മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ നടന്മാരിലൊരാളാണ് പൃഥ്വിരാജ്. സമാനതകളില്ലാത്ത സൈബര്‍ അറ്റാക്കുകള്‍ നേരിട്ട്, അതിനെ അവഗണിച്ചുകൊണ്ടാണ് പൃഥ്വി ഇന്ന് കാണുന്ന ഉയരത്തിലെത്തിയത്. കേരളത്തിന് പുറത്ത് മലയാളസിനിമയെ പ്രതിനിധീകരിക്കുന്നവരില്‍ ഒരാളായ പൃഥ്വിക്ക് ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ല.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ദായ്‌റയും ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ്. റിലീസ് ചെയ്ത് ആദ്യദിനം വെറും ഒരുകോടി മാത്രമാണ് ചിത്രം നേടിയത്. ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ മേഘ്‌ന ഗുല്‍സാര്‍ അണിയിച്ചൊരുക്കിയ ചിത്രം പരാജയത്തിന്റെ വക്കിലാണ്. ഇതോടെ പൃഥ്വിയുടെ ഫ്‌ളോപ്പ് സ്ട്രീക്കില്‍ പുതിയ എന്‍ട്രിയായ ദായ്‌റ മാറി.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പൃഥ്വിയുടെ കരിയറിലെ ഏഴാമത്തെ ഫ്‌ളോപ്പാണ് ദായ്‌റ. 2024ല്‍ റിലീസായ ആടുജീവിതത്തിന് ശേഷമാണ് ഈ ഫ്‌ളോപ്പ് സ്ട്രീക്ക് ആരംഭിച്ചത്. നായകനായെത്തിയ വിലായത്ത് ബുദ്ധ, സര്‍സമീന്‍, ഐ നോബഡി, ഖലീഫ, ദായ്‌റ എന്നീ ചിത്രങ്ങള്‍ പരാജയമായപ്പോള്‍ വില്ലനായി പ്രത്യക്ഷപ്പെട്ട ബഡേ മിയാന്‍ ചോട്ടേ മിയാന്‍, പള്ളിച്ചട്ടമ്പി (കാമിയോ) എന്നീ ചിത്രങ്ങളും മോശം അഭിപ്രായം സ്വന്തമാക്കി.

ഗുരുവായൂരമ്പല നടയില്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇക്കാലയളവില്‍ ഹിറ്റായത്. അതാകട്ടെ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായതുകൊണ്ട് ക്രെഡിറ്റ് മുഴുവനായി പൃഥ്വിക്ക് നല്‍കാന്‍ കഴിയില്ല. ഓരോ സിനിമയുടെയും റിലീസിന് മുമ്പ് പൃഥ്വി നല്‍കുന്ന പ്രതീക്ഷ റിലീസിന് ശേഷം പ്രേക്ഷകര്‍ക്ക് ലഭിക്കാത്തത് തുടര്‍ക്കഥയാണ്.

30 കോടിയിലേറെ ചെലവഴിച്ച് ആറ് കോടി മാത്രം നേടുകയും ഇതുവരെ ഒ.ടി.ടി റിലീസില്‍ വിറ്റുപോകാത്തതുമായ വിലായത്ത് ബുദ്ധയാണ് ഈ ലിസ്റ്റിലെ ഏറ്റവും വലിയ പരാജയം. ഗംഭീര പൊട്ടന്‍ഷ്യലുണ്ടായിരുന്നിട്ടും മോശം രണ്ടാം പകുതി കാരണം പരാജയമായ ചിത്രമാണ് ഐ, നോബഡി. ചിത്രത്തിനായി പൃഥ്വി നല്‍കിയ എഫര്‍ട്ട് എടുത്തുപറയേണ്ടതാണ്.

മോശം തിരക്കഥയിലൊരുങ്ങിയ ഖലീഫ മേക്കിങ്ങില്‍ മുന്നിട്ട് നിന്നെന്ന് പറയാം. ജിനു എബ്രഹാമിന്റെ ഔട്ട്‌ഡേറ്റഡായ തിരക്കഥയാണ് ഖലീഫക്ക് തിരിച്ചടിയായത്. തുടര്‍ പരാജയങ്ങള്‍ നേരിടുമ്പോഴും താരത്തിന്റെ ലൈനപ്പ് പ്രതീക്ഷ നല്‍കുന്നതാണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ട് കഴിഞ്ഞദിവസം ആരംഭിച്ചു. രാജമൗലിയുടെ വാരണാസിയും ഗംഭീരമാകുമെന്നാണ് പ്രതീക്ഷകള്‍.

Content Highlight: Prithviraj’s flop streak continues after Daayra release