ന്യൂയോർക്ക്: ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഫലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ച നടപടി പിൻവലിക്കണമെന്ന് അമേരിക്കയോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് ഫലസ്തീൻ പ്രതിനിധി സംഘത്തിന് അമേരിക്ക യാത്രാനുമതി നിഷേധിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം പ്രവർത്തിക്കുന്ന രാജ്യമെന്ന നിലയിൽ പാലിക്കേണ്ട നിയമപരമായ ബാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് യു.എസിന്റെ ഈ നീക്കത്തിൽ യൂറോപ്യൻ യൂണിയൻ നയതന്ത്ര വിഭാഗം വിയോജിപ്പ് അറിയിച്ചത്.
യു.എൻ ആസ്ഥാന കരാറുകൾ പ്രകാരമുള്ള ഉത്തരവാദിത്തങ്ങൾ കണക്കിലെടുത്ത്, ഈ തീരുമാനം യു.എസ് പുനപരിശോധിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് അൻവർ എൽ അനൗനി വ്യക്തമാക്കി.
ഇതിനിടെ, വരാനിരിക്കുന്ന 81-ാമത് യു.എൻ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന് മുൻകൂട്ടി ചിത്രീകരിച്ച വീഡിയോ സന്ദേശം അയക്കാൻ യു.എൻ അനുമതി നൽകിയിരുന്നു. വോട്ടെടുപ്പിലൂടെയായിരുന്നു പൊതുസഭ ഈ തീരുമാനമെടുത്തത്.
ഇതിനു പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കൂടുതൽ രൂക്ഷമായത്. ഫലസ്തീൻ സംഘത്തിന് വിസ നിഷേധിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ പൂർണമായി പങ്കുചേരാനുള്ള അവരുടെ അവകാശത്തെ ഇല്ലാതാക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഫലസ്തീൻ അതോറിറ്റി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവയിലെ അംഗങ്ങൾക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും സ്ഥിരീകരിച്ചു. ഫലസ്തീൻ നേതൃത്വം ഭരണപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നില്ലെന്നും സമാധാന നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചാണ് അമേരിക്ക ഈ നടപടിയെ ന്യായീകരിച്ചത്.
ഇസ്രഈലുമായി നേരിട്ട് ചർച്ച നടത്തുന്നതിന് പകരം അന്താരാഷ്ട്ര അംഗീകാരം തേടുന്നതും അന്താരാഷ്ട്ര കോടതികളെ സമീപിക്കുന്നതും സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് യു.എസ് ആരോപിക്കുന്നത്. ഇസ്രഈൽ ജയിലിലടച്ച ഫലസ്തീനികളുടെ കുടുംബങ്ങൾക്ക് ഫലസ്തീൻ ഭരണകൂടം നൽകുന്ന സാമ്പത്തിക സഹായം വിസ നിഷേധിക്കാനുള്ള കാരണമായി യു.എസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗസയിലെ യുദ്ധക്കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, ഇസ്രഈൽ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്കുകളൊന്നും ഏർപ്പെടുത്താത്ത അമേരിക്കൻ സമീപനം ഇരട്ടത്താപ്പാണെന്ന വിമർശനവും ശക്തമാണ്.
യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ പൊതുസഭയിൽ നേരിട്ടെത്താൻ സാധിക്കില്ലെങ്കിലും, വീഡിയോ പ്രസംഗത്തിലൂടെ ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനാണ് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ തീരുമാനം.
കഴിഞ്ഞ വർഷം ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ പ്രമുഖ പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീന് ഔദ്യോഗിക അംഗീകാരം നൽകിയത് ഈ നീക്കങ്ങൾക്ക് വലിയ കരുത്തുപകരുന്നുണ്ട്.
ഗസയിലെ അതികഠിനമായ മാനുഷിക ദുരന്തം, വെസ്റ്റ് ബാങ്കിൽ വർധിച്ചുവരുന്ന അനധികൃത ഇസ്രഈലി കുടിയേറ്റങ്ങൾ, അവിടെ അരങ്ങേറുന്ന ആക്രമണങ്ങൾ എന്നിവയെല്ലാം അബ്ബാസ് തന്റെ പ്രസംഗത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടും.
യു.എൻ വാർഷിക സമ്മേളനത്തിൽ ഫലസ്തീന്റെ ശബ്ദം ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരായ വിജയമായാണ് അബ്ബാസിന് വീഡിയോ വഴി സംസാരിക്കാൻ അനുമതി നൽകിയ പ്രമേയത്തെ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.
ഇതിനിടെ, യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വളരെ കുറച്ച് ഇറാൻ ഉദ്യോഗസ്ഥർക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് ന്യൂയോർക്കിലെ മാൻഹട്ടൻ നഗരത്തിൽ സഞ്ചരിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ട്.
യു.എന്നിലെ ഇറാൻ ദൗത്യ സംഘാംഗങ്ങളോ ഒപ്പമുള്ള ഉദ്യോഗസ്ഥരോ ആഡംബര വസ്തുക്കൾ വാങ്ങുന്നതിനും മൊത്തവ്യാപാര സ്ഥാപനങ്ങളിൽ അംഗത്വം എടുക്കുന്നതിനുമുള്ള വിലക്ക് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘമാണ് അമേരിക്കയിലെത്തുകയെന്നാണ് വിവരം.
Content Highlight:EU Urges US to Grant Visas to Palestinian Representatives to Attend UN Conference.
