ഗസ സിറ്റി: ഗസ സിറ്റിയില്‍ മോട്ടോര്‍ സൈക്കിളിനെ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ഷെയ്ഖ് റദ്വാന്‍ മേഖലയിലാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. മോട്ടോര്‍സൈക്കിളിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാളുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇതിനിടെ ഗസയിലെ മധ്യഭാഗത്തുള്ള നുസൈറാത്ത്, അല്‍ ബുറൈജ് അഭയാര്‍ഥി ക്യാമ്പുകളിലും ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തു.

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന കൂടാരങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

2025 ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനിടയിലും ഗസയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രഈയേല്‍ ആക്രമണങ്ങളില്‍ ഗസയില്‍ കുറഞ്ഞത് 1,381 പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഈ ആഴ്ച ഗസ സിറ്റിയില്‍ ഇസ്രഈല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും 15 വയസുള്ള വിദ്യാര്‍ഥിയും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരെ സഹായിക്കാന്‍ എത്തിയ കുട്ടിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ട്.

ഗസയിലെ ആരോഗ്യസംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlights: Israeli airstrike targets motorcycle in Gaza: One killed; child critically injured.