട് പറഞ്ഞിരുന്നത്. അതുകൊണ്ട് ആരും അറിയാതെയായിരുന്നു അന്ന് ഇതൊക്കെ ചെയ്തത്. സിനിമയിൽ എത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നത് രണ്ടു പേർക്കായിരുന്നു ഒന്ന് എനിക്കും, പിന്നെ എന്റെ അമ്മയ്ക്കും,’ വിനയ് പറഞ്ഞു.

ഇന്ത്യയിൽ നിന്നും വെറും പന്ത്രണ്ട് പേർക്ക് മാത്രം അഡ്മിഷൻ ലഭിക്കുന്ന ഫിലിം സ്കൂളിൽ തനിക്ക് അതിനുള്ള അവസരം കിട്ടിയപ്പോൾ പോലും ബന്ധുക്കൾ അടക്കം തന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുകയായിരുന്നു ചെയ്തതെന്നും വിനയ് ഓർത്തെടുക്കുന്നു. ഒരുപക്ഷെ നമ്മുടെ കഴിവുകൾ തെളിയിച്ചു കൊടുത്താൽ മാത്രമേ ആളുകൾ അംഗീകരിക്കൂ എന്ന് വിനയ് വ്യക്തമാക്കി.

വിനയ് ഫോർട്ട്. Photo. X.com

‘ഞാൻ ഫിലിം സ്കൂളിൽ പഠിക്കാൻ വേണ്ടി രണ്ടു ലക്ഷം രൂപ ലോൺ എടുത്തപ്പോൾ എന്റെ ഒരു അടുത്ത ബന്ധു എന്റെ ചേട്ടനോട് ചോദിച്ചത് ഈ രണ്ടു ലക്ഷം ലോണൊക്കെ ഇവൻ എങ്ങനെ തിരിച്ചു അടക്കാനാണ് എന്നായിരുന്നു. അതായത്, ഇന്ത്യയിലെ പ്രീമിയർ ആയിട്ടുള്ള ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടു പേർക്ക് മാത്രം അഡ്മിഷൻ ഉള്ളവരിൽ ഒരാളായിരുന്നു ഞാൻ.

നമ്മുടെ ചുറ്റുപാടുമുള്ള ആളുകൾക്ക് ഒരുപക്ഷെ നമ്മുടെ കഴിവ് അറിയില്ല. ഇപ്പോഴും ഞാൻ കരുതുന്നത് എന്റെ കഴിവിന്റെ ചെറിയൊരു ശതമാനം മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ്. ഒരുപക്ഷെ എന്റെ ഈ ഒരു ചിന്താഗതി വേറൊരാളോട് പറഞ്ഞാൽ അവർ വിശ്വസിക്കില്ല. നമ്മൾ എന്നാണോ അത് ചെയ്തു കാണിച്ചു കൊടുക്കുന്നത്, അന്നേ അവർ വിശ്വസിക്കുകയുള്ളൂ,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Vinay Forrt talks about the beginning of his career