ന്യൂദല്‍ഹി: തുല്യ ജോലി ചെയ്തത് കൊണ്ട് മാത്രം തുല്യ വേതനം ലഭിക്കില്ലെന്ന് സുപ്രീം കോടതി.
തുല്യ ജോലിയും തുല്യ മൂല്യമുള്ള ജോലിയും തമ്മില്‍ വ്യത്യാസമുണ്ടെന്നുംസുപ്രീം കോടതി പറഞ്ഞു.
റിക്രൂട്ട്‌മെന്റ് രീതി, പരിചയ സമ്പത്ത്, ചുമതലകള്‍ എന്നിവയിലെല്ലാം സമത്വമുണ്ടെങ്കില്‍ മാത്രമേ തുല്യ വേതനം ആവശ്യപ്പെടാനാവൂ എന്ന് കോടതി പറഞ്ഞു. കേവലം ജോലിയിലെ സമാനതകള്‍ മാത്രം മുന്‍നിര്‍ത്തി ശമ്പള വര്‍ധനവോ തുല്യതയോ ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് നിയമപരമായ അവകാശമില്ലെന്നും, ഓരോ തസ്തികയുടെയും യോഗ്യതകളും ഉത്തരവാദിത്തങ്ങളും കൃത്യമായി വിലയിരുത്തി മാത്രമേ വേതനം നിശ്ചയിക്കാനാകൂ എന്നും സുപ്രീം കോടതി ഉത്തരവിട്ടു.
കേരളത്തിലെ ഗ്രാന്റ് ഇന്‍-എയ്ഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ തര്‍ക്കത്തിലാണ് സുപ്രീം കോടതിയുടെ ഈ വിധി വന്നിരിക്കുന്നത്. 1998-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നേരിട്ട് നിയമിക്കപ്പെട്ട ഈ അധ്യാപകര്‍, സ്ഥാനക്കയറ്റം വഴിയോ ഡെപ്യൂട്ടേഷന്‍ വഴിയോ വന്ന അധ്യാപകര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ സമയ ശമ്പള സ്‌കെയിലും അലവന്‍സുകളും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ നേരിട്ട് നിയമിക്കപ്പെട്ടവരും സ്ഥാനക്കയറ്റം വഴി വന്നവരും തമ്മില്‍ അനുഭവസമ്പത്തിലുണ്ടായ വ്യത്യാസം ചൂണ്ടിക്കാട്ടി കോടതി ഇവരുടെ അപ്പീല്‍ തള്ളുകയും, 2011-ലെ കേരള ഹൈകോടതി വിധി ശരിവെക്കുകയും ചെയ്തു. സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകരുടെ കൂടുതല്‍ അനുഭവസമ്പത്ത് ഉയര്‍ന്ന ശമ്പളം നല്‍കുന്നതിന് സാധുവായ ഒരു മാനദണ്ഡമാണെന്നും കോടതി നിരീക്ഷിച്ചു.
Content Highlight: Equal pay cannot be claimed solely on the grounds of performing equal work: Supreme Court
