വാഷിങ്ടണ്‍: വെറ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കുകയാണെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സി.എന്‍.എന്‍, പൊളിറ്റിക്കോ, എം.എസ് നൗ എന്നീ വാര്‍ത്താ ഏജന്‍സികളെ വൈറ്റ് ഹൗസില്‍ നിന്ന് നിരോധിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ കെട്ടുകഥകളും നുണകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് മാധ്യമങ്ങള്‍ക്കെതിരായ പ്രധാന ആരോപണം.
ഈ വാര്‍ത്താ ഏജന്‍സികളെ വൈറ്റ് ഹൗസില്‍ നിന്ന് നിരോധിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
തന്റെ ഭരണകൂടത്തിനെതിരെ നിരന്തരം വ്യാജവാര്‍ത്ത നല്‍കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുവെന്നുവെന്നുമാണ് ട്രംപിന്റെ പ്രധാന ആരോപണം. കാഴ്ചക്കാരില്ലാത്തതിനാലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാലുമാണ് എം.എസ്.എന്‍.ബിസി അടുത്തിടെ എം.എസ് നൗ എന്ന് പേരുമാറ്റിയതെന്നും അദ്ദേഹം പരിഹസിച്ചു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് പൊളിറ്റിക്കോയ്ക്ക് നിലനില്‍പ്പിനായി എട്ട് ദശലക്ഷം ഡോളറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സര്‍ക്കാര്‍ നല്‍കിയെന്നും ഇത് അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെയോ ഭരണകൂടത്തെയോ കുറിച്ച് നിരന്തരം നുണകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും മറ്റ് മാധ്യമങ്ങള്‍ക്കും സമാനമായ നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഈ മാധ്യമങ്ങളെ തന്റെ ഓഫിസില്‍ ആവശ്യമില്ലെന്നും അവര്‍ തിരുത്താന്‍ തയാറായാല്‍ വിലക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് തന്റെ പ്രഖ്യാപനത്തെ ന്യായീകരിച്ച് കൊണ്ട് പിന്നീട് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ ഭരണകൂടത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ബോധപൂര്‍വം നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
‘മരുന്നുകളുടെ വില 50 മുതല്‍ 70 ശതമാനം വരെ കുറച്ചതുള്‍പ്പെടെയുള്ള നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ തയാറാകുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഇത്തരം വാര്‍ത്തകളോടുള്ള മടുപ്പാണ് വിലക്കിന് കാരണം,’ ട്രംപ് പറഞ്ഞു.
ഏതെങ്കിലും ഒരു പ്രത്യേക വാര്‍ത്തയല്ല ഇതിന് പിന്നിലെന്നും രാജ്യത്തിന് സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ ട്രംപ് തന്റെ ഭരണനേട്ടങ്ങളും എടുത്തുപറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് കാണിച്ച് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
Content Highlight: Trump bans media from the White House, alleging a smear campaign against his administration.
