മധു സി. നാരായണന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മാത്യു തോമസ്. ചിത്രത്തിൽ ഫ്രാങ്കി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ ജെയ്സണായും ഓപ്പറേഷൻ ജാവയിലെ ജെറിയായും പ്രേമലുവിൽ തോമസായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.

യുവസംവിധായകനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യ പൊലീസ കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

മാത്യു തോമസ്. Photo. Screen Grab/ Youtube

പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവാണ് എന്ന് പലരും പറയുന്നുണ്ടെങ്കിലും, സിനിമ വിട്ട് എവിടെയും പോയിട്ടില്ലായിരുന്നു എന്ന് മാത്യു പറയുന്നു. എന്നാൽ അടുത്തിടെ താൻ അഭിനയിച്ച സിനിമകൾ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലായിരുന്നു എന്ന് മാത്യു തുറന്നുപറഞ്ഞു.

‘കംബാക്ക് ചെയ്യാൻ ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു. ഞാൻ ഈയടുത്ത് ചെയ്ത സിനിമകൾ ആളുകളുടെ ഒരു എക്സ്പെക്റ്റേഷനിലേക്ക് എത്താൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ആളുകളുടെ എക്സ്പെക്റ്റേഷൻ മീറ്റ് ചെയ്യുന്ന, അതേസമയം അവർക്ക് എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു സിനിമ കുറച്ചുകാലത്തിന് ശേഷം ചെയ്യാൻ പറ്റി എന്നതിൽ സന്തോഷമുണ്ട്.

പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണങ്ങളൊക്കെ കേൾക്കുമ്പോൾ അതിലേറെ സന്തോഷം, കാരണം നമുക്ക് നല്ലത് വരണമെന്ന് കുറെപ്പേർ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നത് സന്തോഷമുള്ള കാര്യമാണ്,’ മാത്യു പറഞ്ഞു.

ചിത്രത്തിലെ തന്റെ പോലീസ് വേഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്കെല്ലാം, ആ വേഷം തന്നെ വിശ്വസിച്ച് ഏൽപ്പിച്ച സംവിധായകനോടും ഒപ്പമുണ്ടായിരുന്ന ക്രൂവിനോടുമാണ് നന്ദി പറയുന്നതെന്നും മാത്യു വ്യക്തമാക്കി.

തന്റെ അഭിനയം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഇനി വരുന്ന സിനിമകളിലൂടെ തെരരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.

‘ഇപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾക്കൊക്കെ നന്ദി പറയേണ്ടത് പ്രഥമദൃഷ്ട്യായുടെ സംവിധായകൻ ഷഹദിനോടാണ്. കാരണം ഈയൊരു പോലീസ് വേഷം ഞാൻ ചെയ്താൽ നന്നാവും എന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പ്രധാനം, അതില്ലായിരുന്നെങ്കിൽ ആ ഒരു റോൾ ഞാൻ ചെയ്യില്ലായിരുന്നു.

പിന്നെ കൂടെ അഭിനയിച്ച പാർവ്വതി ചേച്ചി, കുട്ടേട്ടൻ (വിജയരാഘവൻ), ഉണ്ണിമായ ചേച്ചി, സിദ്ധാർത്ഥ് ചേട്ടൻ, പിന്നെ ചമ്മൻ ചാക്കോയാണ് എഡിറ്റിങ്, റോബിൻ ചേട്ടനാണ് ക്യാമറ ഒക്കെ ചെയ്തത്.

പ്രഥമദൃഷ്ട്യാ കുറ്റക്കാർ. Photo. District

ഇത്രയും നല്ലൊരു ക്രൂവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു. നമ്മളെ സിനിമയിൽ മോശമായി പ്രസന്റ് ചെയ്യില്ലെന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതരുമെന്നും അറിയാമായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ തന്നെയാണ് ശ്രമിക്കുന്നത്. കിട്ടുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രമിക്കും,’ മാത്യു തോമസ് പറഞ്ഞു.

Content Highlight:  Mathew expressed gratitude for the positive reception to his performance as a police officer in Pradhama Drishtiya Kuttakkar