നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാണ് രൺജി പണിക്കർ. ഷാജി കൈലാസ്, ജോഷി എന്നീ സംവിധായകരുടെ പൊളിറ്റിക്കൽ-ആക്ഷൻ ചിത്രങ്ങൾക്ക് ഒരുക്കിയ തിരക്കഥകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്.
തലസ്ഥാനം, കമ്മീഷണർ, ഏകലവ്യൻ, ദി കിംഗ്, ലേലം, പത്രം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അദ്ദേഹം 2005-ൽ ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനേതാവായും രണ്‍ജി പണിക്കർ ശ്രദ്ധ നേടി.
ഇപ്പോഴിതാ മാസ് സിനിമകളും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകമനസിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് രൺജി പണിക്കർ.

രൺജി പണിക്കർ. Photo. X,com
റിയലിസ്റ്റിക് സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായി പ്രേക്ഷകരെ അമ്പരപ്പിക്കുന്നതും യാഥാർത്ഥ്യത്തിന് അപ്പുറമുള്ളതുമായ കഥാസന്ദർഭങ്ങളെ തിയേറ്ററിൽ ഇരുത്തി വിശ്വസിപ്പിക്കുക എന്നതാണ് ഒരു മാസ് സിനിമയുടെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘മാസ് സിനിമ എന്നത് തിയേറ്ററുകളിൽ കയറിയ ആളുകളെ മറ്റൊന്നും ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ഹുക്ക് ചെയ്യാൻ പറ്റുന്നതായിരിക്കണം. കാരണം അത്തരം സിനിമകളിൽ ആളുകൾ കയ്യടിക്കുന്ന പല കാര്യങ്ങളും നമ്മുടെ റിയൽ ലൈഫിൽ സംഭവിക്കാൻ സാധ്യതയില്ലാത്തതാണ്.
ഒരു റിയലിസ്റ്റിക് സിനിമ എടുക്കുമ്പോൾ ഒരു ആക്ടർ ആ റിയലിസ്റ്റിക് സ്പേസിൽ നിന്നുകൊണ്ട് അത് കൺവിൻസ് ചെയ്യിച്ചാൽ മതി. എന്നാൽ മാസ് സിനിമകളിൽ നായകൻ ഒരു ബോംബ് പൊട്ടുന്നു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കണം, അതുപോലെ ഇയാൾ കയറി മുഖ്യമന്ത്രിയുടെ കഴുത്തിന് പിടിക്കുന്നതും ഐ.ജിയെ തല്ലുന്നതുമൊക്കെ ആളുകൾ വിശ്വസിക്കണം,’ രൺജി പണിക്കർ പറഞ്ഞു.
ഒരു തിയേറ്ററിൽ നായകൻ വില്ലനെ അടിക്കുമ്പോൾ അത് കാണികളുടെ ഉള്ളിലെ ധാർമിക രോഷത്തിന്റെ പ്രതിഫലനമായി മാറണമെന്നും, ആ കഥാപാത്രത്തിന്റെ ആവേശം പേറിയാണ് പ്രേക്ഷകൻ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജോഷിയുടെ സംവിധാനത്തിൽ രൺജി പണിക്കർ തിരക്കഥ ഒരുക്കിയ ആക്ഷൻ ത്രിലര്‍ ചിത്രം . Photo. Screen Grab/ Youtube
‘തിയേറ്ററുകളിൽ നിന്ന് ഇറങ്ങുമ്പോൾ സുരേഷ് ഗോപിയും മമ്മൂക്കയും മോഹൻലാലുമൊക്കെയായി ആവേശിച്ചുകൊണ്ടായിരിക്കണം പ്രേക്ഷകർ പുറത്തേക്ക് പോകേണ്ടത്. അത്തരം കഥാപാത്രങ്ങളെ ഒരു ബാധ പോലെ തിയേറ്ററുകൾക്ക് പുറത്തേക്ക് ക്യാരി ചെയ്യുക എന്നതാണ് കാര്യം.
ഓരോ മനുഷ്യർക്കും അവരുടേതായ ഫാന്റസികളും ധാർമിക രോഷങ്ങളുമുണ്ടാകും. അപ്പോൾ അത് ഒരാളിലേക്ക് സന്നിവേശിപ്പിക്കുകയും തിയേറ്ററുകളിൽ ഇരിക്കുന്നവർക്ക് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ അടിക്കുമ്പോൾ അത് ഞാൻ അടിക്കുന്ന അടിയാണ് എന്ന് തോന്നുകയും വേണം. എങ്കിൽ മാത്രമേ അത് എഴുതിയ ആൾ എന്ന രീതിയിൽ എനിക്ക് സന്തോഷിക്കാനും അത് സെലിബ്രേറ്റ് ചെയ്യാനും സാധിക്കുള്ളൂ,’ രൺജി പണിക്കർ പറഞ്ഞു.
